Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം നികുതി കുറയ്ക്കില്ല; ഇന്ധനവും ജിഎസ്ടിക്കു കീഴിലാക്കട്ടെ: ഐസക്

Thomas Issac

തിരുവനന്തപുരം∙ സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ, പെട്രോളും ഡീസലും ജിഎസ്ടിക്കു കീഴിലാക്കുന്നതിൽ എതിർപ്പില്ലെന്നും മന്ത്രി തോമസ് ഐസക്. 6000 കോടി രൂപയാണ് ഇന്ധന നികുതിയായി ഒരു വർഷം സംസ്ഥാനത്തിനു ലഭിക്കുന്നത്. ജിഎസ്ടി ബാധകമാക്കിയാൽ ഇത് 2000 കോടി രൂപയായി കുറയും. നഷ്ടപ്പെടുന്ന 4000 കോടി രൂപ കേന്ദ്രം തരുമെന്ന് ഉറപ്പു നൽകിയാൽ ജിഎസ്ടി നടപ്പാക്കുന്നതിനെ എതിർക്കില്ല. നികുതി കുറയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ട് വഴങ്ങാത്തവരിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുമുണ്ട്. 

ഓരോ വർഷവും നികുതി വരുമാനത്തിൽ 14% വർധനയുണ്ടായില്ലെങ്കിൽ അത്രയും തുക കേന്ദ്രം തരുമെന്നാണു ജിഎസ്ടി നടപ്പാക്കിയപ്പോഴുള്ള ഉറപ്പ്. അത് ഇന്ധനത്തിന്റെ കാര്യത്തിലും വേണം. ജിഎസ്ടി നടപ്പാക്കിയാൽ കേന്ദ്രത്തിനും നികുതി വരുമാനം കുറയുമെങ്കിലും നോട്ട് അച്ചടിച്ചു പരിഹാരം കാണാം. സംസ്ഥാനങ്ങൾക്ക് അതു പറ്റില്ല. ഇപ്പോൾ പെട്രോളിനു കേരളം പിരിക്കുന്ന 25% നികുതി ജിഎസ്ടി വന്നാൽ ഒൻപതോ പതിനാലോ ശതമാനമായി കുറയും. പെട്രോളിൽ നിന്നും മദ്യത്തിൽ നിന്നുമുള്ള നികുതി വരുമാനം ഇല്ലാതായാൽ കേരളത്തിൽ ഭരണം നടത്താൻ കഴിയില്ല. 

എക്സൈസ് നികുതി 200% മുതൽ 300% വരെ കേന്ദ്രം വർധിപ്പിച്ചതാണ് ഇപ്പോഴുള്ള വിലക്കയറ്റത്തിനു കാരണം. പെട്രോൾ ലീറ്ററിന് 14 രൂപയുണ്ടായിരുന്ന നികുതി 21 രൂപയാക്കി കേന്ദ്രം കൂട്ടി. ക്രൂഡ് ഓയിൽ വില കുറഞ്ഞുകൊണ്ടിരുന്നതിനാലാണ് അവർ നികുതി കൂട്ടിയത്. എന്നാൽ ക്രൂഡ് ഓയിൽ വില കൂടിപ്പോൾ നികുതി കുറച്ചില്ല. ക്രൂഡ് ഓയിൽ വില കൂടിയതു കാരണം കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ അവരോട് വില കൂട്ടിക്കൊള്ളാൻ പറഞ്ഞിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇൗ നയം തിരുത്തിയല്ലാതെ രാജ്യത്ത് ഇന്ധനവില കുറയില്ലെന്നും ഐസക് പറഞ്ഞു.‌

related stories