Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൈലറ്റ് ക്ഷാമം പ്രതിസന്ധിയാകും

pilot-cockpit

ഭാവിയിൽ ആഗോളതലത്തിൽ വ്യോമയാന രംഗം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് പൈലറ്റുമാരുടെ ക്ഷാമമായിരിക്കുമെന്ന് വ്യോമയാന വിദഗ്ധർ. കുറവ് അനുഭവപ്പെടുന്നതോടെ സ്വാഭാവികമായും പൈലറ്റുമാർക്ക് ഉയർന്ന പ്രതിഫലവും ആനുകൂല്യങ്ങളും നൽകേണ്ടിവരുന്നത് വിമാനക്കമ്പനികളുടെ ലാഭക്കണക്കുകളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. 

വിമാനനിർമാണരംഗത്തെ പ്രമുഖരായ ബോയിങിന്റെ കണക്കുകൾ പ്രകാരം അടുത്ത 20 വർഷത്തിനുള്ളിൽ ലോകത്തെമ്പാടുമായി 6.37 ലക്ഷം പൈലറ്റുമാരുടെ ആവശ്യം ഉണ്ടാകും. രാജ്യാന്തര വ്യോമഗതാഗത സംഘടനയായ അയാട്ടയുടെ കണക്കുകൾ അനുസരിച്ച് 20 വർഷം കൊണ്ട് ലോകത്തെ വിമാനയാത്രക്കാരുടെ എണ്ണവും ഏതാണ്ട്  ഇരട്ടിക്കും. ഇതനുസരിച്ച് വിമാനങ്ങളുടെയും പൈലറ്റുമാരുടെയും ആവശ്യം വർധിക്കും. 

അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ വ്യോമഗതാഗത വളർച്ചയിൽ അമേരിക്കയെക്കാൾ മുന്നിലെത്തുമെന്നു കരുതുന്ന ചൈനയിൽ മാത്രം 1.10 ലക്ഷം പൈലറ്റുമാരെ അടുത്ത 17 വർഷത്തിനുള്ളിൽ കണ്ടെത്തേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. അവിടെ നിലവിലുള്ള സ്ഥിതി അനുസരിച്ച് ഏതാണ്ട് പതിനായിരത്തോളം പൈലറ്റുമാരെ വിദശത്തുനിന്നു കണ്ടെത്തേണ്ടി വരും. 

കഴിഞ്ഞ എട്ടു വർഷം കൊണ്ട് ചൈനയിൽ പൈലറ്റുമാരുടെ ആവശ്യം ഇരട്ടിയായിരുന്നു. വിദേശപൈലറ്റുമാർക്ക് ചൈന നൽകി വരുന്ന പ്രതിമാസ ശമ്പളം 10000 ഡോളറിൽനിന്നു 26000 ഡോളറായി ഉയർന്നു. നികുതി ഇളവും മറ്റാനുകൂല്യങ്ങളും വേറെയും. 

അമേരിക്കയിൽ അടുത്ത 20 വർഷത്തിനുള്ളിൽ 1.17 ലക്ഷം പൈലറ്റുമാരെ ആവശ്യമായി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അടുത്ത രണ്ടു വർഷങ്ങളിൽ 65 വയസ്സു പൂർത്തിയാക്കി വിരമിക്കുന്ന 19000 പൈലറ്റുമാരുണ്ടത്രെ അമേരിക്കയിൽ. ഇത്രയും പൈലറ്റുമാരെ ഉടനടി കണ്ടെത്താൻ കഠിന ശ്രമത്തിലാണ് അമേരിക്കൻ വിമാനക്കമ്പനികൾ. 

ലോകത്ത് ഏറ്റവുമധികം പൈലറ്റുമാർ പരിശീലനം നേടുന്നത് കാനഡയിൽ നിന്നാണ്. തൊട്ടുപിന്നിൽ അമേരിക്ക. പിന്നാലെയായി ചൈന, യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ എന്നിവയുണ്ട്. വ്യോമഗതാഗത വളർച്ചയിൽ മുന്നിലെത്തിയെങ്കിലും പൈലറ്റ് പരിശീലനത്തിനും മറ്റും നാമമാത്ര സൗകര്യങ്ങൾ മാത്രമുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലാകും പൈലറ്റ് പ്രതിസന്ധി വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുക.

ഇന്ത്യയിൽ വ്യോമഗതാഗതത്തിന്റെ വളർച്ചയുടെ അടിസ്ഥാനം തന്നെ ചെലവു കുറഞ്ഞ സർവീസുകളാണ്. ഇവയ്ക്ക് പൈലറ്റ് പരിശീലനത്തിനും മറ്റും സൗകര്യങ്ങളും കുറവാണ്. വൻതുക പ്രതിഫലം നൽകി വിദേശത്തുനിന്നും ഇതര വിമാനക്കമ്പനികളിൽനിന്നും പൈലറ്റുമാരെ നിയമിക്കുന്നത് ഇവയ്ക്ക് വൻ നഷ്ടമുണ്ടാക്കും. 

