Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹന വിൽപനയിൽ വൻ കുതിപ്പ്

Cars

നോട്ട് നിരോധനത്തിന്റെയും ജിഎസ്ടിയുടെയും ആലസ്യം വിട്ടുണർന്ന് രാജ്യത്തെ വാഹന വിപണി കുതിക്കുന്നു. കാർ വിപണിയിൽ ടാറ്റ മോട്ടോഴ്സ്, ഏറെക്കാലത്തിനുശേഷം വിൽപനയിൽ മൂന്നാം സ്ഥാനത്തെത്തി. ഇരുചക്രവാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും വിൽപനയിലും വൻ വർധനയുണ്ട്. 

എല്ലാ കാർ നിർമാതാക്കളുടെയും പുതിയതോ നവീകരിച്ചതോ ആയ മോഡലുകളാണു വിൽപനക്കുതിപ്പിനു കഴിഞ്ഞ മാസം ഇന്ധനം പകർന്നത്. 

ചില്ലറ‘ക്കാറ’ല്ല... 

ഒരു മാസം: 1.35 ലക്ഷം വാഹനങ്ങൾ 

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ജൂണിൽ 1.35 ലക്ഷം കാർ വിറ്റു. മുൻകൊല്ലം ജൂണിലെക്കാൾ 45.5% വർധന. സ്വിഫ്റ്റ്, ബലേനോ, ഡിസയർ, ബ്രെസ എന്നീ കാറുകളാണു മുൻനിരയിൽ. 

നന്ദി ടിയാഗോ, നെക്സോൺ 

64% വളർച്ചയോടെ വിൽപനയിൽ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണു ടാറ്റ. മഹീന്ദ്ര ആൻഡ് മഹീന്ദ്രയെ പിന്നിലാക്കി. കഴിഞ്ഞ മാസം ടാറ്റ 18,213 വാഹനങ്ങൾ വിറ്റപ്പോൾ മഹീന്ദ്രയുടെ വിൽപന 18,137. ടിയാഗോ, നെക്സോൺ, ടിഗോർ തുടങ്ങിയ പുതിയ കാറുകളാണു ടാറ്റയെ നേട്ടത്തിലെത്തിച്ചത്. 

ചിലർ വരുമ്പോൾ... 

കാർ വിൽപന കൂടാൻ ചില പുതുമുഖങ്ങളുടെ രംഗപ്രവേശവും കാരണമായി. യാരിസ് മോഡലിന്റെ ജനപ്രീതി ടൊയോട്ടയെ സഹായിച്ചു. ഫോഡിനു ഫ്രീസ്റ്റൈലും നവീകരിച്ച ഇക്കോസ്പോർട്ടും തുണയായി. ഫോഡ് ഇന്ത്യ ജൂണിൽ 8444 കാർ വിറ്റ് 37% വളർച്ച രേഖപ്പെടുത്തി. കമ്പനിയുടെ ഇന്ത്യയിലെ ആകെ വിൽപന 10 ലക്ഷം കടന്നു. ടൊയോട്ട വിറ്റത് 13,088 കാറുകൾ. 

മുഖം മിനുക്കി, വിപണി പിടിച്ചു 

പുതിയ മോഡലുകളിൽ ഹോണ്ടയുടെ അമേയ്സിന്റെ പ്രകടനമാണു ശ്രദ്ധേയം. ഹോണ്ട കാർ ഇന്ത്യയ്ക്ക് ജൂണിൽ 37 ശതമാനമാണു വളർച്ച. 17,602 കാറുകൾ ഹോണ്ട ജൂണിൽ വിറ്റതിൽ 9103 എണ്ണം പുതിയ അമേയ്സാണ്. ടാറ്റയുടെ നെക്സോൺ, മാരുതിയുടെ ബ്രെസ എന്നിവയ്ക്കും മികച്ച സ്വീകരണം ലഭിക്കുന്നുണ്ട്.