Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻ കമ്പനി വരണോ, മലയാളി വേണം

malayali

ചലിക്കുന്ന കൊട്ടാരം പോലുള്ള ബ്ലാക് ലിമസീൻ തിരുവനന്തപുരത്തെ മനോഹര വീഥികൾക്ക് അതിശയമായിരുന്നു അന്ന്. നീണ്ടുനീണ്ട കാറിനകത്ത് കുലീനനായൊരു വടക്കൻ പറവൂർക്കാരൻ. ജി.എ. മേനോൻ. ടെക്നോപാർക്ക് തുടങ്ങിയ കാലം. കമ്പനികളൊന്നും കാര്യമായിട്ടില്ലാതിരുന്ന തൊണ്ണൂറുകളുടെ തുടക്കത്തിലാണ് അമേരിക്കയിലെ ബഹുരാഷ്ട്ര ഗ്രൂപ്പിന്റെ മേധാവിയായിരുന്ന മേനോൻ യുഎസ് സോഫ്റ്റ്‌വെയർ കേരളത്തിലേക്കു കൊണ്ടുവന്നത്. പിന്നീടത് യുഎസ്ടി ഗ്ലോബലായി. മേനോൻ കൊണ്ടുവന്ന ‘പിള്ളേരാണ്’ യുഎസ്ടിയുടെ തലപ്പത്ത്. ഇപ്പോഴിതാ കേരളത്തിലെ ആദ്യ യൂണികോൺ.

എഴുപതുകളിൽ ഐബിഎം ഇന്ത്യ മേധാവിയായിരുന്നു ജി.എ. മേനോൻ. മറ്റൊരു മേനോൻ പണ്ടു തന്നെ പുറത്താക്കിയെന്ന് അദ്ദേഹം തമാശ പറയുമായിരുന്നു. എഴുപതുകളിൽ ജനതാ ഭരണം വന്നപ്പോൾ ജോർജ് ഫെർണാണ്ടസ് വ്യവസായ മന്ത്രിയായി. എം.ജി.കെ. മേനോൻ ഇലക്ട്രോണിക്സ് വകുപ്പ് സെക്രട്ടറിയും. അമേരിക്കൻ കമ്പനിയായ ഐബിഎമ്മിനെ പുറത്താക്കുന്നത് ആ കാലത്താണ്. അതോടെ സിംഗപ്പൂർ ഐബിഎമ്മിലെത്തിയ മേനോൻ പിന്നീട് ചന്ദേരിയ ഗ്രൂപ്പിൽ ചേർന്നു. ടൂൺസ് അനിമേഷൻ ടെക്നോ പാർക്കിൽ കൊണ്ടുവന്നതും മേനോനാണ്. അനിമേഷൻ പഠനം കേരളത്തിലാകെ പടർന്നുപിടിച്ചത് അതിനുശേഷം.

കേരളത്തിലേക്കു വന്ന പ്രമുഖ ഐടി കമ്പനികൾക്കെല്ലാം ഇങ്ങനെയൊരു പ്രത്യേകതയുണ്ട്. സംസ്ഥാനത്തിനു പുറത്ത് അതേ കമ്പനിയുടെ തലപ്പത്തുണ്ടായിരുന്ന മലയാളി മുഖേനയാണ് അവയുടെ വരവ്. മനപ്പൂർവം സ്വന്തം നാട്ടിലേക്കു കമ്പനിയെ കൊണ്ടുപോയെന്ന പഴി കേൾക്കാതിരിക്കാൻ അവർ പാടുപെട്ടിട്ടുണ്ടാകാം. പക്ഷേ അത്തരം നിക്ഷേപങ്ങളൊന്നും നാണക്കേടായിട്ടില്ലെന്നതാണ് ആശ്വാസം.

