Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ ആദ്യ ലോറ ശൃംഖലയ്ക്ക് ഇന്ന് ടെക്നോപാർക്കിൽ തുടക്കം

തിരുവനന്തപുരം∙ ഇന്റർനെറ്റ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ സാങ്കേതികവിദ്യയായ ഇന്റർനെറ്റ് ഓഫ് തിങ്സിനു (ഐഒടി) വേണ്ടി സർക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്ഥാപനമായ ഐസിഫോസ് സജ്ജമാക്കിയ കുറഞ്ഞ ഊർജത്തിൽ പ്രവർത്തിക്കുന്ന ‘ലോറ’ ശൃംഖലയ്ക്ക് ഇന്നു ടെക്നോപാർക്കിൽ തുടക്കമിടും. ഇന്റർനെറ്റ് ഓഫ് തിങ്സ് ഭാവിയിൽ വ്യാപകമാകുമ്പോൾ അതിനുവേണ്ടി ഉപയോഗിക്കാവുന്ന ചെലവുകുറഞ്ഞതും കൂടുതൽ ദൂരപരിധി കിട്ടുന്നതും അതേസമയം സുരക്ഷിതവുമായ ആശയവിനിമയ ശൃംഖലയാണു ലോറ.

കേരളത്തിൽ ആദ്യമായാണു ലോറ നെറ്റ്‍വർക്ക് എന്ന പേരിലുള്ള ഈ പൊതുശൃംഖല പ്രാബല്യത്തിൽ വരുന്നത്. ഇന്നു വൈകിട്ട് മൂന്നിന് ഐടി സെക്രട്ടറി എം.ശിവശങ്കർ ഉദ്ഘാടനം ചെയ്യും. 'ദ തിങ്സ് നെറ്റ്‍വർക്ക്' (ടിടിഎൻ) എന്ന സംഘടനയുടെ തിരുവനന്തപുരം ശാഖയുടെ ഉദ്ഘാടനവും നടത്തും. ലോറ ശൃംഖലയെക്കുറിച്ചും അതു നൽകുന്ന അവസരങ്ങൾ, സാധ്യതകൾ എന്നിവയെക്കുറിച്ചുമുള്ള  സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.

ടെക്നോപാർക്കിന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന ഈ ശൃംഖല ലോറ വാൻ എന്ന സാങ്കേതികവിദ്യയിലിഷ്ഠിതമാണ്. ശൃംഖലയിലെ സെൻസർ നോഡുകൾക്കു വളരെ കുറഞ്ഞ ഊർജമുപയോഗിച്ചു പ്രവർത്തിക്കാനാവും. അതുകൊണ്ടുതന്നെ പത്തുവർഷത്തോളം ബാറ്ററി മാറ്റേണ്ടിവരില്ല. ശൃംഖലയ്ക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്ന ലോറ ഗേറ്റ്‍വേകൾ സർക്കാർ അനുവദനീയമായ സ്വതന്ത്ര റേഡിയോ ഫ്രീക്വൻസിയിലാണു പ്രവർത്തിക്കുന്നത്. ലോകത്തിലെ അഞ്ഞൂറോളം കമ്പനികൾ ചേർന്നു രൂപം നൽകിയ സ്വതന്ത്ര ലോറ കൂട്ടായ്മയാണു കുറഞ്ഞ ഊർജത്തിൽ പ്രവർത്തിപ്പിക്കാവുന്ന വൈഡ് ഏരിയ ശൃംഖലകൾ സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത്.