Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനോദസഞ്ചാര മേഖലയെ ഹർത്താൽ മുക്തമാക്കൽ: മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിക്കുന്നു

harthal-representational-image

തിരുവനന്തപുരം∙ വിനോദസഞ്ചാര മേഖലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന പ്രഖ്യാപനത്തിനു പിന്നാലെ ഇക്കാര്യത്തിൽ മറ്റു രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ തേടി സർവകക്ഷിയോഗം വിളിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. 15നു വൈകിട്ട് ആറിനു തൈക്കാട് ഗസ്റ്റ് ഹൗസിലാണു യോഗം. യോഗത്തിനു ശേഷം ഇക്കാര്യത്തിൽ സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കും.

രാഷ്ട്രീയ കക്ഷികളുടെ നിർദേശങ്ങൾ കൂടി കണക്കിലെടുത്തു വിനോദസഞ്ചാര മേഖലയിലെ വിദഗ്ധരുടെ സഹായത്തോടെ മാർഗനിർദേശങ്ങൾക്കു രൂപം നൽകാനാണു തീരുമാനം. പ്രധാന വിനോദസഞ്ചാര മേഖലകളെ ഹർത്താലി‍ൽ നിന്നു പൂർണമായി ഒഴിവാക്കുക, വിനോദസഞ്ചാരികളുമായി പോകുന്ന വാഹനങ്ങളെയും ഹൗസ് ബോട്ടുകളെയും ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണു സർക്കാരിനു മുന്നിലുള്ളത്.

അംഗീകൃത ടൂർ ഓപ്പറേറ്റർമാർക്കും ക്ലാസിഫൈഡ് ഹോട്ടലുകൾക്കും അതിഥികളെ കൊണ്ടുപോകാനുള്ള വാഹനങ്ങളിൽ ഉപയോഗിക്കാൻ ടൂറിസം വകുപ്പിന്റെ ഹോളോഗ്രാം ഉള്ള സ്റ്റിക്കർ നൽകണമെന്ന നിർദേശം ടൂറിസം വ്യവസായമേഖലയുടെ പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനുള്ള സംവിധാനവും സുരക്ഷയും ഒരുക്കണമെന്ന നിർദേശവും ടൂറിസം വകുപ്പിന്റെ പരിഗണനയിലുണ്ട്. ഈ നിർദേശങ്ങളെല്ലാം സർവകക്ഷിയോഗത്തിൽ ചർച്ച ചെയ്യും.

വിനോദസഞ്ചാര മേഖലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന് ഏറെക്കാലമായി വ്യവസായികൾ ആവശ്യപ്പെടുന്നുണ്ട്. ഇടയ്ക്കിടെയുള്ള ഹർത്താൽ വിദേശരാജ്യങ്ങളിലും ഇതരസംസ്ഥാനങ്ങളിലും കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്നും ഇതു സഞ്ചാരികളുടെ വരവു കുറയാനിടയാക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം വിളിക്കാൻ ശ്രമം നടന്നെങ്കിലും പ്രതിപക്ഷത്തിന്റെ പ്രതികരണം അനുകൂലമായിരുന്നില്ല. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇക്കാര്യത്തി‍ൽ കർശന നിലപാടെടുക്കുകയായിരുന്നു. ഇതിനായി സർവകക്ഷിയോഗം വിളിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു.  

related stories