Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാങ്ക് സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ ജനകീയ മുന്നേറ്റം വേണം: മന്ത്രി െഎസക്

ഡോ. തോമസ് െഎസക് ഡോ. തോമസ് െഎസക്

തിരുവനന്തപുരം∙ കോർപറേറ്റകൾക്ക് അടിപ്പെട്ട് തകർച്ച നേരിടുന്ന പൊതുമേഖലാ ബാങ്കുകളെ രക്ഷിക്കാനെന്ന പേരിൽ കേന്ദ്രം നടത്തുന്ന സ്വകാര്യവൽക്കരണ നീക്കത്തെ ചെറുക്കാൻ കേരളത്തിൽനിന്ന് ഒരു മുന്നേറ്റം.  രാഷ്ട്രീയമില്ലാതെ സമാന ചിന്താഗതിക്കാരായ  സാമ്പത്തിക വിദഗ്ധരുൾപ്പെടെയുള്ളവരുടെ  സംഘമാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. ദേശീയതലത്തിൽ സമരവും ബോധവൽക്കരണവും നടത്താനാണു പരിപാടി.  

അടിസ്ഥാന വികസനത്തിനു ലക്ഷ്യമിട്ടാണു ബാങ്കുകൾ തുടങ്ങിയതും പിന്നീടു ദേശസാൽക്കരിച്ചതും. കാലക്രമേണ ബാങ്കുകൾ ഇതിൽനിന്നു വ്യതിചലിച്ചു ലാഭമുണ്ടാക്കുന്നതിൽ മാത്രം ശ്രദ്ധപുലർത്തി. സാധാരണക്കാരെയും സർക്കാർ വികസനപദ്ധതികളെയും മറന്നു കോർപറേറ്റുകളെ സംരക്ഷിക്കുക എന്ന നിലപാടാണ് ഇന്നു ബാങ്കുകൾക്കുള്ളതെന്നു മൂവ്മെന്റ് ഫോർ ഇന്ത്യാസ് ഫിനാ‍ൻസ് ഇൻഡിപെൻഡൻസ് (എംഐഎഫ്ഐ)  എന്ന പേരിൽ രൂപം നൽകിയ ജനകീയ  പ്രസ്ഥാനം  സംഘടിപ്പിച്ച ‘ഇന്ത്യയിലെ ബാങ്കിങ് പ്രതിസന്ധി’ െസമിനാറിൽ അഭിപ്രയമുയർന്നു.

സാധാരണ നിക്ഷേപകരുടെ പണം കോർപറേറ്റുകൾ ഊറ്റിയെടുത്തതുവഴി ബാങ്കിങ് മേഖല നേരിടുന്ന ഗുരതരമായ പ്രതിസന്ധിയെക്കുറിച്ചു പൊതുജനത്തിന് ഇപ്പോഴും വ്യക്തമായ ധാരണയില്ലെന്നും സർക്കാർ എല്ലാം ശരിയാക്കിക്കൊള്ളും  എന്ന മിഥ്യാധാരണയിലാണവരെന്നും  ചർച്ചയ്ക്കു നേതൃത്വം നൽകിയ  ധനമന്ത്രി ഡോ. തോമസ് െഎസക്  പറഞ്ഞു. 

ബാങ്കുകൾ പൊതുമേഖലയിൽ സംരക്ഷിച്ചുകൊണ്ടു മാത്രമേ രാജ്യവികസനവും ജനങ്ങളുടെ വായ്പാ ആവശ്യവും നിറവേറ്റാനാകൂ. 

സർക്കാർ ഇപ്പോഴെടുക്കുന്ന നയങ്ങളും നിലപാടുകളും കിട്ടാക്കടം വരുത്തിയ കോർപറേറ്റുകൾക്കു വലിയ ഇളവുകൾ നൽകുന്നതും കടം വരുത്തിയവരെ രക്ഷിക്കുന്നതുമായ നടപടികളാണ്. പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻവേണ്ടി ബഹുജന വിദ്യാഭ്യാസത്തിനു രൂപം കൊടുക്കണമെന്നു ചർച്ചയിൽ പങ്കെടുത്ത സാമ്പത്തിക വിദഗ്ധർ  ആവശ്യപ്പെട്ടു. 19നു മാനവീയം വീഥിയിൽ മഹാസത്യഗ്രഹം സംഘടിപ്പിക്കും. 

ഡോ. കെ.എൻ.ഹരിലാൽ, ഡോ. കെ.പി.കണ്ണൻ, ഡോ. എം.എ.ഉമ്മൻ, സി.പി.നായർ, ഡോ. മേരി ജോർജ്, ഡോ. ബി.ഇക്ബാൽ, ഡോ.രവി രാമൻ, പ്രഫ. മൃദുൽ ഈപ്പൻ, ടി.ഗംഗാധരൻ,  ഡോ. മീനാ പിള്ള, ഡോ. മീരാ വേലായുധൻ, ജെ.ദേവിക തുടങ്ങിയവർ പ്രസംഗിച്ചു.

ഹെയർകട്ട് അരുത്: പ്രഫ.എം.എ. ഉമ്മൻ

തിരുവനന്തപുരം ∙ കിട്ടാക്കടം എഴുതിത്തള്ളുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്ന പ്രക്രിയക്കാണു പൊതുവെ സാമ്പത്തിക മേഖലയിൽ ഹെയർകട്ട് എന്നു പറയുന്നത്. പൊതുമേഖലാ ബാങ്കിങ് രംഗത്തു പത്തുലക്ഷം കോടിയിലധികം കിട്ടാക്കടമുണ്ടെന്നും 2015–16 സാമ്പത്തിക വർഷത്തിൽ 2.36 ലക്ഷം കോടി എഴുതിത്തള്ളിയെന്നും പ്രഫ.എം.എ. ഉമ്മൻ പറഞ്ഞു.  ഈ ദുരവസ്ഥയിൽനിന്നു കരകയറാൻ സ്വീകരിക്കുന്ന പരിഹാര നടപടികൾ പോലും കോർപറേറ്റ് മേഖലയെ സഹായിക്കാൻ പോന്നതാണ്. 

അസറ്റ് റീകൺസ്ട്രക്‌ഷൻ കമ്പനിക്ക് 40% വെട്ടിച്ചുരുക്കി കിട്ടാക്കടം ഹെയർകട്ടിങ് നടത്തി ആസ്തികൾ വിൽക്കുമ്പോൾ അഞ്ച് ശതമാനം  മൂല്യം റൊക്കമായി കൊടുത്താൽ മതി. ബാക്കി വിറ്റഴിക്കുമ്പോൾ കൊടുക്കുകയെന്ന ഉപാധിയോടുകൂടി ബോണ്ടുകളായി മാറ്റുകയാണു ചെയ്യുന്നത്. ഇതു വാസ്തവത്തിൽ ബാങ്കുകളുടെ ബാലൻസ് ഷീറ്റ് തകരാറിലാക്കും. 

ബാങ്കുകളുടെ മൂലധനം ശക്തിപ്പെടുത്താൻ 2.11 ലക്ഷം കോടി രൂപ ബജറ്റിൽനിന്നും സമാഹരിക്കുമ്പോൾ ഭാരം നികുതിദായകന്റെ ചുമലിലാണു വന്നുപതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

related stories