Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപ താഴേക്ക്

Rupee Dollar

മുംബൈ ∙ കണക്കുകൂട്ടലുകൾ തെറ്റിച്ച് രൂപ താഴേക്ക്. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ 18 മാസത്തെ താഴ്ന്ന നിലവാരമായ 68.42 ൽ എത്തി. ഇന്നലത്തെ നഷ്ടം 38 പൈസ. 2016 നവംബർ 29 ന് 68.65 ൽ എത്തിയതാണ് ഇതിന് മുൻപ് രൂപ നേരിട്ട കുറഞ്ഞ നിലവാരം. 68.15 ൽ വ്യാപാരം ആരംഭിച്ച രൂപ ഒരവസരത്തിൽ 68.46 വരെ എത്തിയിരുന്നു.

രൂപയ്ക്കു തിരിച്ചടി നൽകുന്ന ഘടകങ്ങൾ:

∙ എണ്ണ വിലക്കയറ്റം ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് ഗണ്യമായി ഉയർത്തുമെന്ന ആശങ്ക.
∙ യുഎസ് – ചൈന വ്യാപാര ബന്ധം വീണ്ടും തകരുമെന്ന കണക്കുകൂട്ടൽ
∙ ഓഹരി വിപണിയിലെ ഇടിവ്. ആഭ്യന്തര, വിദേശ ധന സ്ഥാപനങ്ങളുടെ വിൽപന.

ഇറക്കുമതിക്കാർ നല്ല തോതിൽ ഡോളർ വാങ്ങിക്കൂട്ടുകയാണ്. ഈ മാസം ഇതുവരെ വിദേശ ധനസ്ഥാപനങ്ങൾ 18,000 കോടി രൂപയുടെ വിൽപന നടത്തി. ഇതിനു പുറമെ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം തുടർച്ചയായി താഴുന്നതും രൂപയ്ക്ക് മേൽ സമ്മർദം ചെലുത്തുന്നു.

എണ്ണവിലക്കയറ്റം കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) വർധിപ്പിക്കുമെന്ന് എസ്ബിഐ റിപ്പോർട്ടിൽ പറയുന്നു. 2017–2018ൽ സിഎഡി മൊത്തം അഭ്യന്തര ഉൽപാദനത്തിന്റെ 1.9 ശതമാനമായിരിക്കുമെന്നാണു കണക്കാക്കിയിരുന്നത്. ഇത് 2.5 ശതമാനം വരെ ഉയരാം.  ഈ വർഷം ആദ്യം 63.62 നിലവാരത്തിലായിരുന്നു രൂപയുടെ നിരക്ക്. അഞ്ചു മാസംകൊണ്ടു രൂപയുടെ മൂല്യത്തിൽ 6.5% ഇടിവാണുണ്ടായത്.