Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗരോർജത്തിൽ നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ പദ്ധതി

solar-energy

തിരുവനന്തപുരം∙ വൻകിട സൗരോർജ പാർക്കുകൾ സ്ഥാപിക്കുന്നതിനു കേരളത്തിൽ തരിശുഭൂമി ലഭ്യമല്ലാത്ത സാഹചര്യത്തിൽ മൂന്നു ബദൽ മാർഗങ്ങളിലൂടെ അടുത്ത മൂന്നു കൊല്ലം കൊണ്ടു  സൗരോർജത്തിൽ നിന്നു 1000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനു വൈദ്യുതി ബോർഡ് പദ്ധതി തയാറാക്കി.

സർക്കാർ, സ്വകാര്യ കെട്ടിടങ്ങൾ, വീടുകൾ എന്നിവയുടെ മേൽക്കൂരയിൽ സോളർ പാനൽ സ്ഥാപിച്ച് 500 മെഗാവാട്ട് വരെ ഉൽപാദിപ്പിക്കുന്നതാണ് ആദ്യ പദ്ധതി. സോളർ എനർജി കോർപറേഷനുമായി സഹകരിച്ചു ജലാശയങ്ങളിൽ ഫ്ലോട്ടിങ്  പാനലുകൾ സ്ഥാപിച്ചു വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണു രണ്ടാമത്തെ മാർഗം. 

ഇഷ്ടികക്കളങ്ങൾക്കു വേണ്ടി മണ്ണെടുത്തതു മൂലം കൃഷിക്കു യോഗ്യമല്ലാതായ പ്രദേശത്തു  നാഷനൽ ഹൈഡ്രോ പവർ കോർപറേഷനുമായി സഹകരിച്ചു ഫ്ലോട്ടിങ് സോളർ പാനൽ സ്ഥാപിക്കുന്നതാണ് മൂന്നാമത്തെ പദ്ധതി.

വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരകളിൽ അഞ്ചും പത്തും കിലോവാട്ട് ഉൽപാദന ശേഷിയുള്ള സോളർ പാനലുകളാണു സ്ഥാപിക്കുക. 500 മെഗാവാട്ട് വരെ ഇങ്ങനെ ഉൽപാദിപ്പിക്കാമെന്നു ബോർഡിന്റെ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. 

സോളർ പാനൽ സ്ഥാപിക്കുന്നതിനു പണം മുടക്കാൻ വീട്ടുടമയ്ക്കു താൽപര്യമില്ലെങ്കിൽ ബോർഡ് സ്ഥലം പാട്ടത്തിനെടുത്തു സ്വന്തം ചെലവിൽ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. 

ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം പദ്ധതി എന്നതിനാൽ കേരളത്തെ സഹായിക്കാമെന്നു കേന്ദ്ര പാരമ്പര്യേതര ഊർജ വകുപ്പ് ജോയിന്റ് സെക്രട്ടറി ഉറപ്പു നൽകി. സാമ്പത്തിക, സാങ്കേതിക കാര്യങ്ങൾ പഠിച്ചു പദ്ധതി നടപ്പാക്കുന്നതിനു പഞ്ചാബ് നാഷനൽ ബാങ്ക്, ഇവൈ  എന്നിവയുടെ സേവനം സൗജന്യമായി നൽകുമെന്നാണു കേന്ദ്രത്തിന്റെ വാഗ്ദാനം. അവർ മാസ്റ്റർ പ്ലാൻ തയാറാക്കും. പദ്ധതി വിജയിച്ചാൽ രാജ്യത്തൊട്ടാകെ കേരള മോഡൽ വ്യാപിപ്പിക്കാനും കേന്ദ്രത്തിന് ആലോചനയുണ്ട്.

500 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കണമെങ്കിൽ 2500–3000 കോടി രൂപ മുതൽ മുടക്കേണ്ടി വരും. ഇതു പക്ഷേ പലപ്പോഴായി മുടക്കിയാൽ മതി. ഇതിനിടെ, സംസ്ഥാനത്തു തരിശായി കിടക്കുന്ന നാലോ അഞ്ചോ  സ്ഥലങ്ങൾ കണ്ടെത്തി 25–50 മെഗാവാട്ടിന്റെ സോളർ നിലയങ്ങൾ സ്ഥാപിക്കാനും ബോർഡിനു പദ്ധതിയുണ്ട്.

വെള്ളത്തിൽ സ്ഥാപിക്കാവുന്ന ഫ്ലോട്ടിങ് സോളർ പാനലുകളിൽ നിന്നു യൂണിറ്റിനു നാലു രൂപയ്ക്കു വൈദ്യുതി നൽകാമെന്നു സോളർ എന‍ർജി കോർപറേഷൻ ബോർഡിന് ഉറപ്പു നൽകിയിട്ടുണ്ട്. 

കേരളത്തിൽ ധാരാളം ജലാശയങ്ങളുള്ള സാഹചര്യത്തിൽ അവർക്കു സ്ഥലം കണ്ടെത്തിക്കൊടുത്താൽ അവിടെ പ്ലാന്റ് സ്ഥാപിക്കും. ഇതു സംബന്ധിച്ച ചർച്ചകൾ കോ‍ർപറേഷനുമായി നടക്കുന്നു. 

കൊല്ലത്തെ പടിഞ്ഞാറെ കല്ലട പോലുള്ള സ്ഥലങ്ങളിൽ ഇഷ്ടികക്കളങ്ങൾക്കായി മണ്ണെടുത്ത ഭൂമിയിൽ സോളർ പാനൽ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്തു ചർച്ച നടന്നുവെങ്കിലും നടപ്പായില്ല. ഈ പദ്ധതി പുനരുജ്ജീവിപ്പിച്ചു നാഷനൽ ഹൈഡ്രോ പവർ കോർപറേഷനുമായി സഹകരിച്ചു നടപ്പാക്കും. 50 മെഗാവാട്ടാണ് അവിടെ ലക്ഷ്യമിടുന്നത്. 

വെള്ളത്തിൽ സ്ഥാപിക്കാവുന്ന പാനലുകളിൽ നിന്നായിരിക്കും ഉൽപാദനം. സമാനമായ മറ്റു പ്രദേശങ്ങൾ കണ്ടെത്തി അവിടെയും കൂടുതൽ പാനലുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.