Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 വർഷത്തെ ഏറ്റവും കുറഞ്ഞ നികുതി വളർച്ചയിൽ കേരളം

Goods and Services Tax - GST

തിരുവനന്തപുരം∙ കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നികുതി വരുമാന വളർച്ചാ നിരക്കിൽ കേരളം. ഇൗ തിരിച്ചടിക്കു കാരണം ജിഎസ്ടി തന്നെ.  സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ കണക്കുകൾ പ്രകാരം 4% മാത്രമാണു കഴിഞ്ഞ സാമ്പത്തിക വർഷത്തെ വാറ്റ്, ജിഎസ്ടി വളർച്ചാ നിരക്ക്. തൊട്ടു മുൻവർഷം 10% ആയിരുന്നു വളർച്ച. 2012-13ൽ ഇത് 25% വരെ ഉയർന്ന ചരിത്രവുമുണ്ട്. ജിഎസ്ടി നടപ്പാക്കിയ ശേഷമുള്ള 10 മാസത്തെ നികുതി വരുമാനവും മുൻവർഷത്തെ ഇതേ മാസങ്ങളിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോഴാകട്ടെ, സംസ്ഥാനത്തിനു നഷ്ടപ്പെട്ടത് 609 കോടി രൂപ. ജിഎസ്ടി നടപ്പാക്കി ഒരു വർഷം കഴിയുമ്പോഴും നികുതി വരുമാനം കാര്യമായി വർധിക്കാത്തതിനാൽ കേന്ദ്രം നൽകുന്ന നഷ്ടപരിഹാരത്തിൽ പിടിച്ചു തൂങ്ങിയാണു സംസ്ഥാനത്തിന്റെ നിലനിൽപ്പ്. 

വ്യാപാരികളിൽ നിന്നു മുൻപു പിരിച്ചിരുന്ന മൂല്യവർധിത നികുതിയും ജൂലൈ മുതൽ പിരിക്കുന്ന ജിഎസ്ടിയുമാണു സംസ്ഥാന നികുതി വരുമാനത്തിൽ പകുതിയും. ബാക്കി പെട്രോൾ, ഡീസൽ, മദ്യം, സ്റ്റാംപ് ഡ്യൂട്ടി, മോട്ടോർ വാഹന നികുതി എന്നീ ഇനങ്ങളിൽ നിന്നു ജിഎസ്ടി ഇതര നികുതിയായും ലഭിക്കുന്നു. രണ്ടിനത്തിലുമായി ഏതാണ്ടു 32,000 കോടിയാണ് ഒരു വർഷം ഖജനാവിലെത്തുക. ശരാശരി 14% ജിഎസ്ടി വരുമാന വളർച്ച പ്രതീക്ഷിച്ചിരുന്നതു നാലു ശതമാനത്തിലേക്കു താഴുന്നതു സംസ്ഥാന സാമ്പത്തിക നിലയുടെ താളം തെറ്റിക്കും. 

gst-kerala-revenue

വാറ്റ്, ജിഎസ്ടി, ഐജിഎസ്ടി വിഹിതം എന്നീ ഇനങ്ങളിലായി കഴിഞ്ഞ വർഷം 18,567 കോടി രൂപ സംസ്ഥാനത്തിനു ലഭിച്ചു. വർധന 713 കോടി രൂപ. എന്നാൽ തൊട്ടു മുൻവർഷം അധികമായി ലഭിച്ചതാകട്ടെ 1625 കോടിയും. നികുതി പിരിവ് ഉൗർജിതമാക്കുകയും കൂടുതൽ വ്യാപാരികളെ സമ്മർദം ചെലുത്തി ജിഎസ്ടി ശൃംഖലയിലേക്കു കൊണ്ടു വരികയുമാണു വരുമാനം വർധിപ്പിക്കാനുള്ള മാർഗം. എന്നാൽ ഏതു വാണിജ്യ മേഖലയിൽ നിന്നാണു നികുതി വരുമാനം കുറവെന്നു പോലും ഉദ്യോഗസ്ഥർക്കു തിട്ടമില്ല. 

ജിഎസ്ടി ശൃംഖലയിൽ നിന്നു കണക്കുകൾ കിട്ടാത്തതാണു കാരണം. അതേസമയം സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി രൂപ ഐജിഎസ്ടി വിഹിതമായി നൽകാനുണ്ടെന്ന കേന്ദ്രത്തിന്റെ പ്രസ്താവനയിൽ കേരളവും പ്രതീക്ഷ വയ്ക്കുന്നു. 800 മുതൽ 1000 കോടി രൂപ വരെ ഓണത്തിനു മുൻപു ലഭിക്കുമെന്നാണു കരുതുന്നതെന്നു ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.

തയാറെടുപ്പില്ലാതെ ജിഎസ്ടി  നടപ്പാക്കുമെന്നു കരുതിയില്ല; വീഴ്ച പറ്റി: ഐസക്

തിരുവനന്തപുരം∙ തയാറെടുപ്പില്ലാതെ കേന്ദ്രസർക്കാർ ജിഎസ്ടി നടപ്പാക്കുമെന്നു മുൻകൂട്ടി തിരിച്ചറിയാത്തതു തന്റെ വീഴ്ചയാണെന്നു മന്ത്രി ടി.എം. തോമസ് ഐസക്. ‘‘ജിഎസ്ടിയുടെ ആദ്യവർഷം നിരാശാജനകമാണ്. ഞാൻ ജിഎസ്ടിയുടെ വക്താവല്ല. പ്രശ്നം ജിഎസ്ടിയുടേതല്ല. അതു നടപ്പാക്കിയ രീതിയുടേതാണ്. കേരളത്തിനു ജിഎസ്ടി നേട്ടമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, സംഭവിച്ചതെല്ലാം നേർവിപരീതമാണ്. നികുതി കുറഞ്ഞിട്ടും വില കുറഞ്ഞില്ല. ചെറുകിട വ്യവസായങ്ങൾ കുഴപ്പത്തിലായി. നികുതിവരുമാനം പ്രതീക്ഷിച്ചതു പോലെ കൂടിയതുമില്ല. എന്നെ ജിഎസ്ടിയുടെ വക്താവായി ചിത്രീകരിക്കുന്നതു ശരിയല്ല. കേരളത്തിന്റെ ധനമന്ത്രി ചെയ്യേണ്ട ഇടപെടലുകളാണു നടത്തിയത്’’–ഐസക് പറഞ്ഞു. ഹോട്ടൽ ഭക്ഷണവില, കോഴിവില എന്നിവ കുറയ്ക്കാൻ നടത്തിയ ശ്രമങ്ങൾ വേണ്ടത്ര ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

related stories