Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാവൽ ഇൻഷുറൻസ് പോളിസി എടുക്കുംമുൻപ്

618545122 Travel cost

ഈയിടെ തുർക്കിയിൽ അവധിക്കാലം ചെലവഴിക്കുന്നതിനിടെ യുവ ഐടി പ്രഫഷനലായ തേജസിനു ഭക്ഷ്യവിബാധയേറ്റു. അഞ്ചു ദിവസത്തിലധികം ആശുപത്രിയിൽ ചെലവഴിക്കേണ്ടി വന്നു. അത് അയാൾക്കു വലിയ സാമ്പത്തിക ബാധ്യതയാകുമായിരുന്നു. എന്നാൽ നിർണായകമായ ഈ ഘട്ടത്തിൽ, മെഡിക്കൽ സിക്‌നസ് ബെനിഫിറ്റോടു കൂടിയ ട്രാവൽ ഇൻഷുറൻസ് പ്ലാൻ സഹായകമായി. 

അവധിക്കാലം വിനോദത്തിനും വിശ്രമത്തിനുമുള്ളതാണെങ്കിലും എന്തെങ്കിലും അടിയന്തര ചികിൽസ ആവശ്യമായി വരുകയോ പാസ്‌പോർട്ടോ ലഗേജോ നഷ്ടപ്പെടുകയോ ചെയ്താൽ കാര്യങ്ങൾ മുഴുവൻ കുഴപ്പത്തിലാകും. ട്രാവൽ ഇൻഷുറൻസ് ചെലവായി തോന്നുമെങ്കിലും അതില്ലാത്ത അവസ്ഥ നിങ്ങളെ കടുത്ത സാമ്പത്തിക, മാനസിക പ്രശ്‌നങ്ങളിൽ കൊണ്ടെത്തിച്ചേക്കാം. നിങ്ങളുടെ വേണ്ടപ്പെട്ട വസ്തുക്കളുടെ സംരക്ഷണത്തിനും നഷ്ടം കുറയ്ക്കാനുമുള്ള ഏറ്റവും ലളിതമായ മാർഗമാണ് ട്രാവൽ ഇൻഷുറൻസ്. 

ശരിയായ ട്രാവൽ ഇൻഷുറൻസ്

ഒരാൾക്ക് അനുയോജ്യമായ മികച്ച ട്രാവൽ ഇൻഷുറൻസ് പോളിസി എങ്ങനെയാണു കണ്ടെത്തുക? എളുപ്പമെന്നു തോന്നും. വിലകൾ താരതമ്യം ചെയ്യുന്ന ഒരു വെബ്‌സൈറ്റിൽ പരതി ഏറ്റവും വിലകുറഞ്ഞ ഒന്ന് കണ്ടെത്തുക. എന്നാൽ അതിൽ ചില കുഴപ്പങ്ങളുണ്ട്. വില താരതമ്യം ചെയ്യുന്ന സൈറ്റുകൾ ആകർഷണീയമായി തോന്നും. അവ വളരെ ശക്തവും ഒരുപാട് ആളുകൾ കയറുന്നതുമായിരിക്കും. അതുകൊണ്ടുതന്നെ കമ്പനികൾ പോളിസികൾക്ക് ആകർഷകമായ ഏറ്റവും കുറഞ്ഞ നിരക്കുകൾ നൽകാൻ മൽസരിക്കും. ഇവ മികച്ച ഫലങ്ങൾ തരുന്നവയായി തോന്നിപ്പിക്കുകയും ചെയ്യും.

ഇൻഷുറൻസിനെക്കുറിച്ചു ചിന്തിക്കുമ്പോൾ ഓർക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. യാത്രക്കാരനു പല ആവശ്യങ്ങളുണ്ടാകാം, പ്രായം അനുസരിച്ചു മാത്രമല്ല, കൈയിലുള്ള ലഗേജിന്റെ മൂല്യം അനുസരിച്ചും ഇതിനു മാറ്റം വരാം. യാത്രയുടെ സ്വഭാവം അനുസരിച്ചും ഇതിൽ മാറ്റമുണ്ടാകാം (ഔട്ട്‌ഡോർ പ്രവർത്തനങ്ങളിൽ അനന്തമായ പരിമിതികളും ഒഴിവാക്കലുകളുമുണ്ട്), യാത്ര എത്രത്തോളം അപകടകരമാണ്, എത്ര യാത്രകൾ നടത്താറുണ്ട് എന്നിങ്ങനെ നീളുന്നു വ്യത്യാസങ്ങൾ.

