Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോളർ മുകളിലേക്ക്, പ്രവാസികൾക്കും കയറ്റുമതിക്കാർക്കും നേട്ടം

കൊച്ചി ∙ ഇറാന്‍ ആണവ കരാറില്‍ നിന്ന് യുഎസ് പിന്‍മാറാനുള്ള തീരുമാനവും ഇറാന്റെ മേൽ അമേരിക്ക വീണ്ടും ഉപരോധം ഏർപ്പെടുത്തിയേക്കുമെന്ന ആശങ്കയും എണ്ണ ,bfosM bfവി വിദേശ നാണ്യ വിനിമയ വിപണികളെ ഉലയ്ക്കുന്നു. എണ്ണ വില വീണ്ടും ഉയർന്നു. ഡോളറിന്റെ മൂല്യം കൂടുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്നു. വിദേശ ധനസ്ഥാപനങ്ങൾ ഓഹരിനിക്ഷേപം കുറച്ച് ഇന്ത്യൻ കടപ്പത്രങ്ങൾ വിറ്റഴിക്കുകയുമാണ്. ഈ പ്രവണത ഇനിയും തുടരുമെന്നാണു വിലയിരുത്തൽ.

എണ്ണവില ഉയരുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കു തിരിച്ചടി ആയേക്കാമെന്ന വിലയിരുത്തലിൽ വിദേശ നിക്ഷേപകർ കടപ്പത്രങ്ങൾ വിറ്റഴിക്കുകയാണ്. കടപ്പത്രങ്ങൾ വിൽക്കുമ്പോഴും ഡോളർ നൽകണം. ഇങ്ങനെ ഡോളറിന് ആവശ്യം ഉയരുന്നതാണു മൂല്യം വർധിക്കാനും രൂപ ഇടിയാനും കാരണം. ഡോളറുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റു കറൻസികളുടെയും വില ഉയരുന്നുണ്ട്. ബ്രിട്ടിഷ് പൗണ്ടിനു വില 90 രൂപ കവിഞ്ഞു. യുഎഇ ദിർഹം 18.27 രൂപയിലെത്തി. അതിനാൽ ഗൾഫിൽ നിന്നു നാട്ടിലേക്കുള്ള പണത്തിന്റെ ഒഴുക്കും കൂടി.

എന്നാൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽശേഖരം ശക്തമായ നിലയിലായതിനാൽ പരിധിക്കപ്പുറം രൂപയുടെ മൂല്യം ഇടിയണമെന്നില്ല. റിസർവ് ബാങ്ക് ഏതു നിമിഷവും ഇടപെട്ടേക്കാം. 40,000 കോടി ഡോളർ കരുതൽശേഖരം ഇന്ത്യയ്ക്കുണ്ട്. വിപണിയിൽ ഇടപെടാനായി റിസർവ് ബാങ്കിന് അതിൽനിന്നു ചെലവഴിക്കാവുന്നതാണ്.

ഡോളറുമായുള്ള വിനിമയത്തിൽ രൂപ ഇന്നലെ 67.27 നിലവാരത്തിൽ എത്തി. ഡോളർ മൂല്യം ഇനിയും ഉയർന്നാൽ അതനുസരിച്ചു മറ്റു കറൻസികളുടെ മൂല്യവും വർധിച്ചേക്കാം. പ്രവാസികൾക്കും കയറ്റുമതി മേഖലയ്ക്കും ഇതു ഗുണകരമാണ്. കയറ്റുമതിക്കാരുടെ ഡോളർ കരാറുകൾ നേരത്തേ നിശ്ചയിക്കപ്പെട്ടതിനാൽ ഡോളറിന്റെ മൂല്യം ഉയരുമ്പോൾ രൂപയിൽ അവർക്കു ലഭിക്കുന്ന വരുമാനവും ഉയരുകയാണ്.

എന്നാൽ പരിധിക്കപ്പുറം മൂല്യം ഉയർന്നാൽ ഇറക്കുമതിക്കാർ കരാറിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടേക്കാമെന്ന് ആശങ്കയുണ്ട്. നേരത്തേ നിശ്ചയിച്ച വില കുറയ്ക്കാൻ ആവശ്യം വന്നാൽ ഡോളർ ഉയർച്ചയുടെ പ്രയോജനം നഷ്ടപ്പെടും. മുൻകാലങ്ങളിൽ ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളേയോ അസംസ്കൃത വസ്തുക്കളേയോ ആശ്രയിക്കുന്ന കമ്പനികൾക്കു ഡോളർ മൂല്യവർധന തിരിച്ചടിയാണ്.