Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷിക്ക് കർഷകന്റെ വൈദ്യുതി

solar-panel

പാലക്കാട് ∙ കൃഷിക്കുള്ള വൈദ്യുതി ഇനി കർഷകൻ സ്വയം ഉൽപാദിപ്പിക്കും. സൗരേ‍ാർജ പാനൽ വഴി കർഷകർ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനു കെഎസ്ഇബിയുടെ സഹകരണത്തേ‍ാടെ അനെർട്ട് നടപടി ആരംഭിച്ചു. ആവശ്യം കഴിഞ്ഞു ബാക്കിയുള്ള വൈദ്യുതി കെഎസ്ഇബി വാങ്ങും. ആദ്യഘട്ടത്തിൽ ചിറ്റൂർ താലൂക്കിലെ വടകരപ്പതി, എരുത്തമ്പതി പഞ്ചായത്തുകളിൽ 100 കർഷകരുടെ സ്ഥലത്ത് പദ്ധതി നടപ്പാക്കും. അടുത്ത സീസണിൽ ഇടുക്കി, വയനാട് ജില്ലകളിലും വ്യാപിപ്പിക്കും. നെൽകൃഷിക്കു നേരത്തേ മുതൽ വൈദ്യുതി സൗജന്യമാണ്.

നാണ്യവിള കൃഷിക്കു 1998 മുതൽ ‍സബ്സിഡി നിരക്കിൽ വൈദ്യുതി നൽകുന്നു. അഞ്ചേക്കർ വരെ കൃഷിയുള്ളവർക്കാണ് ഈ ആനുകൂല്യമെങ്കിലും അതിൽ കൂടുതൽ സ്ഥലമുള്ളവരും കാർഷികേതര ആവശ്യങ്ങൾക്കും ആനുകൂല്യം ദുരുപയേ‍ാഗപ്പെടുത്തുന്നതായി വ്യാപക പരാതിയുണ്ട്. വൈദ്യുതി സബ്സിഡി ഇനത്തിൽ വർഷം 150 കേ‍ാടിയിലധികം രൂപയാണ് കൃഷിവകുപ്പ് കെഎസ്ഇബിക്കു നൽകുന്നത്.

അഞ്ച് എച്ച്പി മേ‍ാട്ടോർ പ്രവർത്തിപ്പിക്കാനുള്ള സൗരോർജ പദ്ധതിക്ക് അഞ്ചു ലക്ഷം രൂപയാണു ചെലവ്. മുടക്കു മുതലിൽ 30% വീതം കേന്ദ്ര–സംസ്ഥാന സർക്കാർ സബ്സിഡി ലഭിക്കും. ബാക്കി സർക്കാർ മുഖേന സബ്സിഡി നിരക്കിൽ വായ്പ  ലഭ്യമാക്കാനാണു നീക്കം. വിളകളുടെ വിലക്കുറവും നാശവും കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കർഷകർക്കു കൂടുതൽ  വരുമാനം ലഭിക്കുന്ന പദ്ധതി ആശ്വാസമാകുമെന്നാണു പ്രതീക്ഷ. 

യൂണിറ്റിന് 6 രൂപ കർഷകന്

ഉൽപാദിപ്പിക്കുന്ന വൈദ്യുതിയിൽ, അധികമുള്ളത് യൂണിറ്റിന് ആറു രൂപയ്ക്കു കർഷകരിൽ നിന്നു കെഎസ്ഇബി വാങ്ങും. ആറു രൂപയിൽ നാലു രൂപ വായ്പയുടെ ഗഡുവായി പിടിക്കും. രണ്ടു രൂപ കർഷകനു ലഭിക്കും. ഗുജറാത്ത്, കർണാടക സർക്കാർ കാർഷികമേഖലയിൽ നടപ്പാക്കിയ സൗരേ‍‍ാർജ വൈദ്യുത പദ്ധതി  വൻവിജയമാണെന്നു പദ്ധതി നടത്തിപ്പ് അംഗം കെ. കൃഷ്ണൻകുട്ടി എംഎൽഎ പറഞ്ഞു.