Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപ പാതാളത്തിൽ

rupee-fall

കൊച്ചി ∙ എണ്ണവില കുതിച്ചുയരുമ്പോൾ രൂപയുടെ മൂല്യം പടുകുഴിയിലേക്കു വീഴുന്നു. ഡോളറിന് 67.13 രൂപയാണ് ഇന്നലത്തെ വിദേശനാണ്യ വിനിമയ വിപണിയിലെ നിരക്ക്. 15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന മൂല്യം. ഇന്നലെ മാത്രമുണ്ടായത് 26 പൈസയുടെ ഇടിവ്.

എണ്ണ ഇറക്കുമതി ചെയ്യുന്ന കമ്പനികൾക്കു കൂടുതലായി ഡോളർ വേണ്ടിവരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് വിപണിവൃത്തങ്ങൾ പറയുന്നു.

ഓഹരി വിപണിയിൽനിന്നു വിദേശ ധനസ്ഥാപനങ്ങൾ വൻതോതിൽ നിക്ഷേപം വിറ്റൊഴിയുന്നതും രൂപയ്ക്ക് ആഘാതമാകുന്നു. ഏപ്രിലിൽ മാത്രം 15500 കോടി രൂപ ഇങ്ങനെ വിപണിയിൽനിന്നു പിൻവലിക്കപ്പെട്ടു. ഇക്കൊല്ലം ഇതുവരെ രൂപയുടെ മൂല്യത്തിൽ 5.1% ഇടിവുണ്ടായിട്ടുണ്ട്. ലോക കറൻസികളിൽ ഏറ്റവും തകർച്ച നേരിടുന്നത് രൂപയാണെന്നു വിലയിരുത്തപ്പെടുന്നു. ഇറക്കുമതിച്ചെലവു വൻതോതിൽ ഉയരുമെന്നതാണു പ്രധാന ദുരന്തം. 

പെട്രോൾ, ഡീസൽ വിലകൾ ഇനിയും കുതിക്കാൻ ഇതു വഴിയൊരുക്കും. ഇറക്കുമതി ഉൽപന്നങ്ങൾക്കെല്ലാം വില ഉയരും. വിദേശ യാത്ര, വിദേശത്തെ പഠനം എന്നിവയൊക്കെ ചെലവേറിയതാകും. 

അതേസമയം, കയറ്റുമതിക്കാർക്കും പ്രവാസി ഇന്ത്യക്കാർക്കും സന്തോഷമേകുന്ന കാര്യമാണ് രൂപയുടെ വിലയിടിവ്. ഉദാഹരണത്തിന്, ഒരു ഡോളർ ഇന്ത്യയിലെത്തിക്കുമ്പോൾ അവർക്കു നേരത്തേ 65 രൂപ കിട്ടിയിരുന്നെങ്കിൽ, ഇപ്പോൾ 67 രൂപയിലേറെ കിട്ടുന്നു.