Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈൻ മരുന്നു വ്യാപാരം: കേരളത്തിന് ടെൻഷൻ

medicine-kerala

കൊച്ചി ∙ ഓൺലൈൻ മരുന്നു വ്യാപാരത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ പരിശ്രമങ്ങൾ തുടങ്ങിയെങ്കിലും സംസ്ഥാനത്തിന്റെ ആശങ്കകൾ ഒഴിയുന്നില്ല. ആന്റിബയോട്ടിക്കുകൾ, ഗർഭച്ഛിദ്ര മരുന്നുകൾ, ലൈംഗിക ഉത്തേജകങ്ങൾ, ക്ഷയരോഗത്തിനുള്ള മരുന്നുകൾ എന്നിവ ഇ–ഫാർമസികൾ വഴി വിതരണം ചെയ്യാൻ അനുവദിക്കുന്നതു ഭാവിയിൽ ദോഷം ചെയ്യുമെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ അധികൃതർ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചു. മയക്കുമരുന്നുകളും മനഃക്ഷോഭത്തിനുള്ള മരുന്നുകളും ഇ–ഫാർമസികൾ വഴി വിതരണം ചെയ്യുന്നതു വിലക്കിയത് സ്വാഗതാർഹമാണെന്നും സംസ്ഥാനം അറിയിച്ചിട്ടുണ്ട്. 

രണ്ടു വർഷം മുൻപാണ് ഓ‍ൺലൈൻ മരുന്നു വ്യാപാരത്തിനു കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഇതിനു മാർഗനിർദേശങ്ങൾ നിശ്ചയിച്ചിരുന്നില്ല. ഐടി ആക്ട്, ഡ്രഗ്സ് ആൻഡ് കോസ്മറ്റിക് ആക്ട്, ഫാർമസി ആക്ട് എന്നിവയ്ക്കു വിധേയമായി മരുന്നു വ്യാപാരം നടത്താനായിരുന്നു അനുമതി. ഇതു വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ തെളിവുകൾ മുംബൈ കെമിസ്റ്റ് അസോസിയേഷൻ ഹാജരാക്കിയതോടെയാണ് വ്യാപാരത്തിനു നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം തുനിഞ്ഞത്. ഓൺലൈൻ വ്യാപാരത്തിലൂടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞതു ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകളും ലൈംഗിക ഉത്തേജകങ്ങളും മയക്കുമരുന്നുകളുമാണെന്നതിന്റെ തെളിവുകളാണ് മുംബൈ കെമിസ്റ്റ് അസോസിയേഷൻ നൽകിയത്. 

ഇതോടെയാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനായി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിക്കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചത്.ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം വർധിപ്പിക്കാൻ ഓൺലൈൻ വ്യാപാരം ഇടയാക്കുമെന്നാണു കേരളത്തിന്റെ വിലയിരുത്തൽ. വീട്ടുപടിക്കൽ ആന്റിബയോട്ടിക്കുകൾ ലഭ്യമാക്കുമ്പോൾ ചെറിയ രോഗങ്ങൾക്കു പോലും അത് ഉപയോഗിക്കുന്ന സ്ഥിതിയുണ്ടാവുമെന്ന നിലപാടിലാണ് കേരളം. ഗർഭച്ഛിദ്ര മരുന്നുകളും ലൈംഗിക ഉത്തേജകങ്ങളും ‘സ്വകാര്യ’ മായി ലഭിക്കുന്നത് അപകടമാണ്. രണ്ടു വർഷത്തിനുള്ളിൽ ക്ഷയരോഗം തുടച്ചു നീക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്കും നയം വിഘാതമാവും. 

അമ്പതിനായിരം രൂപ ഉണ്ടെങ്കിൽ ആർക്കും ഇ–ഫാർമസി നടത്താം എന്നതാണ് സ്ഥിതി. കേരളത്തിൽ ഓൺലൈൻ വ്യാപാര കേന്ദ്രങ്ങളൊന്നും റജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാ‍ൽ സംസ്ഥാന സർക്കാരിന് നിയന്ത്രണം ഉണ്ടാവില്ല. ഓൺലൈനിലൂടെ മരുന്നു സംഭരിച്ചു വിൽക്കുന്നതു കൂടുതൽ ലാഭമുള്ള വ്യവസായമാകുമ്പോൾ ചെറുകിട കച്ചവടക്കാർക്കും ഈ സമ്പ്രദായത്തോട് എതിർപ്പുണ്ടാവില്ലെന്നാണ് സൂചന. 

കേരളം എന്ന മരുന്നുവിപണി

1,10,000 കോടിയുടേതാണ് ഇന്ത്യയിലെ മരുന്നു വിപണി. മൂന്നര കോടിയിൽ താഴെ മാത്രം ജനസംഖ്യയുള്ള കേരളത്തിന്റേതാണ് ഇതിലെ പ്രധാന വിഹിതം, 18%. ഇന്ത്യയിൽ ഒരാൾ പ്രതിവർഷം 500 രൂപയുടെ മാത്രം മരുന്ന് ഉപയോഗിക്കുമ്പോൾ മലയാളിക്കു ശരാശരി 4000 രൂപയുടെ മരുന്നു വേണ്ടിവരുന്നു.

related stories