Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ–ടെൻഡർ ഒഴിവാക്കി തോട്ടണ്ടി ഇറക്കുമതിക്കു തീരുമാനം

cashew

തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ ഇ ടെൻഡർ ഒഴിവാക്കി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നു നൂറുകണക്കിനു ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നു. അതിനുള്ള തീരുമാനം കഴിഞ്ഞ മന്ത്രിസഭാ യോഗം അജൻഡയ്ക്കു പുറത്തുള്ള ഇനമായി എടുത്തു.

ഗിനി ബിസാവോ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് ആവശ്യാനുസരണം തോട്ടണ്ടി ഇറക്കുമതിക്കു കേരള കാഷ്യു ബോർഡിന് അനുമതി നൽകിയത്. ഈ രാജ്യങ്ങളിലെ പ്രാദേശിക പത്രങ്ങളിൽ പരസ്യം നൽകി തോട്ടണ്ടി സംഭരിക്കും. ധനമന്ത്രിയും കശുവണ്ടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയും പങ്കെടുത്ത ആലോചനാ യോഗത്തിന്റെ മിനിറ്റ്സിന്റെ മാത്രം അടിസ്ഥാനത്തിൽ മന്ത്രിസഭ അനുമതി നൽകുകയായിരുന്നു.

ചില ഉദ്യോഗസ്ഥരുടെ എതിർപ്പ് അവഗണിച്ചാണ് ഇ ടെൻഡർ ഒഴിവാക്കി തോട്ടണ്ടി വാങ്ങുന്നതെന്ന് അറിയുന്നു. എത്ര ടൺ വാങ്ങണമെന്നു നിജപ്പെടുത്തിയിട്ടില്ല. ആവശ്യാനുസരണം എന്നേ തീരുമാനിച്ചിട്ടുള്ളൂ. കശുവണ്ടി വ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്തുവായ തോട്ടണ്ടി ഇവിടെ വേണ്ടത്ര ലഭ്യമല്ലാത്തതിനാൽ ഉൽപാദകരായ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ യോഗം നേരത്തെ സർക്കാർ വിളിച്ചു ചേർത്തിരുന്നു.

തോട്ടണ്ടി വിദേശത്തു നിന്നു സംഭരിച്ച് ഇറക്കുമതി ചെയ്തു സ്വകാര്യ മേഖലയിലും പൊതുമേഖലയിലുമുള്ള വ്യവസായങ്ങൾക്ക് എത്തിച്ചു കൊടുക്കാൻ കാഷ്യു ബോർഡും സർക്കാർ രൂപീകരിച്ചു. കുറഞ്ഞ വിലയ്ക്കു തോട്ടണ്ടി എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണു നടപടികൾ. എന്നാൽ മന്ത്രിസഭാ യോഗം ഇത്തരമൊരു തീരുമാനം എടുത്തതായി അധികൃതർ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.