Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

69 രൂപ കൊടുത്താലേ ഒരു ഡോളർ കൂടെപ്പോരൂ

Rupee down

ന്യൂഡൽഹി ∙ ഡോളറിന് 70 രൂപ എന്ന നിലയിലേക്ക് ഇന്ത്യൻ കറൻസിയുടെ വിനിമയ മൂല്യം താഴാൻ സാധ്യതയുണ്ടെന്നു നിരീക്ഷകർ. എണ്ണ വില താഴ്ന്നതു മാത്രമല്ല, ഇന്ത്യ അടക്കമുള്ള വികസ്വര വിപണികളിൽനിന്ന് വൻതോതിൽ പണം പിൻവലിക്കപ്പെടുന്നതും തുടരുന്ന രാജ്യാന്തര വ്യാപാര തർക്കങ്ങളും രൂപയ്ക്കു മേൽ സമ്മർദം തുടരും. ഇക്കൊല്ലം രൂപയുടെ മൂല്യം 7.7% കുറഞ്ഞിട്ടുണ്ട്. റിസർവ് ബാങ്കിൽനിന്നു കാര്യമായ ഇടപെടലില്ലെങ്കിൽ ഡോളറിന് 70 രൂപ എന്ന നിരക്ക് വളരെ അടുത്താണെന്ന് വിദേശ ബാങ്കുകൾ വിലയിരുത്തുന്നു. 

ഫിലിപ്പീൻസ് കറൻസി പെസോയും ഇന്തൊനീഷ്യൻ കറൻസി റുപിയയും ഇതേ രീതിയിൽ മൂല്യമിടിവു നേരിടുകയാണ്. രാജ്യാന്തര എണ്ണ വില ഉയരുമ്പോൾ ഇറക്കുമതിക്കായി ഇന്ത്യ കൂടുതൽ ഡോളർ ചെലവിടേണ്ടി വരുന്നു. എന്നാൽ 2013 ൽ ഉണ്ടായതുപോലെ ഇന്ത്യൻ കറൻസിക്കു തകർച്ചയുണ്ടാവില്ലെന്നു സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു.

2500 കോടി ഡോളർ വരെ വിറ്റഴിക്കാൻ റിസർവ് ബാങ്കിനു കഴിയും. വിനിമയ വിപണിയിൽ ഡോളർ കൂടുതലെത്തിച്ചാൽ ഡോളറിനു വില കുറയും.41007 കോടി ഡോളറാണ് ഇന്ത്യയ്ക്ക് നിലവിലുള്ള വിദേശനാണ്യ ശേഖരം.

ഇന്ത്യയിൽ ദുരിതം

∙ രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ഉൽപന്നങ്ങൾക്കു വില ഉയരാൻ ഇടയാക്കും. 

∙ എണ്ണ വില ഉയർന്നു നിൽക്കുകയും രൂപയുടെ മൂല്യം താഴുകയും ചെയ്യുന്നത് ഇന്ധന വില ഇനിയും ഉയരാൻ വഴിയൊരുക്കും. ഇന്ധനവില ഉയരുന്നത് എല്ലാ നിത്യോപയോഗ വസ്തുക്കളുടെയും വില ഉയർത്തും.

∙ വാഹനങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിങ്ങനെ, ഇറക്കുമതി ഘടകങ്ങളുള്ള ഉൽപന്നങ്ങൾക്കൊക്കെ വില ഉയരും.

∙ വിദേശ യാത്രകൾ ചെലവേറിയതാകും. ഡോളർ അടക്കമുള്ള വിദേശ കറൻസികൾ സ്വന്തമാക്കാൻ കൂടുതൽ രൂപ നൽകേണ്ടി വരുമെന്നതാണു കാരണം. 

∙ വിദേശത്തു പഠിക്കുന്നവർക്കും ഇങ്ങനെ ചെലവ് ഉയരും.

