Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിട്ടാനില്ല കല്ലും മണ്ണും; കിട്ടണമെങ്കിൽ തീവില

Rock quarry

കൊച്ചി ∙ ഏതാനും വർഷം മുൻപു കേരളത്തിൽ പ്രവർത്തിച്ചിരുന്നതു ചെറുതും വലുതുമായി മൂവായിരത്തിലേറെ കരിങ്കൽ ക്വാറികൾ. ഇപ്പോൾ പ്രവർത്തിക്കുന്നതു നൂറിലേറെ വൻകിട ക്വാറികൾ മാത്രം. ഫലം: കരിങ്കൽ, മെറ്റൽ, എം സാൻഡ് തുടങ്ങിയ ക്വാറി ഉൽപന്നങ്ങൾക്കു തീവിലയും ദൗർലഭ്യവും. പരിസ്ഥിതി അനുമതിയില്ലാതെ ചെറുകിട ക്വാറികൾ പ്രവർത്തനം നിർത്തിയതോടെയാണു ക്ഷാമവും വിലവർധനയും പതിവായത്.

ഏതാനും മാസങ്ങൾക്കിടെ, വിലയിലുണ്ടായ വർധന ഇരട്ടിയിലേറെ. ഉള്ളതെല്ലാം സ്വരുക്കൂട്ടി ചെറിയൊരു കൂര കെട്ടുന്ന സാധാരണക്കാർ മുതൽ കോടികൾ മുടക്കി നിർമാണ പ്രവൃത്തികൾ നടത്തുന്ന പൊതുമരാമത്തു വകുപ്പിനെ വരെ പ്രതിസന്ധിയിലാക്കുകയാണു വില വർധന.

ജനുവരിയിൽ ഒരടി മെറ്റലിനു വില 17 രൂപ. അതു കുതിച്ചു കയറിയത് 37 രൂപയിലേക്ക്. (പ്രാദേശികമായ വില വ്യത്യാസങ്ങളുണ്ടാകും) കടത്തുകൂലി കൂടിയാകുമ്പോൾ വില ഇനിയും ഉയരും. പുഴ മണൽ ലഭ്യത തീർത്തും കുറഞ്ഞതോടെ ഏതു തരം നിർമാണ പ്രവർത്തനത്തിനും അത്യാവശ്യമായ എം സാൻഡ് അഥവാ പാറപ്പൊടിയ്ക്കും വില മുകളിലേക്കു തന്നെ. ജനുവരിയിൽ 30 – 35 രൂപ നിരക്കിൽ ലഭിച്ച സ്ഥാനത്ത് ഇപ്പോൾ 45 – 50 രൂപ കൊടുക്കണം.
കരിങ്കല്ലിന്റെ വില കേട്ടാൽ ഏതു കരിങ്കൽ ഹൃദയന്റെയും കണ്ണു നിറയുമെന്നതാണു സ്ഥിതി. ഒരടി കല്ലിനു 40 രൂപ. ഒരു ലോഡ് (250 അടി) കരിങ്കല്ലു കിട്ടണമെങ്കിൽ 10,000 രൂപ! ജനുവരിയിൽ നാലായിരം രൂപയോളമായിരുന്നു വില. വർധന 150 ശതമാനം.

ക്വാറികൾ അപൂർവ കാഴ്ച

ആവശ്യം കൂടിയതോടെ വിലയും അമിതമായി വർധിക്കുന്ന സ്ഥിതിയാണെന്നു ക്രഷർ ഉടമകളും കോൺട്രാക്ടർമാരും പറയുന്നു. വൻകിട ക്വാറികൾ മാത്രമേയുള്ളൂ, കേരളത്തിൽ. വില തീരുമാനിക്കുന്നതും അവർ തന്നെ. എറണാകുളം ജില്ലയിൽ 26 ചെറുകിട ക്രഷർ ഉടമകൾ ചേർന്നു കൺസോർഷ്യം രൂപീകരിച്ചു ക്വാറി ആരംഭിക്കാൻ ശ്രമിച്ചുവെങ്കിലും ജില്ലാ ഭരണകൂടം എൻഒസി (നിരാക്ഷേപ പത്രം) നൽകിയില്ല. പല സ്ഥലത്ത് ഒട്ടേറെ ചെറിയ ക്വാറികൾ വരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാമെന്നതിനാണു പലർ ചേർന്ന് ഒരു ക്വാറി ആരംഭിക്കാൻ ശ്രമിച്ചത്. അനുമതി കിട്ടാതായതോടെ കരിങ്കൽ ലഭ്യത വർധിപ്പിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.

ജിഎസ്ടി കുറഞ്ഞു, എന്നിട്ടും വിലയേറ്റം

കരിങ്കല്ലിനെ മെറ്റലും എം സാൻഡുമൊക്കെയാക്കുന്ന ക്രഷറുകൾക്കു ജിഎസ്ടി വന്നതോടെ നികുതി 14 ശതമാനത്തിൽ നിന്ന് അഞ്ചായി കുറഞ്ഞു. എന്നാൽ, കരിങ്കല്ലിന്റെ വില ഇരട്ടിയിലേറെ വർധിച്ചതോടെ നികുതി കുറഞ്ഞതിന്റെ നേട്ടം ജനങ്ങൾക്കു ലഭിക്കാത്ത സ്ഥിതിയായി. കരിങ്കൽ ഖനനം ചെയ്യുന്ന ക്വാറികൾക്കു പക്ഷേ, ജിഎസ്ടി നൽകേണ്ടതില്ല. സർക്കാരിനു ലോയൽറ്റി ഫീസായി നാമമാത്ര തുക നൽകിയാൽ മതി. കൂടുതൽ ക്വാറികൾ ആരംഭിക്കാൻ അനുമതി നൽകുകയോ കരിങ്കൽ വില നിയന്ത്രിക്കാൻ സംവിധാനമുണ്ടാക്കുകയോ ചെയ്യണമെന്നാണു ക്രഷർ ഉടമകളുടെയും നിർമാണ കരാറുകാരുടെയും ആവശ്യം.

related stories