Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെലികോം തർക്ക പരിഹാരം: ഓംബുഡ്സ്മാൻ വരും

Telecom-Sector-Youth

പാലക്കാട് ∙ ഫോണിനെക്കുറിച്ചുള്ള പരാതികൾക്കു പരിഹാരം തേടി ഇനി സേവന ദാതാക്കൾക്കു മുന്നിൽ കാത്തുനിൽക്കേണ്ടതില്ല. ടെലികോമിനു മാത്രമായി ഓംബുഡ്സ്മാൻമാരെ നിയമിക്കണമെന്ന ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) ശുപാർശ വാർത്താവിനിമയ മന്ത്രാലയം അംഗീകരിച്ചു. ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും ഓംബുഡ്സ്മാൻമാരെ നിയമിക്കണമെന്നാണു ശുപാർശ.

ഓംബുഡ്സ്മാൻ നിയമനത്തിനു ട്രായിയെ അധികാരപ്പെടുത്തുന്ന തരത്തിൽ നിയമ ഭേദഗതിക്കൊരുങ്ങുകയാണു കേന്ദ്രം. ഓംബുഡ്സ്മാനെ നിയമിക്കാൻ വാർത്താവിനിമയ വകുപ്പ് ട്രായിയോട് ആവശ്യപ്പെട്ടെങ്കിലും നിലവിലെ അധികാരങ്ങൾ പ്രകാരം അതു സാധ്യമല്ലെന്നായിരുന്നു മറുപടി. 2004ൽ ആദ്യം ട്രായ് നൽകിയ ശുപാർശ കേന്ദ്രം തള്ളിയിരുന്നു. 2017ൽ വീണ്ടും മുന്നോട്ടു വച്ചു. ഇതാണു കഴിഞ്ഞ ദിവസം അംഗീകരിച്ചത്. 

118 കോടിയോളം വരുന്ന മൊബൈൽ, ലാൻഡ് ഫോൺ വരിക്കാർക്ക് ആശ്വാസ വാർത്തയാണിത്. വരിക്കാർക്കു നഷ്ടപരിഹാരം നൽകാനും സേവന ദാദാക്കൾക്ക് പിഴ ചുമത്താനുമുള്ള അധികാരം ഓംബുഡ്സ്മാനിൽ നിക്ഷിപ്തമാക്കണമെന്നു ട്രായ് ശുപാർശയിൽ പറയുന്നു. മുൻപ് കോൾ ഡ്രോപ്  പ്രശ്നത്തിൽ (ഇടയ്ക്കിടെ കോൾ കട്ടാകുന്നത്) വരിക്കാർക്കു ടെലികോം കമ്പനി നഷ്ടപരിഹാരം കൊടുക്കണമെന്ന ട്രായ്  നിർദേശം സുപ്രീം കോടതി തള്ളിയിരുന്നു. 

എന്നാൽ പരാതികൾ കൂടിയതോടെ സമയബന്ധിതമായി പരിഹരിക്കാൻ സ്വതന്ത്ര സംവിധാനം ആവശ്യമാണെന്നു വന്നു. ഇതോടെയാണു വീണ്ടും ഓംബുഡ്സ്മാൻ സംവിധാനത്തിനുള്ള ശുപാർശ ട്രായ് നൽകിയത്.