Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഹിതം വെട്ടിക്കുറയ്ക്കൽ: കേന്ദ്രത്തിനെതിരെ ഏഴു സംസ്ഥാനങ്ങളുടെ സഖ്യം

Thomas Issac

തിരുവനന്തപുരം∙ സംസ്ഥാനങ്ങൾക്കു കിട്ടുന്ന കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കൈകോർക്കാൻ ഏഴു സംസ്ഥാനങ്ങൾ. കഴിഞ്ഞ മാസം മന്ത്രി ടി.എം.തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദ്യ യോഗത്തിൽ പങ്കെടുത്തതു കേരളം, പുതുച്ചേരി, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളായിരുന്നു. എന്നാൽ, തിങ്കളാഴ്ച ആന്ധ്രയിലെ അമരാവതിയിൽ ചേർന്ന രണ്ടാം യോഗത്തിൽ പഞ്ചാബ്, ബംഗാൾ‍, ഡൽഹി സംസ്ഥാനങ്ങൾ കൂടി പങ്കെടുത്തു. തമിഴ്നാടിനെയും തെലങ്കാനയെയും പങ്കെടുപ്പിക്കാനുള്ള ശ്രമം ഇത്തവണയും പരാജയപ്പെട്ടു.

മിസോറം, സിക്കിം ഉൾപ്പെടെ കൂടുതൽ സംസ്ഥാനങ്ങൾ അടുത്ത മാസം പകുതിയോടെ ഡൽഹിയിൽ ചേരുന്ന യോഗത്തിലും സെമിനാറിലും പങ്കെടുക്കുമെന്നും കേന്ദ്രത്തിന്റെ തലതിരിഞ്ഞ നയങ്ങൾക്കെതിരായി വലിയ സഖ്യമാണു രൂപപ്പെട്ടു വരുന്നതെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. 

കേന്ദ്ര വിഭവങ്ങൾ സംസ്ഥാനങ്ങൾക്കു പങ്കുവയ്ക്കുന്നതിന് 2011 സെൻസസിലെ ജനസംഖ്യ ആധാരമാക്കരുത്, സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം കുറയ്ക്കരുത്, കമ്മി നികത്തുന്നതിനുള്ള ഗ്രാന്റ് നിർത്തലാക്കരുത്, വായ്പ വെട്ടിക്കുറയ്ക്കരുത്, വായ്പയ്ക്കുള്ള കർശന നിബന്ധനകൾ ഒഴിവാക്കണം, ജനപ്രിയ പദ്ധതികൾ ഉപേക്ഷിക്കാൻ ആവശ്യപ്പെടരുത് തുടങ്ങിയ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള നിവേദനത്തിന് അമരാവതി യോഗം രൂപം നൽകി. 

കേന്ദ്രഭരണ പ്രദേശങ്ങളായ ഡൽഹി, പുതുച്ചേരി എന്നിവയ്ക്കുള്ള വിഹിതം തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിൽ നിന്നു ധനകാര്യ കമ്മിഷനു കൈമാറണമെന്നും നിവേദനത്തിലുണ്ട്. ധനമന്ത്രിമാർ ചേർന്ന് ഇതു രാഷ്ട്രപതിക്കു സമർപ്പിക്കും. ഡൽഹി സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന ഡൽഹി സർക്കാരാണു രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച നിശ്ചയിക്കുക.

കേന്ദ്രവിഹിതം 42% കിട്ടിക്കൊണ്ടിരുന്നതു കുറയ്ക്കുന്നതിനോട് ഒരു സംസ്ഥാനത്തിനും യോജിക്കാൻ കഴിയില്ലെന്ന് ഐസക് പറഞ്ഞു. അതിനാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു പോലും പുതിയ സഖ്യത്തിന്റെ നിലപാടിനൊപ്പമേ മനസ്സു കൊണ്ടെങ്കിലും നിൽക്കാൻ പറ്റൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

related stories