Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞെട്ടിപ്പിക്കും ജിയോ; ഒറ്റ ഫൈബറില്‍ ടിവി, ഡേറ്റ, വൈഫൈ, വിഡിയോ കോൺഫറൻസിങ്

jio-fiber

മുംബൈ ∙ മൊബൈലിനുപിന്നാലെ ഫിക്സ്ഡ് ലൈൻ രംഗത്തും വിപ്ലവത്തിനു തീകൊളുത്തി റിലയൻസ് ജിയോ. ഒപ്ടിക്കൽ ഫൈബർ കേബിൾ വഴി വീടുകളിലും സ്ഥാപനങ്ങളിലും അതിവേഗ ഇന്റർനെറ്റ് (ബ്രോഡ്ബാൻഡ്)  എത്തിക്കുന്ന ‘ജിയോ ജിഗാ ഫൈബർ’ പദ്ധതി രാജ്യവ്യാപകമായി അവതരിപ്പിക്കുമ്പോൾ ഹൈസ്പീഡ് ഇന്റർനെറ്റ്, ടിവിയിൽ അൾട്രാ ഹൈ ഡെഫിനിഷൻ വിഡിയോ, വിഡിയോ കോൺഫറൻസിങ്, ശബ്ദാധിഷ്ഠിത വെർച്വൽ അസിസ്റ്റൻസ്, വെർച്വൽ റിയാലിറ്റി ഗെയിമിങ്, ഡിജിറ്റൽ ഷോപ്പിങ്, സ്മാർട് ഹോം കണക്ടിവിറ്റി തുടങ്ങിയവയെല്ലാം ഒറ്റ ഫൈബർ വഴി ലഭ്യമാകും. സേ‌വനത്തിന്റെ നിരക്കു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആദ്യകാലത്ത് സൗജന്യങ്ങൾ വാരിക്കോരി നൽകുന്ന ജിയോ രീതി ഇതിലും പ്രതീക്ഷിക്കാം.

ആയിരക്കണക്കിനു വീടുകളിൽ ഇപ്പോൾ പരീക്ഷണ പ്രവർത്തനം നടക്കുകയാണെന്നു റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. മൊബൈൽ ബ്രോഡ്ബാൻ‍ഡിൽ ഇന്ത്യ ഉയരങ്ങളിലെത്തിയെങ്കിലും ഫിക്സ്ഡ് ലൈൻ ബ്രോഡ്ബാൻഡിന്റെ കാര്യത്തിൽ ലോകത്ത് 134–ാം സ്ഥാനത്താണ് ഇന്ത്യയെന്ന് അംബാനി പറഞ്ഞു. 

റിലയൻസ് ജിയോ സേവനം തുടങ്ങിയതോടെയാണു മൊബൈൽ ഇന്റർനെറ്റ് ഏറ്റവുമധികം ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറിയത്. ഇതേ മാറ്റം ഫിക്സ്ഡ് ലൈൻ രംഗത്തും കൊണ്ടുവരുകയാണു ജിയോയുടെ ലക്ഷ്യം. രണ്ടരലക്ഷം കോടി രൂപയാണ് ഇതുവരെ ടെലികോം രംഗത്ത് റിലയൻസിന്റെ നിക്ഷേപം. രാജ്യവ്യാപകമായ ഫൈബർ ശൃംഖലയുടെ ചെലവടക്കമാണിത്.

jio-new-phone

പുതിയ ജിയോ ഫോൺ

1500 രൂപയുടെ 4ജി ഫീച്ചർഫോൺ കഴിഞ്ഞ വർഷം അവതരിപ്പിച്ച കമ്പനി ഇനി പുറത്തിറക്കുന്ന ‘ജിയോഫോൺ–2’ QWERTY കീപാഡും 2.4 ഇഞ്ച് സ്ക്രീനുമുള്ള ഇരട്ട–സിം ഫോണാണ്. വില 2999 രൂപ. ഇതിന്റെ വിൽപന ഓഗസ്റ്റ് 15നു തുടങ്ങും. ഈ ഫോണിലും 1500 രൂപയുടെ ജിയോഫോണിലും (നിലവിലുള്ളതും പുതുതായി വാങ്ങുന്നതും) വാട്സാപ്, ഫെയ്സ്ബുക്, യൂട്യൂബ് എന്നിവ ലഭിക്കും. ‘മൺസൂൺ ഹംഗാമ’ ഓഫറായി, നിലവിലുള്ള ഏതെങ്കിലും ഫീച്ചർ ഫോണും 501 രൂപയും നൽകിയാൽ 1500 രൂപയുടെ ജിയോഫോൺ കിട്ടുന്ന പദ്ധതി ഈമാസം 21ന് നിലവിൽ വരും.

ജിയോയുടെ ഉപയോക്താക്കളുടെ എണ്ണം 21.5 കോടിയായി. 2.5 കോടി ജിയോഫോൺ വിറ്റഴിച്ചു. 10 കോടി ജിയോഫോൺ ഉപയോക്താക്കളാണു പുതിയ ലക്ഷ്യം. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 2025 ആകുമ്പോഴേക്കും ഇരട്ടിയാകും. റിലയൻസിന്റെ ബിസിനസും അതേപടി ഇരട്ടിയാക്കുകയാണു ലക്ഷ്യമെന്ന് മുകേഷ് അംബാനി പറഞ്ഞു. ഇതിൽ പെട്രോകെമിക്കൽ ബിസിനസിനോളം പങ്കാളിത്തം ടെലികോം ബിസിനസിനുമുണ്ടാകും.

അസോസിയേഷന്റെ അഭിനന്ദനം

റിലയൻസ് ജിയോയുമായി നിരന്തരം തർക്കത്തിലായിരുന്ന സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സിഒഎഐ) ഇന്നലെ കമ്പനിയെ അഭിനന്ദനങ്ങൾ കൊണ്ടുമൂടി.  വാർത്താവിനിമയ രംഗത്തെ പൂർണമായും മാറ്റിമറിക്കുന്നതാകും ജിയോയുടെ ജിഗാ ഫൈബർ പദ്ധതിയെന്ന് സിഒഎഐ ഡയറക്ടർ ജനറൽ രാജൻ എസ്.മാത്യൂസ് പറഞ്ഞു. ടെലികോം സേവനദാതാവ് എന്ന നിലയിൽനിന്ന് സമ്പൂർണ ടെക്നോളജി കമ്പനിയിലേക്കു ജിയോ മാറുന്നത് പുതിയ വരുമാന സാധ്യതകൾ തുറന്നിടുകയും ഈ രംഗത്തെ എല്ലാ കമ്പനികൾക്കും നേട്ടമാകുകയും ചെയ്യും. 2016 സെപ്റ്റംബറിൽ തുടങ്ങിയ ജിയോ ഇതിനകം 21.5 കോടി വരിക്കാരെ നേടിയെന്നത് തികച്ചും അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈൻ–ടു– ഓഫ്‌ലൈൻ ഷോപ്പിങ്

റിലയൻസിന്റെ റീട്ടെയിൽ വ്യാപാരക്കമ്പനിയായ റിലയൻസ് റീട്ടെയിലിന്റെയും റിലയൻസ് ജിയോയുടെയും വരാനിരിക്കുന്ന ജിഗാഫൈബറിന്റെയും ശക്തി സമന്വയിപ്പിച്ച് ഓൺലൈൻ–ടു–ഓഫ്‌ലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോം ഒരുക്കുമെന്നു മുകേഷ് അംബാനി പറഞ്ഞു. ചില്ലറ വ്യാപാരികളെയും പങ്കെടുപ്പിച്ചാകും ഇത്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.