Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനയാത്ര, ഇന്ത്യ ഉയരങ്ങളിൽ

AIRCRAFT-M&A/

കഴിഞ്ഞ സാമ്പത്തികവർഷവും മികച്ച വളർച്ച നേടി ലോക വ്യോമയാന മേഖലയുടെ തലപ്പത്തെത്താനുള്ള ഇന്ത്യയുടെ കുതിപ്പു തുടരുന്നു. ലോകത്തെ തന്നെ മികച്ച വളർച്ചയാണ് കഴിഞ്ഞ സാമ്പത്തികവർഷം വ്യോമയാന മേഖലയിൽ രാജ്യം നേടിയത്– 18.5%. ശരാശരി 15.8 ശതമാനം നിരക്കിലാണ് രാജ്യത്തെ വ്യോമയാന മേഖലയുടെ വർഷം തോറുമുള്ള വളർച്ച. 

30 കോടി യാത്രക്കാരാണ് ഇക്കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്ത് വിമാനയാത്ര നടത്തിയത്. രാജ്യത്തെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലെ വർധന 22 ശതമാനമാണ്. തൊട്ടു മുൻപുള്ള വർഷം ഇത് 21.24 ശതമാനമായിരുന്നു. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിലെ വർധന 8.33 ശതമാനമാണ്. മുൻവർഷം ഇത് 7.72 ശതമാനമായിരുന്നു. 2020ഓടെ ഇന്ത്യയിലെ വിമാന യാത്രക്കാരുടെ എണ്ണം 37 കോടിയായി ഉയരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഏതാണ്ട് 550 വാണിജ്യ യാത്രാ വിമാനങ്ങൾ നിലവിൽ  രാജ്യത്ത് സർവീസ് നടത്തുന്നുണ്ട്. 

അടുത്ത പതിനഞ്ചു വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വ്യോമയാന വിപണിയായി ഇന്ത്യ വളരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. രാജ്യാന്തര വ്യോമഗതാഗത സംഘടനയായ അയാട്ടയുടെ കണക്കുകൾ പ്രകാരം 2015ൽ ഇന്ത്യ ബ്രിട്ടനെ പിൻതള്ളി മൂന്നാം സ്ഥാനത്തെത്തും. 

2000 മുതൽ ഇതു വരെയുള്ള കാലയളവിൽ ഏതാണ്ട് 1060 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഇന്ത്യൻ വ്യോമയാന മേഖലയിൽ ഉണ്ടായിട്ടുള്ളത്. അടുത്ത പത്തു വർഷത്തിനുള്ളിൽ 1,65,512 കോടി രൂപയുടെ നിക്ഷേപം ഇന്ത്യൻ വ്യോമയാന മേഖലയിലുണ്ടാകുമെന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്. പ്രതിവർഷം 13 ശതമാനത്തിലേറെ യാത്രക്കാരുടെ എണ്ണവും വർധിക്കുമെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്തെ വിമാന, റെയിൽ യാത്രക്കാരുടെ എണ്ണത്തിന്റെ അനുപാതം നിലവിലുള്ള 892ൽ നിന്നു വർധിച്ച് 2017 ആകുമ്പോഴേക്കും 1585 ആകും. 

വിമാനത്താവളങ്ങളുടെ വികസനത്തിന് അടുത്ത പത്തു വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഏതാണ്ട് 65000 കോടി രൂപ ചെലവഴിക്കും. ഇതിൽ 17500 കോടി രൂപ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അടുത്ത അ‍ഞ്ചു വർഷത്തിനുള്ളിൽത്തന്നെ ചെലവഴിക്കും. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ സ്വകാര്യ വിമാനത്താവളങ്ങളുടെ വികസനത്തിനായി 22000 കോടി രൂപ ചെലവഴിക്കും. 25500 കോടി രൂപ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾക്കുമായി ചെലവഴിക്കും. 

ഈ വർഷത്തെ ബജറ്റിൽ വ്യോമയാന മേഖലയ്ക്ക് പദ്ധതി വിഹിതം 6603 കോടി രൂപയാണ്. 17000 കോടി രൂപ ചെലവിലാണ് മുംബൈയിലെ പുതിയ വിമാനത്താവളം. ആദ്യഘട്ടം അടുത്ത വർഷം പൂർത്തിയാകും. ഉഡാൻ പദ്ധതി പ്രകാരം 325 പുതിയ റൂട്ടുകളാണ് വ്യോമഗതാഗതത്തിനായി തുറന്നു കൊടുക്കുന്നത്. രാജ്യത്ത് 17 ഹൈവേയ്സ് കം എയർസ്ട്രിപ് പദ്ധതികൾ പരിഗണനയിലുണ്ട്. റോഡുകളുടെ വീതി എയർസ്ട്രിപ്പുകൾക്കായി  ഇരട്ടിയാക്കുകയും വിമാനങ്ങളിറങ്ങുകയും പുറപ്പെടുകയും ചെയ്യുന്ന സമയത്ത് റോഡ് അടച്ചിടുന്നതുമാണ് പദ്ധതി. ‌

അടുത്ത 20 വർഷത്തിനുള്ളിൽ രാജ്യത്തെ വിമാനക്കമ്പനികൾ 2100 പുതിയ വിമാനങ്ങൾ വാങ്ങുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത് ഏതാണ്ട് 19 ലക്ഷം കോടി രൂപയുടെ ഇടപാടാണ്. പൂർണ്ണമായും ഡിജിറ്റൽ ചെക്ഇൻ, വിമാനങ്ങളിൽ മുഴുവൻ സമയവും വൈഫൈ തുടങ്ങി അനുബന്ധ മാറ്റങ്ങളുമെല്ലാം വ്യോമയാന വളർച്ചയ്ക്ക് കരുത്തേകും. 

