Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാർട്ടപ്പുകൾക്ക് 7.5 കോടിയുടെ പദ്ധതിയുമായി മണിപ്പാൽ അക്കാദമി

startup-ideas-1

മണിപ്പാൽ (കർണാടക) ∙ ചികിത്സാരംഗത്തു ഗവേഷണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ. ഇതിനായി 7.5 കോടിയുടെ പദ്ധതി ഈ വർഷം തുടങ്ങുമെന്ന് വൈസ് ചാൻസലർ ഡോ. എച്ച്. വിനോദ് ഭട്ട് പറ‍ഞ്ഞു.

ചികിത്സാ ഉപകരണങ്ങളുടെ നിർമാണം, മരുന്നുനിർമാണം, രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നതിനും ചികിത്സ കൂടുതൽ കൃത്യമാക്കുന്നതിനും സഹായിക്കുന്ന മോളിക്യുലർ ഡയഗ്നോസിസ് എന്നീ രംഗങ്ങളിലാണു സ്റ്റാർട്ടപ്പുകൾ തുടങ്ങുക. കർണാടക സർക്കാർ 5.5 കോടി രൂപ അനുവദിച്ചു. അക്കാദമി രണ്ടുകോടി നൽകും. 10 സ്റ്റാർട്ടപ്പുകളാണ് ആദ്യവർഷം ലക്ഷ്യമിടുന്നത്.  

കൽപിത സർവകലാശാലാ പദവിയുള്ള മണിപ്പാൽ അക്കാദമി, വിദ്യാർഥികളിലും അധ്യാപകരിലും സംരംഭകത്വം വളർത്തുന്നതിന് പ്രധാന്യം നൽകുന്നു.  മണിപ്പാൽ യൂണിവേഴ്സിറ്റി ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിനു കീഴിൽ വിവര സാങ്കേതിക വിദ്യ, കൃഷി, ആരോഗ്യം, ഊർജസംരക്ഷണം എന്നിവ അടിസ്ഥാനമാക്കി 26 സ്റ്റാർട്ടപ്പുകൾ നിലവിലുണ്ട്.  

ഇന്ത്യയ്ക്കകത്തും പുറത്തുമായി കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടാറ്റയുമായി ചേർന്നു ജാംഷഡ്പുരിൽ മെഡിക്കൽ സ്കൂൾ ആരംഭിക്കും. ബെംഗളൂരു ക്യാംപസ് വികസിപ്പിക്കും. കൂടാതെ ശ്രീലങ്കയിൽ കൊളംബോയ്ക്കടുത്ത് കലുത്തറയിൽ നോൺ–മെഡിക്കൽ വിദ്യാഭ്യാസ സമുച്ചയം തുടങ്ങും. തുടർന്ന് അവിടെ മെഡിക്കൽ ക്യാംപസും ലക്ഷ്യമിടുന്നുണ്ടെന്നു വിനോദ് ഭട്ട് പറഞ്ഞു. കേരളത്തിൽ ഉടൻ നിക്ഷേപത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.