Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാം ടൂറിസം: ചട്ടങ്ങളിൽ ഇളവ്

തിരുവനന്തപുരം∙ കേരളത്തിൽ ഫാം ടൂറിസം പ്രോൽസാഹിപ്പിക്കാൻ ചട്ടങ്ങളിൽ ഇളവുകളുമായി ടൂറിസം വകുപ്പ്. ഫാം ടൂറിസം പദ്ധതികൾ തുടങ്ങാൻ ചുരുങ്ങിയത് 50 ഏക്കർ തോട്ടം വേണമെന്നത് 15 ഏക്കറായി ചുരുക്കും. കൃഷിഭൂമി 15 ഏക്കർ എന്നതു മൂന്ന് ഏക്കർ മതിയെന്നാക്കും. ഒരു വർഷത്തിനകം കേരളത്തിൽ 50 പുതിയ ഫാം ടൂറിസം പദ്ധതികൾക്കു തുടക്കമിടാനാണു വകുപ്പു ലക്ഷ്യമിടുന്നത്.

നഗരങ്ങളിലും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും താമസിക്കുന്നതിനു പകരം തിരക്കൊഴിഞ്ഞ തോട്ടങ്ങളിലും കൃഷിഭൂമിയിലും സമയം ചെലവിടുന്നതാണു ലോക വിനോദസഞ്ചാര മേഖലയിലെ പുതിയ പ്രവണത. കേരളത്തിൽ ഫാം ടൂറിസത്തിനു വലിയ സാധ്യതകളുണ്ടെങ്കിലും ഇപ്പോഴും ഈ മേഖലയിൽ കാര്യമായ സംരംഭങ്ങളുണ്ടായിട്ടില്ല.  വിദേശരാജ്യങ്ങളി‍ൽ നടന്ന ടൂറിസം റോഡ് ഷോകളിൽ കേരളത്തിലെ ഫാം ടൂറിസം കേന്ദ്രങ്ങളെക്കുറിച്ച് ഒട്ടേറെ അന്വേഷണങ്ങൾ ലഭിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദേശപ്രകാരം ഗ്രീൻ ഫാം പോളിസിയുമായി ടൂറിസം വകുപ്പു മുന്നിട്ടിറങ്ങുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷനായിരിക്കും പദ്ധതിയുടെ ചുമതല.

കൃഷി, മൃഗസംരക്ഷണ വകുപ്പുകളുടെ ഫാമുകളിൽ പദ്ധതി തുടങ്ങാൻ ടൂറിസം വകുപ്പു തന്നെ മുൻകയ്യെടുക്കും. വ്യക്തികളുടെ തോട്ടങ്ങളിലും കൃഷിഭൂമിയിലും ഫാം ടൂറിസം പദ്ധതികൾക്കു വകുപ്പ് മാർഗനിർദേശവും പ്രചാരണവും നൽകും. 

പദ്ധതികളുടെ നിലവാരം പരിശോധിച്ചു ക്ലാസിഫിക്കേഷനും ടൂറിസം വകുപ്പു നൽകും. നിലവിലുള്ള നിബന്ധനകളിൽ ഇളവു വരുന്നതോടെ ഒട്ടേറെ സംരംഭകർ എത്തുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. തോട്ടംഭൂമിയുടെ 5% തരംമാറ്റി വിനോദസഞ്ചാരത്തിന് ഉപയോഗിക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നു.