വിദേശികൾക്ക് വിമാനത്താവളത്തിൽ വീസ സേവനം

നെടുമ്പാശേരി ∙ രാജ്യത്തെ എട്ടു രാജ്യാന്തര വിമാനത്താവളങ്ങളിൽക്കൂടി ഇ–എഫ്ആർആർ (ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ) ഓഫിസ് നിലവിൽ വന്നു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളും ഇതിലുൾപ്പെടും.

രാജ്യം സന്ദർശിക്കുന്ന വിദേശികൾക്ക് ആവശ്യമായ സേവനങ്ങളാണ് ഫോറിനേഴ്സ് റജിസ്ട്രേഷൻ ഓഫിസിൽ നിന്നും ലഭിക്കുന്നത്. ഇപ്പോൾ സേവനം ഓൺലൈൻ ആയതോടെ ഇവർക്ക് എഫ്ആർആർ ഓഫിസിലേക്കു പോകാതെ തന്നെ വീസ, ഇമിഗ്രേഷൻ സേവനങ്ങൾ ലഭ്യമാകും. 

ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കുന്നവർക്കു വിസ കാലാവധി നീട്ടുന്നതിനുള്ള അനുമതിയും മറ്റും റജിസ്റ്റർ ചെയ്യുന്ന വിലാസത്തിൽ പോസ്റ്റു ചെയ്തു കൊടുക്കും. ഇത് പാസ്പോർട്ടിൽ രേഖപ്പെടുത്തുന്ന രീതിയും ഉപേക്ഷിച്ചു. 

റജിസ്ട്രേഷൻ, വിസ, ഇമിഗ്രേഷൻ തുടങ്ങിയ 27 ഇനം സേവനങ്ങളാണ് ഇ–എഫ്ആർആർ ഓഫിസുകളിൽ നിന്നും ലഭിക്കുക.

മലയാളിക്കിഷ്ടം ദുബായ്, ബാങ്കോക്ക്, സിംഗപ്പൂർ

കേരളത്തിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഏറ്റവും പ്രിയം ദുബായ്, ബാങ്കോക്ക്, സിംഗപ്പൂർ എന്നീ വിദേശ നഗരങ്ങൾ.  മലയാളികളുടെ യാത്രാഭിരുചികൾ അറിയാൻ  ആഗോള ട്രാവൽ ബുക്കിങ് പോർട്ടലായ  ബുക്കിങ്. കോം നടത്തിയതാണ്  ഈ സർവേ.  ജനുവരി മുതൽ മാർച്ച് വരെയുള്ള ഈ വർഷത്തെ ആദ്യ പാദത്തെ ബുക്കിങ്ങുകളെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തൽ.

2017 ന്റെ ആദ്യപാദത്തിൽ കേരളത്തിൽനിന്നു സഞ്ചാരികളുടെ ഒഴുക്ക് ഫ്രാങ്ക്ഫർട്, ലണ്ടൻ, സൗത്ത്  പട്ടായ തുടങ്ങിയ വിദേശ നഗരങ്ങളിലേക്കായിരുന്നു. എന്നാൽ  ഇത്തവണ അത് മിഡിൽ ഈസ്റ്റ്, തെക്കു കിഴക്കൻ രാജ്യങ്ങളായ ദുബായ്, ബാങ്കോക്ക്, സിംഗപ്പൂർ എന്നിവടങ്ങളിലേക്കാണ്.  ഈ ലക്ഷ്യ സ്ഥാനങ്ങളിലേക്കാണ് കേരളത്തിൽ നിന്നുമുള്ള വിദേശ  സഞ്ചാരികളുടെ ഭൂരിപക്ഷം ബുക്കിങ്ങുകളും. കൊളംബോ, കോലാലംപൂർ തുടങ്ങിയ വിദേശനഗരങ്ങളും തൊട്ടുപിന്നിലായി സ്ഥാനം പിടിച്ചിട്ടുണ്ട്. 

ദോഹയും ശ്രീലങ്കൻ ടൂറിസ്റ്റു കേന്ദ്രങ്ങളായ കടുനായക, നെഗോമ്പോ തുടങ്ങിയ കേന്ദ്രങ്ങളിലേക്കും മലയാളികൾ വൻതോതിൽ യാത്ര ചെയ്യുന്നുണ്ട്.

കേരളത്തിൽനിന്നു പ്രാദേശികമായി യാത്ര ചെയ്യുന്ന സഞ്ചാരികൾ കഴിഞ്ഞ വർഷം കൂടുതൽ യാത്രചെയ്തിരുന്നത്  മുംബൈയിലേക്ക്  ആയിരുന്നു. എന്നാൽ 2018ൽ അത് ഗുരുവായൂരും കോഴിക്കോടും ആയിമാറി. കൊച്ചിയും തിരുവനന്തപുരവും സഞ്ചാരികളുടെ പ്രദേശിക ലക്ഷ്യസ്ഥാനങ്ങളിൽ മുൻപന്തിയിൽ ആണ്.

ആംസ്റ്റർഡാമിൽ സ്റ്റാർട്ടപ് സംരംഭമായി തുടങ്ങിയ ബുക്കിങ്.കോം ഇപ്പോൾ ആഗോളതലത്തിൽ തന്നെ പ്രമുഖ ട്രാവൽ ഇ കോമേഴ്സ് കമ്പനിയാണ്.

∙വർഗീസ് മേനാച്ചേരി.