Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിസിനസ് ബ‍‍ുദ്ധിയിലെ വീടും പറമ്പും

house-business

നഗരത്തിൽ മാസം അരക്കോടി രൂപ വാടകയ്ക്കു വലിയൊരു കെട്ടിടം എടുത്ത് തുണിക്കടയും സൂപ്പർമാർക്കറ്റും മറ്റും സ്ഥാപിച്ചവരോട് ചോദിച്ചു, ഈ വാടക എങ്ങനെ വിൽപനയിലൂടെ മുതലാകും? തിരിച്ചൊരു ചോദ്യമാണ് അവർ നീട്ടിയത്. ഇവിടെ സ്ഥലം വാങ്ങി ഇമ്മാതിരിയൊരു കെട്ടിടം നിർമിക്കാനുള്ള ബാങ്ക് വായ്പ എടുത്താൽ അതിന്റെ പലിശ മാസം എത്രയാകും...???

സ്വന്തമായി വീടില്ലാതെ വാടകയ്ക്കു താമസിക്കുന്ന സ്വർണക്കട ഉടമയോട് എന്താണു സ്വന്തം വീടുണ്ടാക്കാത്തതെന്നു ചോദിച്ചപ്പോഴും ഏതാണ്ടിതേ മറുപടി കിട്ടിയിരുന്നു. വീടു വയ്ക്കാൻ കോടികൾ വേണം. അത്രയും കാശ് ഡെഡ് ആക്കുന്നതെന്തിന്? അതു ബിസിനസിലിട്ടാൽ കോടികളായി പൊലിക്കും. അങ്ങനെ പറഞ്ഞെങ്കിലും പ്രായം അറുപതു കടന്നപ്പോൾ വീടു വയ്ക്കുന്നതാണു കണ്ടത്. അപ്പോഴേക്കും ബിസിനസ് ശതകോടികളായി പൊലിച്ചിരുന്നു.

അതാണ് നമ്മുടെ ബുദ്ധിയും അവരുടെ ബിസിനസ് ബുദ്ധിയും തമ്മിലുള്ള വ്യത്യാസം.  ആ തുണിക്കടക്കാർക്കു കോടികൾ ലാഭമുണ്ടായി ത്തുടങ്ങിയതോടെ വാടക നിസ്സാരമായി. കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന വീടും പറമ്പും ഒരുപാടുണ്ടല്ലോ എന്ന് ഹിന്ദുജ ഗ്രൂപ്പ് ചെയർമാനും സ്വിറ്റ്സർലൻഡിൽ ജീവിക്കുന്ന ശതകോടീശ്വരനുമായ പ്രകാശ് പി. ഹിന്ദുജ കണ്ടുപിടിച്ചിരിക്കുന്നു. അങ്ങനെയുള്ള വീടും പറമ്പും എന്തെല്ലാം ബിസിനസിന് ഉപയോഗിക്കാം, ഗൾഫിൽനിന്നു മടങ്ങി വരുന്നവർക്ക് അതൊരു അവസരമല്ലേ എന്നാണു ചോദിച്ചത്. ബിസിനസ് ബുദ്ധിയിൽ ഇങ്ങനെ ആശയങ്ങൾ വിരിഞ്ഞുകൊണ്ടിരിക്കും. കമഴ്ന്നു വീണാൽ കാൽപണം എന്നാണല്ലോ ചൊല്ല്. 

മനോഹരമായൊരു വീടിന്റെ മുറ്റത്തേക്ക് മുന്നിലെ റോഡ് പൊങ്ങിയപ്പോൾ വെള്ളം കേറാൻ തുടങ്ങി. താമസിക്കാൻ കൊള്ളാതായി. പറമ്പ് മണ്ണിട്ടു പൊക്കിയിട്ട് വീടും പറമ്പും ഗോഡൗണിനു വാടകയ്ക്കു കൊടുത്തു. പറമ്പിലും വീടിന്റെ താഴത്തെ നിലയിലും ഗോഡൗൺ. മുകളിലത്തെ നിലയിൽ വിതരണക്കാരുടെ ഓഫിസ്. അതിന്റെ വാടകയുടെ ഒരംശം മതി ഉടമകൾക്ക് വാടക വീടോ ഫ്ളാറ്റോ എടുത്തു താമസിക്കാൻ. അല്ലെങ്കിൽ വേറെ വീടുവയ്ക്കാൻ ബാങ്ക് ലോൺ എടുത്താലും മുതലാകും.

