Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരിയിൽ വൻ നേട്ടം

sensex

മുംബൈ ∙ തുടർച്ചയായ അഞ്ചാം ദിവസവും നേട്ടമുണ്ടാക്കിയ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചിക സെൻസെക്സ് റെക്കോർഡ് ഉയരത്തിലെത്തി. ഇന്നലെ 282.48 പോയിന്റ് വർധിച്ച് 36548.41 എന്ന നിലയിലാണ് അവസാനിച്ചത്.

4.42% വില വർധന നേടിയ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയാണ് ഇന്നലെ ഏറ്റവും നേട്ടമുണ്ടാക്കിയത്. റിലയൻസ് ഇതോടെ 10,000 കോടി ഡോളർ വിപണി മൂല്യമുള്ള ഓഹരികളുടെ പട്ടികയിൽ തിരികെയെത്തി. കമ്പനിയുടെ ഓഹരിവില 1091 രൂപയായതോടെ, ക്രയവിക്രയത്തിലുള്ള മൊത്തം ഓഹരികളുടെ വിലയായ വിപണിമൂല്യം 688513.11 കോടി രൂപ (10,000 കോടിയിലേറെ ഡോളർ) ആയി.  ക്ലോസിങ്ങിൽ വില 1082 രൂപയായിത്താഴ്ന്നതോടെ വിപണിമൂല്യം 9990 കോടി ഡോളറിനു തുല്യമായ നിലയിലേക്കു കുറഞ്ഞു, 2007 ഒക്ടോബറിൽ 10,000 കോടി ഡോളർ വിപണി മൂല്യം കടന്നെങ്കിലും പിന്നീടു വില കുറഞ്ഞിരുന്നു.

ആഭ്യന്തര – വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വൻതോതിലുള്ള ഓഹരി വാങ്ങിക്കൂട്ടലാണു വിപണിയിൽ ദൃശ്യമാകുന്നതെന്നു ബ്രോക്കർമാർ പറയുന്നു. രൂപയുടെ മൂല്യം പതുക്കെ ഉയരുന്നതും വിവിധ കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ അനുകൂലമാകുന്നതുമാണ് നിക്ഷേപകരെ ആകർഷിക്കുന്നത്. സെൻസെക്സ് അഞ്ച് ദിവസംകൊണ്ട് 973.86 പോയിന്റ് നേട്ടമുണ്ടാക്കി. എൻഎസ്ഇ സൂചിക നിഫ്റ്റി 74.90% ഉയർന്ന് 11023.20 ൽ എത്തി. ജനുവരി 31 ന് ശേഷമുള്ള ഏറ്റവും ഉയർന്ന ക്ലോസിങ്ങാണിത്.

വിപണി മൂല്യം

ഏതു കമ്പനിയുടെയും ഓഹരികളുടെ എണ്ണത്തെ ഓഹരിയുടെ വിപണി വിലകൊണ്ടു ഗുണിച്ചാൽ ആ കമ്പനിയുടെ വിപണി മൂല്യം (മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ) കണ്ടെത്താം. ഒരു കമ്പനി 10,00,000 ഓഹരികൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും  ഒരു ഓഹരിക്കു വിപണിയിൽ 90 രൂപയാണു വിലയെന്നും കരുതുക. അപ്പോൾ കമ്പനിയുടെ വിപണി മൂല്യം 10,00,000 x 90.00 = 9,00,00,000 രൂപ.

‘മാർക്കറ്റ് ക്യാപ്’ എന്നു ചുരുക്കി പറയാറുണ്ട്. വീണ്ടും ചുരുക്കി ‘ക്യാപ്’ എന്നു മാത്രവും പറയും. വിപണി മൂല്യത്തിന്റെ വലുപ്പച്ചെറുപ്പം കണക്കിലെടുത്തു കമ്പനികളെ സ്മോൾ ക്യാപ്, മിഡ് ക്യാപ്, ലാർജ് ക്യാപ് എന്നിങ്ങനെ വേർതിരിക്കാറുമുണ്ട്. ചെറുകിട കമ്പനികളാണു സ്മോൾ ക്യാപ് എന്ന വിഭാഗത്തിൽ വരുന്നത്. മിഡ് ക്യാപ് എന്നത് ഇടത്തരം കമ്പനികൾക്കുള്ള വിശേഷണം. ലാർജ് ക്യാപ് എന്ന വിശേഷണം വൻകിട കമ്പനികൾക്കുള്ളതാണ്. ഈ വിഭാഗത്തിൽപ്പെട്ട കമ്പനികൾ കേരളത്തിൽ ഇല്ല.

വിപണി മൂല്യത്തിൽ ഏറ്റവും മുന്നിലുള്ള 100 കമ്പനികളെ മാത്രമേ മ്യൂച്വൽ ഫണ്ടുകൾ ‘ലാർജ് ക്യാപ്’ ആയി പരിഗണിക്കാവൂ എന്നു സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ നിർദേശമുണ്ട്. 101 മുതൽ 250 വരെ സ്ഥാനമുള്ളവയെയാണു ‘മിഡ് ക്യാപ്’ ആയി പരിഗണിക്കേണ്ടത്. 250 കഴിഞ്ഞുള്ളവയെ ‘സ്മോൾ ക്യാപ്’ വിഭാഗമായി കണക്കാക്കണം.