ഈ വ്യത്യാസങ്ങൾ കൊണ്ടുതന്നെ എല്ലാ യാത്രക്കാർക്കും ഉചിതമായ ഒരു പോളിസി നിർദേശിക്കാൻ സാധ്യമല്ല. പകരം, ഇൻഷുറൻസ് എടുക്കുമ്പോൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം:

1. മൾട്ടി ട്രിപ്

മൾട്ടി ട്രിപ് പോളിസികൾ ഒരു വർഷത്തെ നിങ്ങളുടെ എല്ലാ ട്രിപ്പുകളെയും കവർ ചെയ്യുന്നു. ഓരോ ട്രിപ്പിന്റെയും ദൈർഘ്യത്തിന് പക്ഷെ പരിമിതികളുണ്ട്. ഓരോ ട്രിപ്പിനും പ്രത്യേകം പോളിസികൾ എടുക്കുന്നതാണോ ലാഭം അല്ലെങ്കിൽ ഏതെങ്കിലും ഒന്നിന് എടുക്കുന്നതാണോ എന്നത് യാത്രകളുടെ എണ്ണം അനുസരിച്ചിരിക്കും. വർഷത്തിൽ 3-4 ട്രിപ്പുകൾ വേണ്ടിവരുന്നയാൾക്ക് മൾട്ടി ട്രിപ്പ് കവർ തന്നെയായിരിക്കും ഉചിതം. ഓരോ യാത്രാ വേളയിലും പ്രത്യേകം പോളിസികൾ വാങ്ങാതെ തന്നെ വർഷം മുഴുവൻ തുടർച്ചയായി നിങ്ങൾക്ക് പരിരക്ഷ ലഭിക്കും എന്നതാണ് മൾട്ടി ട്രിപ് പോളിസിയുടെ സവിശേഷത.

2. മെഡിക്കൽ ചരിത്രം

നിങ്ങളുടെ മെഡിക്കൽ ചരിത്രം ഗുരുതരമായ രോഗം അല്ലെങ്കിൽ അവസ്ഥയിലുള്ളതാണെങ്കിലും തുടർച്ചയായ പുകവലി, മദ്യാപനം എന്നിവയുണ്ടെങ്കിലും നിങ്ങളുടെ പ്രീമിയം വർധിക്കും. ജീവനു തന്നെ ഭീഷണിയായേക്കാവുന്ന നിലവിലുള്ള ഒരു രോഗത്തിന് സാധാരണ ഗതിയിൽ റെഗുലർ ട്രാവൽ ഇൻഷുറൻസ് പോളിസിയിൽ പരിരക്ഷ ലഭിക്കാറില്ല. അല്ലെങ്കിൽ അതേ പോളിസിയിൽ ആഡ്-ഓൺ വാങ്ങിയിരിക്കണം. പ്രായക്കൂടുതൽ കാരണം മുതിർന്നവർക്ക് പലപ്പോഴും ഉയർന്ന പ്രീമിയമായിരിക്കും.

3. ലക്ഷ്യസ്ഥാനം

അപകടകരമായ ഏതെങ്കിലും സ്ഥലത്തേക്കോ അല്ലെങ്കിൽ സാഹസിക പ്രവർത്തനങ്ങൾ കൂടുതലുള്ള സ്ഥലത്തേക്കോ ആണ് നിങ്ങളുടെ യാത്രയെങ്കിൽ ഇൻഷുറൻസ് പോളിസി പ്രമീയം ഉയർന്നതായിരിക്കും. 

4. സാമഗ്രികളുടെ കവറേജ്

ക്യാമറ, ലാപ്‌ടോപ്, സ്മാർട്ഫോൺ തുടങ്ങി വിലയേറിയ പല സാമഗ്രികളുമായാണ് ഇക്കാലത്ത് എല്ലാവരും യാത്ര ചെയ്യുന്നത്. മിക്കവാറും ട്രാവൽ പോളിസികളും ഓരോ ഉപകരണത്തിനും പ്രത്യേകം മൂല്യം നിശ്ചയിച്ചാണ് കവർ നൽകുന്നത്. എല്ലാ ഉപകരങ്ങൾക്കും ആവശ്യമായ പരിരക്ഷ ലഭിക്കുമെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. അല്ലെങ്കിൽ അതിനാവശ്യമായ ഉയർന്ന പരിധിയുള്ള പോളിസി തെരഞ്ഞെടുക്കുക. ആഭ്യന്തര യാത്രയാണെങ്കിൽ വീട്ടുപകരണങ്ങൾ ഇൻഷുർ ചെയ്തിട്ടുള്ള കമ്പനിയുമായി ബന്ധപ്പെട്ട്, വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോകുമ്പോൾ ഇൻഷുറൻസ് കവറേജ് ലഭിക്കുമോയെന്നു പരിശോധിക്കുക.

 5. പോളിസി റദ്ദാക്കൽ

പുറപ്പെടുന്നതിനുതൊട്ടുമുൻപു സുഖമില്ലാതായി യാത്ര റദ്ദാക്കേണ്ടിവരുന്നത് അത്ര നല്ല കാര്യമല്ല. എന്നാൽ അവിചാരിതമായ കാരണങ്ങളാൽ പലപ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട്. പല പോളിസികളും അക്കോമഡേഷന്റെയും ഫ്ലൈറ്റിന്റെയും റദ്ദാക്കൽ കവറിൽ ഉൾപ്പെടുത്താറില്ല. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങൾ പോളിസി എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. 

വിവരങ്ങൾ: രാഘവേന്ദ്ര റാവു, റീട്ടെയിൽ മേധാവി, ഫ്യൂച്ചർ ജനറലി ഇന്ത്യ ഇൻഷുറൻസ്