Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉയര്‍ന്ന വിലയിലും തിളങ്ങി അക്ഷയ തൃതീയ

akshaya-trithiya-shopping അക്ഷയ ത‍ൃതീയ ‍ദിനമായ ഇന്നലെ കൊച്ചിയിലെ സ്വർണക്കടയിലെ ആഹ്ലാദനിമിഷങ്ങളിലൊന്ന്. ചിത്രം: മ‌നോരമ

കൊച്ചി ∙ അക്ഷയ തൃതീയ ദിവസം സംസ്ഥാനത്തു കഴിഞ്ഞ വർഷം ഇതേ ദിനം നടന്നതിനെക്കാൾ സ്വർണ വിൽപന നടന്നതായി ജ്വല്ലറി ഉടമകൾ. വർഷം മുഴുവൻ ഐശ്വര്യം ലഭിക്കുമെന്ന വിശ്വാസത്തിൽ സ്വർണം വാങ്ങാനെത്തിയവരുടെ തിരക്കായിരുന്നു കടകളിൽ. രാവിലെ ആറു മണി മുതൽ രാത്രി വൈകിയും സ്വർണക്കടകളിൽ വലിയ തിരക്കനുഭവപ്പെട്ടു.

മുൻകൂട്ടി സ്വർണം ബുക്ക് ചെയ്തവരും ഇന്നലെ സ്വർണം വാങ്ങാനെത്തി. അതേസമയം ഉയർന്ന സ്വർണവില ഉപയോക്താക്കളെ ബാധിച്ചതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്തറ പറഞ്ഞു. ചില ജില്ലകളിൽ ഇത്തവണ വിൽപന കുറയുകയും ചെയ്തു. കഴിഞ്ഞ വർഷത്തേക്കാൾ സ്വർണവിലയിൽ ഗ്രാമിന് 300 രൂപയുടെ വർധന ഇത്തവണയുണ്ട്. ഗ്രാമിന് 2900 രൂപയായിരുന്നു ഇന്നലത്തെ വില.

ഇത്തവണ 600 മുതൽ 900 കോടി രൂപയുടെ സ്വർണം ഉപയോക്താക്കൾ വാങ്ങിയതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷററും കേരളാ ജ്വല്ലേഴ്സ് അസോസിയേഷൻ സംസ്ഥാന കോ–ഓർഡിനേറ്ററുമായ എസ്. അബ്ദുൽ നാസർ പറഞ്ഞു. വലിയ ജ്വല്ലറി ഗ്രൂപ്പുകളുടെ ഔട്‌ലെറ്റുകളിൽ മാത്രമല്ല ചെറുകിട, ഇടത്തരം സ്വർണക്കടകളിലും മുൻ വർഷങ്ങളിലേതിനെക്കാൾ വിൽപന നടന്നതായും അദ്ദേഹം പറഞ്ഞു.

ഇത്തവണ ഓൺലൈൻ സ്വർണ വിൽപനയും കൂടി. ദേവീദേവൻമാരുടെ ചിത്രങ്ങൾ കൊത്തിയ, ഒരു ഗ്രാം മുതൽ ഒരു പവൻ വരെയുള്ള നാണയങ്ങൾക്കും മോതിരങ്ങൾക്കുമായിരുന്നു ഇത്തവണ ആവശ്യക്കാരേറിയതെന്നു ജ്വല്ലറി ഉടമകൾ പറയുന്നു. ലോക്കറ്റുകൾക്കും ചെറിയ തൂക്കമുള്ള മാലകൾക്കും വജ്രാഭരണങ്ങൾക്കും വിൽപന കൂടി.

കഴിഞ്ഞ അക്ഷയ തൃതീയയുമായി താരതമ്യം ചെയ്യുമ്പോൾ വിൽപന 25% ഉയർന്നതായി കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ വാങ്ങാനെത്തിയവരുടെയും വിവാഹ ആഭരണങ്ങൾ വാങ്ങാനെത്തിയവരുടെയും വൻ തിരക്ക് എല്ലാ ഷോപ്പുകളിലും അനുഭവപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

15 ശതമാനത്തിലധികം വിൽപന ഉയർന്നതായി ചുങ്കത്ത് ജ്വല്ലറി മാനേജിങ് ഡയറക്ടർ രാജീവ് പോൾ പറഞ്ഞു. 25% വർധന ഇത്തവണയുണ്ടായെന്നു ഗിരിപൈ ജ്വല്ലറി മാനേജിങ് ഡയറക്ടർ രമേശ് എസ്. പൈയും പറഞ്ഞു.