Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്പർ ലേലം: ആർടി ഓഫിസ് നേടിയത് ഒന്നരക്കോടി

മോഹിച്ച നമ്പർ ഇഷ്ട വാഹനത്തിനു കിട്ടാനായി നെട്ടോട്ടമോടുന്നവർ കഴിഞ്ഞ സാമ്പത്തിക വർഷം എറണാകുളം ആർടി ഓഫിസിനു നേടി കൊടുത്തത് 1.48 കോടി രൂപ. 

സിനിമാ താരങ്ങളും കായിക താരങ്ങളും ബിസിനസുകാരും മുതൽ സാധാരണക്കാരൻ വരെ നമ്പറിനോടു പ്രണയം മൂത്തു ലേലത്തിനെത്തിയപ്പോഴാണ് ആർടി ഓഫിസിലെ നമ്പർ വിൽപന ലാഭകരമായത്. ലക്ഷങ്ങൾ മുടക്കിയാണു പലരും ഇഷ്ട നമ്പർ സ്വന്തമാക്കിയത്. നമ്പർ അടിച്ചെടുക്കാനായി ആർടി ഓഫിസിലെ ലേലത്തിൽ വമ്പൻമാർ തമ്മിൽ കൊമ്പു കോർക്കുന്നതു പതിവു സംഭവം. രണ്ടു മാസം മുൻപ് ലേലത്തിലെ പോർവിളി മൂത്തപ്പോൾ കുഴഞ്ഞു വീണ ജോ. ആർടിഒയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. 

ഏതു സീരീസ് വന്നാലും ഒന്നാം നമ്പറിനാണ് ആവശ്യക്കാർ ഏറെ. എത്ര പണം വേണമെങ്കിലും മുടക്കാൻ ശേഷിയുള്ളവർ ഒന്നാം നമ്പർ റിസർവ് ചെയ്യുമ്പോൾ ലേലം വൻ തുകകളിലേക്ക് ഉയരുന്നതു സ്വാഭാവികം. കെഎൽ–7–സിഎം ഒന്നിനു വേണ്ടിയായിരുന്നു ഏറ്റവും ഒടുവിൽ ലേലം നടന്നത്. വാശിയേറിയ ലേലം വിളിക്കൊടുവിൽ നടൻ പൃഥ്വിരാജ് ഏഴു ലക്ഷം രൂപ മുടക്കി ഇതു സ്വന്തമാക്കി. ആഡംബര കാറായ ലംബോർഗിനിക്കു മോഹിച്ച നമ്പർ പതിക്കാനാണു പൃഥ്വി ലക്ഷങ്ങൾ മുടക്കിയത്. ഒരു ലക്ഷം രൂപയാണ് ഒന്നാം നമ്പറിനു മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ചിരിക്കുന്ന ഫീസ്. 

ഇത് ഒന്നിലധികം പേർ അടയ്ക്കുമ്പോഴാണു ലേലത്തിൽ കലാശിക്കുന്നത്. ഫീസിൽ രണ്ടാം സ്ഥാനം 777, 999, 3333, 4444, 5000, 5555, 7777, 9999 എന്നീ നമ്പറുകൾക്കാണ്. ഇവ റിസർവ് ചെയ്യാൻ 50,000 രൂപ ഫീസ് അടയ്ക്കണം. 25,000 രൂപ ഫീസ് നിശ്ചയിച്ചിട്ടുള്ള 22 നമ്പറുകളുണ്ട്. 5, 7, 9, 333, 786, 1000, 1111, 1818, 2727, 3000, 3636, 4545, 5005, 5050, 6666, 7000, 7007, 8181, 8888, 9000, 9009, 9090 എന്നിവയാണിത്. 2, 3, 11, 99, 100, 111 തുടങ്ങിയ 25 നമ്പറുകൾക്ക് 10,000 രൂപ ഫീസ് അടച്ചാൽ മതി. 18 നമ്പറുകൾക്ക് 5,000 രൂപ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. മറ്റേതെങ്കിലും നമ്പർ റിസർവ് ചെയ്യണമെങ്കിൽ 3,000 രൂപ അടച്ചാൽ മതി. 

ഫീസ് അടച്ചിട്ടും ഇഷ്ട നമ്പർ കിട്ടാതെ നിരാശരാകുന്നവർക്കു ഫീസ് മടക്കി വാങ്ങാൻ ചട്ടമുണ്ട്. പകുതിയോളം പേർ ഇതിനു തുനിയാറില്ലെന്നു മാത്രം. പണം മടക്കി വാങ്ങാനുള്ളവരിൽ കൂടുതൽ പേരും ചെറിയ തുകകൾ ഫീസ് അടച്ചവരാണ്. ഈ ഇനത്തിൽ എട്ടു ലക്ഷത്തോളം രൂപ അവകാശികളെ കാത്തു ട്രഷറിയിൽ കിടപ്പുണ്ട്. ഒന്നിലധികം പേർ ഒരേ നമ്പറിനായി പണം അടയ്ക്കുമ്പോൾ ലേലം ചെയ്യുകയാണ് പതിവ്. ലേലത്തിൽ പങ്കെടുക്കുന്നവർക്കു നമ്പർ കിട്ടിയില്ലെങ്കിൽ ഫീസ് മടക്കി കൊടുക്കണമെന്നാണ് ചട്ടം. ആർടിഒ ഓഫിസിലും ട്രഷറിയിലും കയറി ഇറങ്ങേണ്ടി വരുമെന്നതിനാലാണത്രെ നമ്പർ കിട്ടാത്തവരിൽ പലരും ഫീസ് മടക്കി വാങ്ങാൻ തുനിയാത്തത്. വൻ തുക ഫീസ് അടയ്ക്കുന്നവർ പണം തിരികെ വാങ്ങാറുണ്ട്. 

പലപ്പോഴും ഇഷ്ടനമ്പറിനായി പണം മുടക്കുന്നതു വമ്പൻമാരായതിനാലാകണം ഇതു തിരികെ വാങ്ങാൻ കൂട്ടാക്കാത്തതെന്നാണ് ആർടിഒ അധികൃതരുടെ വിലയിരുത്തൽ. പണം അടച്ചവർ നമ്പർ ലേലത്തിൽ സന്നിഹിതരായിട്ടില്ലെങ്കിൽ പണം തിരികെ ലഭിക്കില്ല. അപേക്ഷകനോ ചുമതലപ്പെടുത്തുന്ന വ്യക്തിയോ ലേലത്തിൽ പങ്കെടുത്താൽ മാത്രമേ ഫീസ് തിരികെ നൽകുകയുള്ളൂ. ഇപ്പോൾ പണം മടക്കി നൽകുന്ന നടപടി ലഘൂകരിച്ചിട്ടുണ്ട്. ട്രഷറിയിൽ കയറി ഇറങ്ങാതെ തന്നെ ബാങ്ക് അക്കൗണ്ടിൽ പണം ലഭിക്കും വിധമാണ് ക്രമീകരണം. ലേലത്തിൽ പങ്കെടുത്തിട്ടും നമ്പർ കിട്ടാത്തവർക്കു ഫീസ് തിരികെ ലഭിക്കാൻ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഉൾപ്പെടുത്തിയുള്ള അപേക്ഷ സമർപ്പിച്ചാൽ മതി. 

∙ ബാബു പല്ലച്ചി