ഓഹരിവിപണിയിൽ ഇടിവ്

മുംബൈ ∙ രൂപയുടെ മൂല്യം ഏറ്റവും താഴ്ചയിൽ എത്തിയതും ആഗോള വിപണികളിൽ യുഎസ്–ചൈന തർക്കം മൂലമുണ്ടായ അസ്ഥിരതയും ഓഹരി വിപണിയെ ഉലച്ചു. ബിഎസ്ഇ സൂചിക സെൻസെക്സ് 179.47 പോയിന്റും എൻഎസ്ഇ നിഫ്റ്റി 82.30 പോയിന്റും ഇടിഞ്ഞു. ഇറാനിൽനിന്ന് ആരും എണ്ണ വാങ്ങരുതെന്ന് യുഎസ് പറഞ്ഞതോടെ എണ്ണ വില ബാരലിന് 78 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്.

വിദേശപ്പണം കിട്ടുന്നവർക്ക് വൻ നേട്ടം

കയറ്റുമതിക്കാർക്കും വിദേശ ഇന്ത്യക്കാർക്കും രൂപയുടെ ഇടിവു നേട്ടമേകും. ഇവർക്കു കിട്ടുന്ന വിദേശ നാണ്യം ഇന്ത്യയിലെത്തുമ്പോൾ പതിവിലും കൂടുതൽ രൂപയാക്കാമെന്നതാണു കാരണം.

യുഎഇ ദിർഹം @ 18.73 രൂപ

രൂപയുടെ വില ഇടിഞ്ഞതിനെ തുടർന്ന് യുഎഇ ദിർഹം-രൂപ വിനിമയനിരക്ക് ഉയർന്നു. മണി എക്സ്ചേഞ്ചുകളിൽ ഇന്നലെ ഒരു ദിർഹത്തിന് 18.73 വരെ ലഭ്യമായിരുന്നു. വൈകിട്ടോടെ 18.69 ആണ് ഉയർന്ന നിരക്ക്. വിനിമയനിരക്ക് ഇനിയും ഉയരാനാണു സാധ്യതയെന്നു വിദഗ്ധർ അഭിപ്രായപ്പെട്ടു. 

ഖത്തർ റിയാൽ @ 18.70 രൂപ

ഖത്തർ റിയാലുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് റെക്കോർ‍ഡ് ഇടിവ്. ബുധനാഴ്ച 18.67ലേക്ക് എത്തിയ വിനിമയ നിരക്ക് ഇന്നലെ 18.70 ആയി. സർക്കാർ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസം ശമ്പളം ലഭിച്ചതിനാൽ മണി എക്സ്ചേഞ്ചുകളിൽ ഇന്നലെ പൂരത്തിരക്കായിരുന്നു.

പലരും ദീർഘനേരം ക്യൂ നിന്ന് ഉയർന്ന നിരക്കിൽ പണമയച്ചാണ് മടങ്ങിയത്.ഒരു റിയാലിന് 18.70 രൂപ എന്നത് ബാങ്ക് നിരക്കാണ്. ഖത്തറിലെ ബാങ്കിൽനിന്ന് ഓൺലൈനായി നാട്ടിലേക്കു പണമയച്ചവർക്ക് ഇന്നലെ ഈ നിരക്കാണ് ലഭിച്ചത്. 

എന്നാൽ ഇങ്ങനെ പണമയയ്ക്കുന്നവർ കുറവാണ്. ഏറെപ്പേരും നാട്ടിലേക്ക് പണമയക്കാൻ  മണി എക്സ്ചേഞ്ചുകളെയാണ് സമീപിക്കുന്നത്. ബാങ്ക് നിരക്കിനെക്കാൾ അൽപം ഉയർന്ന നിരക്ക് ലഭിക്കുമെന്നതാണ് കാരണം. ബാങ്ക് നിരക്കിലും അഞ്ചുപൈസ കൂട്ടി(18.75)യാണ് മിക്ക മണി എക്സ്ചേഞ്ചുകളും ഇന്നലെ  നൽകിയത്.