Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാർട്ടപ്പുകൾ: നിക്ഷേപം ഉറപ്പാക്കാൻ സംവിധാനം

startup-buisiness

തിരുവനന്തപുരം∙ മികച്ച സ്റ്റാർട്ടപ്പുകൾക്കു ഫണ്ടിങ് സാധ്യത ഉറപ്പാക്കാന്‍ രാജ്യാന്തര ആക്‌സിലറേറ്ററുകളെ സർക്കാർ കേരളത്തിലേക്കു കൊണ്ടുവരുന്നു. പ്രമുഖ ബിസിനസ് മാസികയായ ഫോബ്സ് തിരഞ്ഞെടുത്ത മികച്ച 25 രാജ്യാന്തര ആക്സിലറേറ്ററുകളെയാണു പരിഗണിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്കു തുടക്കത്തിലുള്ള ഫണ്ടിങ് (സീഡ് ഫണ്ടിങ്), മെന്ററിങ്, വിപണിയുമായി ബന്ധിപ്പിക്കല്‍ തുടങ്ങിയവയാണ് ആക്സിലറേറ്റർ സ്ഥാപനങ്ങളുടെ ദൗത്യം. പകരം സ്റ്റാർട്ടപ്പുകളിൽ നിശ്ചിത ഓഹരി ലഭിക്കും. ആക്സിലറേറ്റർ സ്ഥാപനങ്ങളെ ആകർഷിക്കാൻ 25,000 ചതുരശ്രയടി വരെ ഫർണിഷ്ഡ് സ്പെയ്സും മറ്റ് ആനുകൂല്യങ്ങളും നൽകും. 

ഇന്റീരിയർ ഡിസൈനിലും മറ്റ് അടിസ്ഥാന സൗകര്യ വികസനകാര്യങ്ങളിലും സർക്കാർ സഹായിക്കും. ഫോബ്സ് പട്ടികയിൽ ഇല്ലെങ്കിലും മൂന്നു രാജ്യങ്ങളിലെങ്കിലും മൂന്നു വർഷമായി പ്രവർത്തിക്കുന്ന വിജയകരമായ ആക്സിലറേറ്ററുകളെയും പരിഗണിക്കും.

സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ള സ്റ്റാർട്ടപ്പുകളെ ആക്സിലറേറ്ററുകൾ നിശ്ചിത കാലയളവിൽ പിന്തുണയ്ക്കും. ഇവയ്ക്കു വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടുകളിൽ സർക്കാർ പണം നിക്ഷേപിക്കുന്ന 'ഫണ്ട് ഓഫ് ഫണ്ട്സ്' സംവിധാനത്തിൽ നിന്നു ഫണ്ടിങ് ഉറപ്പാക്കും. പകരം സർക്കാർ ഭാഗമായ 'ഫണ്ട് ഓഫ് ഫണ്ട്സിന്' സ്റ്റാർട്ടപ്പുകളിൽ ഓഹരി വിഹിതമുണ്ടാകും. സർക്കാർ നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി വെഞ്ച്വർ ക്യാപ്പിറ്റൽ കമ്പനി കേരളത്തിൽ നിക്ഷേപിക്കണമെന്നാണു ഫണ്ട് ഓഫ് ഫണ്ട്സിലെ വ്യവസ്ഥ.

പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങുന്ന സ്റ്റാർട്ടപ്പുകളിൽ ആക്സിലറേറ്റർ കമ്പനി തന്നെ നിക്ഷേപം നടത്തണമെന്നും ധാരണയുണ്ട്. ആദ്യഘട്ടമായി ലോകത്തിലെ പ്രമുഖ ഹാർഡ്‍വെയർ ആക്സിലറേറ്ററുകൾക്കു സർക്കാർ ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.