Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലേലം കാത്ത് 100 കോടി രൂപയുടെ രക്തചന്ദനം

red-sandal-sketch

കൊച്ചി ∙ സംസ്ഥാനത്തു ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നതു നൂറു കോടി രൂപയുടെ രക്തചന്ദനം. വിദേശത്തേക്കു കടത്താൻ ശ്രമിക്കുന്നതിനിടെ, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) പിടിച്ചെടുത്തതാണിത്. 13 വർഷം മുൻപു പിടിച്ചെടുത്തവയടക്കം 120 ടൺ രക്തചന്ദനമാണു കെട്ടിക്കിടക്കുന്നത്.  

 കളമശേരിയിലെ സ്വകാര്യ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ ഗോഡൗണിൽ 50 ടണ്ണും കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപറേഷന്റെ തൃപ്പൂണിത്തുറ ഏരൂർ ഗോഡൗണിൽ 40 ടണ്ണും വല്ലാർപാടത്തെ സ്വകാര്യ ഫ്രൈറ്റ് സ്റ്റേഷൻ ഗോഡൗണിൽ 30 ടണ്ണും ആണുള്ളത്. സംസ്ഥാനത്ത് ഇവിടങ്ങളിൽ മാത്രമാണു രക്തചന്ദനം സൂക്ഷിക്കുന്നത്. ഗുണനിലവാരമനുസരിച്ച്, വിവിധ ഗ്രേഡുകളാക്കി തിരിച്ച രക്തചന്ദനത്തിനു രാജ്യാന്തര വിപണിയിൽ ടണ്ണിനു ശരാശരി 80 ലക്ഷം രൂപയെങ്കിലും ലഭിക്കുമെന്നാണു ഡിആർഐയുടെ പ്രതീക്ഷ. 

വിവിധ ഏജൻസികൾ പിടികൂടുന്ന രക്തചന്ദനം സ്റ്റേറ്റ് ട്രേഡിങ് കോർപറേഷൻ, മുംബൈ മെറ്റൽസ് ആൻഡ് മിനറൽസ് ട്രേഡിങ് കോർപറേഷൻ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ വഴി രാജ്യാന്തരതലത്തിൽ ലേലം ചെയ്യുകയാണു പതിവ്. എന്നാൽ, രക്തചന്ദനം കയറ്റുമതി ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ നിയന്ത്രണമേർപ്പെടുത്തിയതോടെ ലേലം മുടങ്ങി. പിന്നീട്, ഈ വർഷം മാർച്ച് 31 വരെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി. ഇതിനിടെ, മറ്റിടങ്ങളിലെ രക്തചന്ദനം ലേലം ചെയ്യാൻ സാധിച്ചുവെങ്കിലും കേരളത്തിലേതു നടന്നില്ല. കേന്ദ്ര സർക്കാർ വീണ്ടും ഇളവു നൽകുമെന്ന് ഡിആർഐ പ്രതീക്ഷിക്കുന്നു. 

സംഗീതോപകരണങ്ങളുടെയും കരകൗശല വസ്തുക്കളുടെയും നിർമാണത്തിനും മരുന്നുകളിൽ ചേർക്കാനും ചില ഉൽപന്നങ്ങളിൽ നിറത്തിനു വേണ്ടിയുമാണു രക്തചന്ദനം ഉപയോഗിക്കുന്നത്.