Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

80 ഡോളർ പിന്നിട്ട് എണ്ണ; നാലുവർഷത്തെ ഏറ്റവും ഉയർന്ന വില

oil-price-up

ദോഹ ∙ ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് അമേരിക്ക പിൻവാങ്ങിയതിനു പിന്നാലെയുള്ള തുടർ ചലനങ്ങളിൽ എണ്ണ വില കുതിക്കുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 80.18 ഡോളറായി; നാലുവർഷത്തെ ഏറ്റവും ഉയർന്ന വില. ഫ്രഞ്ച് ബഹുരാഷ്ട്ര എണ്ണ കമ്പനിയായ ടോട്ടൽ, ഇറാനിലെ എണ്ണപ്പാട ഖനനത്തിൽ നിന്നു പിൻമാറിയേക്കുമെന്ന റിപ്പോർട്ടുകളാണു വിപണിയിൽ എണ്ണ വില കൂടാൻ ഇടയാക്കിയത്.

ഇറാനെതിരെ യുഎസ് ഉപരോധം വരാനിരിക്കുന്ന പശ്ചാത്തലത്തിൽ ഷിപ്പിങ് കമ്പനികൾ ഉൾപ്പെടെയുള്ളവ പിൻമാറുമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ ഇറാനിൽ നിന്ന് ആഗോള വിപണിയിലേക്കുള്ള എണ്ണയുടെ വരവ് തടസ്സപ്പെടാനുള്ള സാധ്യതയാണു വിപണിയിൽ എണ്ണ വില ഉയർത്തുന്നത്. പ്രതിദിനം രണ്ടു ലക്ഷം മുതൽ എട്ടു ലക്ഷം വരെ ബാരൽ കുറവു വരുമെന്നാണു വിലയിരുത്തൽ.

ആഗോള വിപണിയുടെ ആവശ്യത്തിന് അനുസരിച്ച് ഉൽപാദനം വർധിപ്പിക്കാനുള്ള യുഎസ് എണ്ണക്കമ്പനികളുടെ ശ്രമം ഫലം കണ്ടിട്ടില്ല. ആവശ്യമായ തോതിൽ പൈപ്പ്‌ലൈനുകളില്ലാത്തതും, ഉൽപാദനം ഉയർത്താനാവശ്യമായ സൗകര്യങ്ങൾ നിലവിൽ ലഭ്യമല്ലാത്തതുമാണു പ്രശ്നം. ഒപെക്– ഒപെക് ഇതര രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉൽപാദന നിയന്ത്രണം മൂലം എണ്ണ ലഭ്യതയിലുണ്ടായ കുറവ് നികത്താൻ യുഎസ് കമ്പനികൾക്ക് കഴിയുന്നുമില്ല.

ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ) അംഗരാജ്യമായ വെനസ്വേലയും ഉൽപാദനത്തിൽ കുറവു വരുത്തിയിട്ടുണ്ട്. ആവശ്യമേറുന്ന സാഹചര്യത്തിൽ ഉൽപാദന നിയന്ത്രണം നീക്കണമെന്ന ആവശ്യത്തോട് ഒപെക് രാജ്യങ്ങൾ അനുകൂലമായല്ല പ്രതികരിക്കുന്നത്. നിയന്ത്രണം നീക്കിയാൽ അതു വീണ്ടും വിലയിടിവിനു കാരണമാകുമെന്നാണു സൗദി അറേബ്യയുൾപ്പെടെ ഒപെക്കിലെ പ്രമുഖ രാജ്യങ്ങൾ കരുതുന്നത്. വർഷാവസാനത്തോടെ മാത്രമേ ഇക്കാര്യത്തിൽ പുനഃപരിശോധനയ്ക്കു സാധ്യതയുള്ളൂ.

ഇന്ധനവില ലീറ്ററിന് നാലു രൂപ ഉയരാനിട

ന്യൂഡൽഹി ∙ കർണാടക തിരഞ്ഞെടുപ്പിനു മുൻപുള്ള രീതിയിൽ എണ്ണക്കമ്പനികൾ ഇന്ധനവില പുനർ നിർയിക്കുകയാണെങ്കിൽ പെട്രോളിനും ഡീസലിനും ലീറ്ററിന് നാലു രൂപവരെ വിലകൂടാമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങൾ. തിരഞ്ഞെടുപ്പുസമയം 19 ദിവസം വില മരവിപ്പിച്ചു നിർത്തിയ കമ്പനികൾ പോളിങ് കഴിഞ്ഞ് വിലകൂട്ടിത്തുടങ്ങി. പെട്രോളിന് പലതവണയായി 69 പൈസയും ഡീസലിന് 86 പൈസയും ഇതിനകം കൂട്ടിയിട്ടുണ്ട്. രാജ്യാന്തര എണ്ണവില വർധിക്കുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ധനവില കുതിച്ചുയരുമെന്നാണു കണക്കാക്കുന്നത്. ഡീസലിന് ഒറ്റത്തവണ ലീറ്ററിനു മൂന്നര– നാലു രൂപയും പെട്രോളിന് നാല്–നാലര രൂപയും വിലവർധിപ്പിച്ചാൽ മാത്രമേ കമ്പനികൾക്ക് ലീറ്ററിന് 2.7 രൂപ മാർജിൻ നേടാൻ കഴിയൂ എന്ന സ്ഥിതിയുണ്ട്– കോട്ടക് ഇൻഡസ്ട്രിയൽ ഇക്വിറ്റീസിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.