Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ട് ഡോളറിലേറെ കുറഞ്ഞ് എണ്ണവില

oil-price-falls

ദോഹ ∙ യുഎസ് സമ്മർദം ശക്തമാക്കിയതിനു പിന്നാലെ ആഗോള വിപണിയിൽ എണ്ണവിലയിൽ നേരിയ ഇടിവ്. ബ്രെന്റ് ക്രൂഡ് വില ബാരലിനു രണ്ടു ഡോളറിലേറെ കുറഞ്ഞ് 76.84 ഡോളറിലെത്തി. ലിബിയയിൽ നിന്നുള്ള എണ്ണ കയറ്റുമതി വർധിപ്പിക്കാനുള്ള നടപടികളും വില കുറയാൻ കാരണമായി.

തുറമുഖങ്ങളിലെ പ്രധാനപ്പെട്ട എണ്ണ കയറ്റുമതി ടെർമിനലുകൾ പ്രവർത്തന സജ്ജമാക്കാനാണു ലിബിയയുടെ തീരുമാനം. അതേസമയം, ഇറാനിൽ നിന്നു മറ്റു രാജ്യങ്ങൾ എണ്ണ വാങ്ങരുതെന്ന യുഎസ് കടുംപിടിത്തം ആശങ്കയുണ്ടാക്കുന്നു. എന്നാൽ, ഇതു ചെയ്യരുതെന്ന ചില രാജ്യങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞത് നേരിയ ആശ്വാസമായി.

ഒപെക് (എണ്ണ ഉൽപാദക രാജ്യങ്ങളുടെ സംഘടന) എണ്ണവില കുറയ്ക്കണമെന്ന ആവശ്യവുമായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളും രംഗത്തുണ്ട്. ഇല്ലെങ്കിൽ ഒപെക്കിൽ നിന്നു വാങ്ങുന്ന എണ്ണയിൽ കുറവു വരുത്തുമെന്നും ബദൽ മാർഗങ്ങൾ ആലോചിക്കുമെന്നുമാണ് ഇന്ത്യൻ കമ്പനികൾ മുന്നറിയിപ്പു നൽകുന്നത്. 2025 ആകുമ്പോഴേക്കും രാജ്യത്തെ പ്രതിദിന എണ്ണയാവശ്യം 10 ലക്ഷം ബാരൽ കുറയ്ക്കാനാണു ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹനങ്ങൾ, പ്രകൃതിവാതകം തുടങ്ങിയ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയാവുമിത്.