Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേടായ വൈദ്യുതി മീറ്റർ മാറ്റുന്നില്ല; നഷ്ടം കോടികൾ

electricity-meter

തിരുവനന്തപുരം∙ കേടായ മീറ്ററുകൾ മാറ്റാത്തതു മൂലം വൈദ്യുതി ബോർഡിനു കോടിക്കണക്കിനു രൂപയുടെ വരുമാന നഷ്ടം. കഴിഞ്ഞ അഞ്ചുമാസം കൊണ്ടു 105 കോടിയോളം രൂപയുടെ വരുമാനനഷ്ടം ഉണ്ടായെന്നാണ് അനൗദ്യോഗിക കണക്ക്. മീറ്റർ വാങ്ങുന്നതിലെ നൂലാമാലകളും നിർമാണ കമ്പനികൾ കേസ് കൊടുക്കുന്നതുംമൂലം യഥാസമയം മീറ്റർ വാങ്ങാൻ സാധിക്കാത്ത പ്രതിസന്ധിയിലാണു ബോർഡ്.

സംസ്ഥാനത്തെ 1.25 കോടി ഉപയോക്താക്കളിൽ 18 ലക്ഷത്തോളം പേരുടെ മീറ്റർ കേടാണെന്നു കണക്കാക്കുന്നു. വേനൽക്കാലത്തു വൈദ്യുതി ഉപയോഗം 20% വരെ വർധിക്കുമെങ്കിലും വൈദ്യുതി ഉപയോഗം കുറവായ മുൻ മാസങ്ങളിലെ ശരാശരി വച്ചാണ് ഈ ഉപയോക്താക്കൾക്കു ബിൽ നൽകുന്നത്. മീറ്റർ പ്രവർത്തിക്കാത്തതിനാൽ അധിക ഉപയോഗത്തിന്റെ പണം ഈടാക്കാൻ സാധിക്കുന്നില്ല. ദിവസം 70 ലക്ഷം രൂപയുടെ വൈദ്യുതി ഇങ്ങനെ ‌ബില്ലി‍ൽ ചേർക്കാതെ നൽകേണ്ടിവരുന്നു. അഞ്ചുമാസം കൊണ്ടു 105 കോടിയുടെ വരുമാന നഷ്ടം.

കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് ഉപയോക്താക്കൾക്കു മീറ്റർ നൽകേണ്ടതു ബോർഡിന്റെ ഉത്തരവാദിത്തമാണ്. മീറ്ററിന്റെ ശരാശരി ആയുസ്സ് 10 വർഷമായതിനാൽ ഓരോ മാസവും 80,000 മീറ്ററെങ്കിലും കേടാകും. മുമ്പ് എല്ലാ വർഷവും ബോർഡ് എട്ടു ലക്ഷം മുതൽ 12 ലക്ഷം വരെ മീറ്റർ വാങ്ങുമായിരുന്നു. അഞ്ചു മാസമായി മീറ്റർ ക്ഷാമം മൂലം കേടായ മീറ്റർ മാറ്റാൻ സാധിക്കുന്നില്ല.

പുതിയ കണക്‌ഷൻ വേണ്ടവർ സ്വന്തം നിലയിൽ മീറ്റർ വാങ്ങി സ്ഥാപിക്കുന്നുണ്ട്. എന്നാൽ പഴയ ഉപയോക്താക്കൾ കേടായ മീറ്റർ സ്വന്തം പണം കൊടുത്തു മാറ്റില്ല. മീറ്റർ വാങ്ങാൻ ടെൻഡർ ഉറപ്പിച്ചാലും മീറ്ററിന്റെ ഗുണനിലവാരം ബെംഗളൂരു സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ച് ഉറപ്പുവരുത്തിയാലേ വാങ്ങാനാവൂ. ഇതിനിടെ ടെൻഡർ നൽകുന്ന സ്വകാര്യ കമ്പനികൾ കേസ് കൊടുക്കുകയും തടസ്സം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. കമ്പനികളുടെ കുടിപ്പക പലപ്പോഴും ഉദ്യോഗസ്ഥർക്കെതിരെ ആരോപണമായി ഉയരും. ഈ പ്രശ്നങ്ങൾ മൂലം മീറ്റർ വാങ്ങുന്ന നടപടി ഇഴഞ്ഞാണു നീങ്ങുന്നതെന്നു ബോർഡ് അധികൃതർ സമ്മതിക്കുന്നു.ഈ മാസം അവസാനത്തോടെ 60,000 ത്രീഫേസ് മീറ്ററും അടുത്ത മാസം അവസാനം എട്ടു ലക്ഷം സിംഗിൾ ഫേസ് മീറ്ററും എത്തുമെന്നാണു പ്രതീക്ഷ.