Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക വോട്ട് കഴിഞ്ഞാൽ ഇന്ധന വില കുതിച്ചുപായും; ലീറ്ററിന് രണ്ടു രൂപവരെ വർധിക്കുമെന്ന് ആശങ്ക

petrol-price

ന്യൂഡൽഹി∙ കർണാടക വോട്ടെടുപ്പ് ഇന്നു കഴിയുന്നതോടെ ഇന്ധന വില വീണ്ടും ഉയരും. ഏപ്രിൽ 24നു ശേഷം ഇന്ധനവിലയിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വിലകൂടിയാലും അദ്ഭുതപ്പെടാനില്ല എന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. 

ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് ഒരു ഡോളർ ഉയരുമ്പോൾ ഇന്ത്യയിൽ പെട്രോളിനും ഡീസലിനും ലീറ്ററിന് 40 പൈസ വീതമാണ് എണ്ണക്കമ്പനികൾ വില ഉയർത്തുന്നത്. ഏപ്രിൽ 24 നു ശേഷം രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് അഞ്ച് ഡോളറോളം ഉയർന്നിട്ടുണ്ട്. ഇതാണ് രണ്ടു രൂപ വില വർധന പ്രതീക്ഷിക്കാനുള്ള കാരണം. 

അവസാന വിലനിർണയം നടന്ന 24ന് ബാരലിന് 74.01 ഡോളറായിരുന്നു അസംസ്കൃത എണ്ണവില. അന്ന് പെട്രോളിന് 13 പൈസയും ഡീസലിന് 18 പൈസയുമാണ് വർധിപ്പിച്ചത്. കർണാടക തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സാഹചര്യം കാരണമാകാം പിന്നീട് വില പുനർ നിർണയം ഉണ്ടായിട്ടില്ല. ഏപ്രിൽ 25ന് അസംസ്കൃത എണ്ണവില 73.07 ഡോളറായി കുറഞ്ഞെങ്കിലും വിലയിൽ മാറ്റം വരുത്താൻ എണ്ണ വിതരണ കമ്പനികൾ തയാറായില്ല. ഇതിനു ശേഷം ക്രൂഡ് വില പടിപടിയായി ഉയരുകയായിരുന്നു. ഇന്നലെ 77.29 ഡോളറായിരുന്നു ബ്രെന്റ് ക്രൂഡിന്റെ രാജ്യാന്തര വില. ബ്രെന്റ് ക്രൂഡിന് ബാരലിന് ഒരു ഡോളർ വിലയുയർന്നാൽ ഇന്ത്യയിലെ എണ്ണക്കമ്പനികളുടെ കറന്റ് അക്കൗണ്ട് നഷ്ടം ആകെ 100 കോടി ഡോളർ വരുമെന്നാണ് കണക്ക്. 

ഇത്തരത്തിൽ തുടരെ മൂന്നാഴ്ചയിലെ വരുമാന നഷ്ടവും ഓഹരി വിലയിടിവുമൊക്കെ പരിഗണിച്ചാകും എണ്ണക്കമ്പനികളുടെ അടുത്ത വിലനിർണയം എന്നാണ് കരുതപ്പെടുന്നത്. ലീറ്ററിന് 3.14 രൂപ മാർജിൻ ലഭിച്ചിരുന്ന കമ്പനികൾക്ക് ഇപ്പോൾ കിട്ടുന്നത് 1.8 രൂപയാണ്. 

നേരത്തെ ന്യൂഡൽഹി, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും എണ്ണവില ഇങ്ങനെ പിടിച്ചു നിർത്തിയിരുന്നു. എന്നാൽ വോട്ടെടുപ്പിനു ശേഷം വില കാര്യമായി ഉയർത്താൻ കമ്പനികൾക്ക് കഴിഞ്ഞു. 

ഇത്തവണയും വില പിടിച്ചു നിർത്താൻ കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു എന്ന ആരോപണം പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രധാൻ നിഷേധിച്ചിട്ടുണ്ട്. പക്ഷേ, രാജ്യാന്തര വില ഉയരുമ്പോഴും ആഭ്യന്തര വില പുനർ നിർണയിക്കാതെ മൂന്നാഴ്ച എണ്ണക്കമ്പനികൾ നഷ്ടം സഹിച്ചെങ്കിൽ അവയ്ക്കുമേൽ ശക്തമായ രാഷ്ട്രീയ സമ്മർദം ഉണ്ടായി എന്നുറപ്പ്.