Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിരന്തരം കയ്യേറ്റം; റെയിൽവേ സ്റ്റേഷനുകളിൽ കൗണ്ടർ വേണ്ടെന്ന് ഓൺലൈൻ ടാക്സികൾ

online-taxi

കൊച്ചി ∙ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക കൗണ്ടർ തുറക്കാൻ മടിച്ച് ഓൺലൈൻ ടാക്സികൾ. മൂന്നു മാസത്തേക്കു പരീക്ഷണ അടിസ്ഥാനത്തിൽ ചില റെയിൽവേ സ്റ്റേഷനുകളിൽ കൗണ്ടർ തുറന്നു സർവീസ് നടത്തിയതിന്റെ തിക്താനുഭവം കാരണമാണ് കമ്പനികൾ പിൻവാങ്ങുന്നത്. 

തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മൂന്നു വർഷത്തേക്കു പുതിയ കരാർ ക്ഷണിച്ചെങ്കിലും കമ്പനികളൊന്നും മുന്നോട്ടു വന്നിട്ടില്ല. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനുകളിൽ കൗണ്ടർ തുറക്കാൻ കഴില്ലെന്നാണു കമ്പനികൾ അറിയിച്ചിരിക്കുന്നത്.

സ്റ്റേഷനുകളിലെ ഓട്ടോ, ടാക്സി തൊഴിലാളികൾ ഓൺലൈൻ ടാക്സികൾ തടയുകയും ഡ്രൈവർമാരെ മർദിക്കുകയും ചെയ്തിരുന്നതാണ് പിൻമാറ്റത്തിനു കാരണം. ടാക്സികളിലെ യാത്രക്കാരെ പിടിച്ചിറക്കി വിടുന്ന സംഭവങ്ങൾ വ്യാപകമായിരുന്നു. റെയിൽവേ അധികൃതർ പൊലീസിന്റെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. പൊലീസ് പലപ്പോഴും കാഴ്ചക്കാരുടെ റോളിലായിരുന്നു.

ജില്ലാ പൊലീസ് മേധാവികൾക്കു പല തവണ പരാതി നൽകിയെങ്കിലും ഭരണകക്ഷിയിൽപെട്ട യൂണിയന്റെ സ്വാധീനം മൂലം പൊലീസ് ഒരിടത്തും നടപടിയെടുത്തില്ല. ഓൺലൈൻ ടാക്സികൾക്കു സംരക്ഷണം നൽകാനും തയാറായില്ല. തിരുവനന്തപുരം, എറണാകുളം ജംക്‌ഷൻ, എറണാകുളം ടൗൺ, ആലുവ, തൃശൂർ എന്നിവടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഓൺലൈൻ ടാക്സികൾക്കു പ്രത്യേക സൗകര്യം നൽകിയിരുന്നത്. കൗണ്ടർ തുറന്നെങ്കിലും യൂണിയനുകളുടെ എതിർപ്പു മൂലം പ്രത്യേക പാർക്കിങ് ബേയുണ്ടായിരുന്നില്ല. സ്മാർട് ഫോണില്ലാത്ത യാത്രക്കാരെ ടാക്സി ബുക്ക് ചെയ്യാൻ സഹായിക്കുന്ന ചെറിയ കൗണ്ടറും ടാക്സികൾക്കു സ്റ്റേഷനു മുന്നിൽ പാർക്കിങ്ങുമാണു കരാർ വഴി നൽകുന്നത്.

പരമ്പരാഗത ടാക്സികളെയും ഓട്ടോറിക്ഷകളെയും സ്റ്റേഷനിൽ നിന്നു പുറത്താക്കാനാണ് ഓൺലൈൻ ടാക്സിയെന്ന് ആരോപിച്ചാണു യൂണിയനുകൾ സമരം ചെയ്തത്. എന്നാൽ, മറ്റു സർവീസുകൾ ഒഴിവാക്കില്ലെന്നും ട്രെയിൻ യാത്രക്കാർക്കു തുടർ യാത്രയ്ക്കു കൂടുതൽ സൗകര്യം ലഭ്യമാക്കാനാണു റെയിൽവേ ശ്രമിച്ചതെന്നും തിരുവനന്തപുരം ഡിവിഷൻ കൊമേഴ്സ്യൽ മാനേജർ അജയ് കൗശിക് പറഞ്ഞു.

ബെംഗളൂരു, കോയമ്പത്തൂർ തുടങ്ങി രാജ്യത്തെ ഒട്ടേറെ സ്റ്റേഷനുകൾ വിജയകരമായി നടപ്പാക്കിയ സംവിധാനമാണു യൂണിയനുകളുടെ ഇടപെടൽ മൂലം കേരളത്തിൽ പച്ചതൊടാതെ പോയത്. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഐആർസിടിസി വെബ്സൈറ്റിൽ തന്നെ തുടർ യാത്രയ്ക്ക് ഓൺലൈൻ ടാക്സി ബുക്ക് ചെയ്യാനുള്ള സൗകര്യം നിലവിൽ വന്നുകഴിഞ്ഞു. ഏതു വാഹനത്തിൽ യാത്ര ചെയ്യണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം യാത്രക്കാരനാണെന്നിരിക്കെ യൂണിയനുകളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്നു യാത്രക്കാരുടെ സംഘടനകൾ പറയുന്നു.