Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരവ് മോദി കേസിൽ പ്രതിയായ മലയാളിയെ ബാങ്ക് മേധാവിസ്ഥാനത്തുനിന്നു നീക്കുന്നു

nirav-usha-pnb

ന്യൂഡൽഹി ∙   പഞ്ചാബ് നാഷനൽ ബാങ്കിൽ(പിഎൻബി) നിന്നു ക്രമക്കേടിലൂടെ ജാമ്യപത്രങ്ങൾ സംഘടിപ്പിച്ച് വൻ വജ്രവ്യവസായി നീരവ് മോദിയും സംഘവും 13000 കോടി രൂപയുടെയെങ്കിലും വായ്പ തട്ടിയെടുത്ത കേസിൽ കുറ്റപത്രത്തിൽ പ്രതി ചേർക്കപ്പെട്ട മലയാളി ഉഷ അനന്തസുബ്രഹ്മണ്യനെ അലഹബാദ് ബാങ്ക് മേധാവി സ്ഥാനത്തുനിന്നു നീക്കും. 2015 മുതൽ 2017 മേയ് അഞ്ചുവരെ പിഎൻബി മാനേജിങ് ഡയറക്ടറായിരുന്ന അവരെ അധികാരത്തിൽനിന്നു മാറ്റാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് അലഹാബാദ് ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഇന്നു യോഗം ചേരും.

കുറ്റപത്രത്തിലുൾപ്പെട്ട കെ.വി. ബ്രഹ്മാജി റാവു, സഞ്ജീവ് ശരൺ എന്നിവരെ എക്സിക്യൂട്ടീവ് ഡയറക്ടർസ്ഥാനത്തുനിന്ന് പഞ്ചാബ് നാഷനൽ ബാങ്ക് ഇന്നലെ നീക്കം ചെയ്തു. പൊതുമേഖലാ ബാങ്ക് ബോർഡുകളിൽനിന്നു ഡയറക്ടർമാരെ നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ അനുസരിച്ചാണ് മൂന്നു പേർക്കെതിരെയും നടപടിയെടുക്കുന്നതെന്നു ധനസേവന സെക്രട്ടറി രാജിവ് കുമാർ പറഞ്ഞു. അലഹാബാദ് ബാങ്കിൽ സർക്കാരിന് 65 % ഓഹരിയുണ്ട്. പിഎൻബിയിൽ 62 ശതമാനവും.

വായ്പതട്ടിപ്പിൽ പങ്കുണ്ടെന്നു കണ്ട് ഉഷ അനന്തസുബ്രഹ്മണ്യനെ സിബിഐ ചോദ്യം ചെയ്തിരുന്നു. കേസിൽ സിബിഐ ഇന്നലെ കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് സ്വദേശിയായ ഉഷ മദ്രാസ് സർവ്വകലാശാലയിൽ നിന്നു സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തരബിരുദം നേടി 1982 ൽ ബാങ്ക് ഓഫ് ബറോഡയിൽ ഓഫിസറായി ജോലിയിൽ പ്രവേശിച്ചു. 

ഭാരതീയ മഹിളാ ബാങ്ക് രൂപീകരണത്തിന് കേന്ദ്ര സർക്കാർ നിയോഗിച്ച മാനേജ്മെന്റ് ടീമിൽ അംഗമായിരുന്ന അവർ 2013ൽ ബാങ്കിന്റെ ആദ്യ സിഎംഡിയുമായി. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ അധ്യക്ഷസ്ഥാനത്തെ ആദ്യ വനിതയുമായി.