നാട്ടിലാകെ എത്രയോ പറമ്പുകൾ കാടുപിടിച്ചു കിടക്കുന്നു! അതും കൃഷി ചെയ്യുന്ന പറമ്പുകളും വാടക ബിസിനസിലേക്കു മാറ്റുന്നവരുണ്ട്. ജാതിക്കൃഷി ചെയ്തിരുന്നവർക്കു തൊഴിലാളികളെ നിർത്തി കുരു പറിച്ച് ഉണക്കി ‘ജാതി ചോദിച്ചും പറഞ്ഞും’ മാസം കിട്ടിയിരുന്നത് 20000 രൂപയെങ്കിൽ ഗോഡൗണിട്ട് വാടകയ്ക്കു കൊടുത്തപ്പോൾ വരുമാനം ലക്ഷങ്ങളായി. ജാതിക്കാ പിടിച്ചു കിടക്കുന്ന ചെടികളെല്ലാം മണ്ണുമാന്തി കൊണ്ടു വന്നു മാന്തിയെടുത്തു കളഞ്ഞു. ‘മേൽജാതി’ കൃഷിയായിട്ട് ഇങ്ങനെ! അപ്പോൾ കപ്പയും വാഴയുമാണു കൃഷിയെങ്കിൽ പറയേണ്ട കാര്യമില്ല. പാട്ടത്തിനു കൊടുക്കാൻ താൽപര്യമുണ്ട്, അല്ലെങ്കിൽ ഗോഡൗണിനു കൊടുക്കും എന്നൊരു പരസ്യം കൊടുത്താൽ ആളു വരുമെന്ന സ്ഥിതിയാണ്.

നാടുമുഴുക്കെ ബൈക്കുകളിൽ ഇ–കൊമേഴ്സ് കമ്പനികളുടെ വിതരണക്കാരായ പയ്യൻമാർ പായുന്നതു കാണുന്നില്ലേ. ഓൺലൈനിൽ ഓർഡർ ചെയ്ത സാധനങ്ങളുടെ വിതരണമാണ്. കുറിയർ സർവീസ് വഴിയാണു വരവ്. വലിയൊരു ബാക്ക്പാക്കിൽ സാധനങ്ങൾ കുത്തിനിറച്ച് പായുന്നവർക്കും വേണം വെയർ ഹൗസ് ഓരോ നഗരത്തിലും അല്ലെങ്കിൽ നഗരപ്രാന്തങ്ങളിലും. എവിടെയും വിതരണം ചെയ്യുമെന്നു വീമ്പിളക്കുന്നവർക്ക് വിതരണ ഹബ് സ്ഥാപിക്കണമല്ലോ. 

സ്പോർട്സ് സാധനങ്ങളും സ്പോർട്സ് വസ്ത്രങ്ങളും വിൽക്കുന്ന വൻകിട ഗ്രൂപ്പ് നഗരത്തിന്റെ ഓരത്ത് വലിയ ഗോഡൗൺ കം ഷോറൂം സ്ഥാപിക്കുകയാണു ചെയ്യുക. ഒരിക്കലും സ്വന്തം സ്ഥലമല്ല. പാട്ടത്തിനെടുക്കുന്നു. സെന്റിന് മാസം 7000 രൂപയ്ക്ക് പാട്ടത്തിനെടുത്ത സ്ഥലമുണ്ട്. എന്നാലും സ്വന്തമായി സ്ഥലം വാങ്ങുന്നതിനേക്കാൾ ലാഭമല്ലേ?

ഒടുവിലാൻ ∙ ഹൈവേയ്ക്കരികിൽ സ്ഥലമുണ്ടോ? വാഹന ഡീലറുടെ കമ്പനിയുമായി കരാറുണ്ടാക്കി പാട്ടത്തിനു കൊടുക്കാം. വാഹനങ്ങളുടെ ഡീലർഷിപ്പുള്ള വൻകിട കമ്പനികൾ പോലും സ്വന്തം സ്ഥലം വാങ്ങാറില്ല, പാട്ടത്തിനെടുക്കും.