തിരുവനന്തപുരം പുത്തൻചന്ത സ്വദേശിയാകുന്നു മുൻ ഇൻഫൊസിസ് എംഡി എസ്. ഗോപാലകൃഷ്ണൻ എന്ന ക്രിസ്. ഇൻഫൊസിസ് വന്നില്ലേ? അമേരിക്കയിലെ ടോറസ് ഗ്രൂപ്പ് കേരളത്തിൽ 1500 കോടിയുടെ നിക്ഷേപം നടത്തുന്നു. അഞ്ചു വർഷം മുടങ്ങിയിട്ട് ഇപ്പോഴാണ് അവർക്കു ഭൂമി കൈമാറിയത്. ഇത്രയും കാലം ആരെങ്കിലും കാത്തുനിൽക്കുമോ!  അതിനു പിന്നിൽ ടോറസ് ഇന്ത്യ മേധാവി അജയ് പ്രസാദാണ്.  

ജർമനിയിലായിരുന്ന അജിത് നമ്പീശൻ ജർമൻ കമ്പനിയായ കെയ്സ് കൺസൽറ്റും ബഹ്റൈനിലെ കാനൂസ് ഗ്രൂപ്പിലെ കെ.കെ. മേനോൻ ജമിനി സോഫ്റ്റ്‌വെയറും കൊണ്ടുവന്നു. ബഹുരാഷ്ട്ര ഐടി കമ്പനിയായ ഓറക്കിളിനെ കേരളത്തിലേക്ക് ആനയിച്ചതിനു പിന്നിൽ അവിടെ അമേരിക്കയിൽ ജോലി ചെയ്തിരുന്ന ഹരി ഗോപിനാഥനാണ്. 

ബുർജ് ഖലീഫ പോലുള്ള അംബരചുംബികളുടെ സ്ട്രക്ചറൽ ഡിസൈൻ നടത്തുന്ന ആർഡബ്ല്യുഡിഐ എന്ന കമ്പനി കിൻഫ്ര പാർക്കിൽ സ്വന്തം കെട്ടിടവും വിൻഡ് ടണലും സ്ഥാപിച്ചു.  പിന്നിൽ കാനഡയിൽ ഇതേ കമ്പനിയിലെ ഡോ.സുരേഷ് കുമാറാണ്.

ഏൺസ്റ്റ് ആൻഡ് യങ് (ഇവൈ) കേരളത്തിലേക്കു വന്നതിനു പിന്നിൽ ബഹ്റൈനിൽ ജോലി ചെയ്തിരുന്ന ബിനു കോശിയുടെ കരങ്ങളുണ്ട്. ഇവൈ ടെക്നോപാർക്കിൽ തുടങ്ങിയ ബിസിനസ് പിന്നീട് ഇൻഫോപാർക്കിലേക്കും ബെംഗളൂരുവിലേക്കും വ്യാപിച്ചു. അതിലെ ലേറ്റസ്റ്റ് ഉദാഹരണമാണ് നിസാൻ ഗ്ലോബൽ. നിസാന്റെ സിഐഒ പാലാക്കാരൻ ടോണി തോമസ്. 

കെ.പി.പി. നമ്പ്യാരെപ്പറ്റി പറയാതിരുന്നാൽ അപരാധമായിപ്പോകും. ടാറ്റയുടെ നെൽകോയിൽനിന്നു വന്ന നമ്പ്യാർ കെൽട്രോൺ മാത്രമല്ല തുടങ്ങിയത്. ഐടിഐ മേധാവിയായപ്പോഴാണ് പാലക്കാട്ട് ഐടിഐ (ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്) വളർത്തിയത്. കേന്ദ്ര ഇലക്ട്രോണിക്സ് സെക്രട്ടറിയായിരിക്കെ സിഡാക് പോലെ പല ഗവേഷണ കേന്ദ്രങ്ങൾ കൊണ്ടുവന്നു.

വൻ കമ്പനികൾ ഇവിടെ നിക്ഷേപിക്കണമെങ്കിൽ അതിന്റെ  തലപ്പത്തൊരു മലയാളി വേണമെന്നതല്ലേ സ്ഥിതി?

ഒടുവിലാൻ ∙ ടോണി തോമസും അജയ് പ്രസാദും പഠിച്ചതെവിടെ? തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിൽ. സംരംഭകരിൽ വലിയൊരു വിഭാഗം ഇങ്ങനെ പഴയ എൻജി.കോളജുകളിലെ പൂർവ വിദ്യാർഥികളാണ്.