വിമാനക്കമ്പനികൾ വൻതോതിൽ വിമാനങ്ങൾ വാങ്ങിക്കൂട്ടുന്നതാണ് പൈലറ്റുമാരുടെ ആവശ്യം കുതിച്ചുയരാൻ കാരണം. എയർബസിന്റെ കണക്കുകൾ പ്രകാരം ഇപ്പോഴുള്ള വിമാന ഓർഡർ 41030 എണ്ണമാണ്. ബോയിങ്ങിന് 5744 വിമാനങ്ങളുടെ ഓർഡറുകളുണ്ട്. 

ചെലവേറിയ പഠനം

പൈലറ്റ് ലൈസൻസ് ലഭിക്കുന്നതിനുളള ഉയർന്ന സാമ്പത്തികബാധ്യതയാണ് പ്രധാനമായും ഈ രംഗത്തേക്ക് അധികം പേർ കടന്നു വരാതിരിക്കാൻ പ്രധാന കാരണമായി പറയപ്പെടുന്നത്. ഇന്ത്യയിൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ലഭിക്കാൻ വൻതുക ചെലവഴിക്കണം. പ്രത്യേക വിമാനങ്ങളിലെ പരിശീലനത്തിനും മറ്റുമായി ഇതിലേറെ പണം വേറെയും കണ്ടെത്തണം. 

2009ലെ ട്രേഡ്സെന്റർ ദുരന്തത്തിനു ശേഷം, 1500 മണിക്കൂർ വിമാനം പറത്തിയാലേ യാത്രാവിമാനം പറത്താൻ അനുമതി ലഭിക്കൂ എന്ന നിബന്ധന വന്നത് പണമുണ്ടായിട്ടും കൂടുതൽ പേർ ഈ രംഗത്തേക്കു വരാത്ത സ്ഥിതിയുണ്ടാക്കി. നേരത്തെ ഇത് 250 മണിക്കൂർ ആയിരുന്നു. ഓരോ വിമാന ഡ്യൂട്ടിക്കിടയിലെയും വിശ്രമ സമയം നേരത്തെ എട്ടു മണിക്കൂർ ആയിരുന്നത് ഇപ്പോൾ പത്തു മണിക്കൂർ ആക്കി വർധിപ്പിച്ചു. ഇതിനു പുറമെയാണ് ഓരോ വിമാനക്കമ്പനികളും നിശ്ചയിക്കുന്ന പ്രത്യേക യോഗ്യതകൾ.  

നേരത്തെ പൈലറ്റ് ലൈസൻസ് ഉള്ളവരെ റിക്രൂട്ട് ചെയ്ത് വിമാനക്കമ്പനികൾ തന്നെ ഇവർക്ക് ആവശ്യമായ പരിശീലനം നൽകി നിയമിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വ്യോമഗതാഗത മേഖല മൽസരാധിഷ്ഠിതമായതോടെ ഇക്കാര്യത്തിനായി കൂടുതൽ പണവും വിമാനങ്ങളും വിനിയോഗിക്കുന്നത് മിക്ക വിമാനക്കമ്പനികളും നിർത്തിയതും ഈ രംഗത്തേക്കു കടന്നു വരാൻ ആഗ്രഹിക്കുന്നവർക്ക് വിലങ്ങുതടിയായി. 

വർഷം 1000 പേരെ പുതുതായി വേണം

ഇന്ത്യയിൽ അടുത്ത 12 വർഷത്തിനുള്ളിൽ പുതുതായി ആയിരം വിമാനങ്ങളെങ്കിലും സർവീസിനെത്തുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. പ്രതിവർഷം ആയിരം വീതം പൈലറ്റുമാരെയെങ്കിലും ഇതിനായി പുതുതായി കണ്ടെത്തേണ്ടി വരും. 

ഇൻഡിഗോ, സ്പൈസ് ജെറ്റ്, ജെറ്റ് എയർവേയ്സ്, ഗോ എയർ, വിസ്താര, എയർഏഷ്യ ഇന്ത്യ തുടങ്ങിയവയ്ക്കെല്ലാം കൂടി ഏതാണ്ട് 100 പുതിയ വിമാനങ്ങളെങ്കിലും അടുത്ത ഒരു വർഷത്തിനുള്ളിൽ ലഭിക്കും. 800 മുതൽ ആയിരം വരെ വീതം പൈലറ്റുമാരെയും കമാൻഡർമാരെയും ഇതിനായി ആവശ്യം വരും. 

തദ്ദേശീയ പരിശീലനം നേടിയെത്തുന്ന പൈലറ്റുമാരുടെ കുറവും റിട്ടയർ ചെയ്ത പൈലറ്റുമാരെ നിയോഗിക്കുന്നതിനുള്ള സർക്കാർ നിയന്ത്രണവും സ്ഥിതിഗതികൾ ഗുരുതരമാക്കുന്നു. രാജ്യത്തെ വ്യോമഗതാഗത വളർച്ചയ്ക്കനുസൃതമായി പൈലറ്റുമാരുടെ പരിശീലനം നടക്കുന്നില്ല. വിദേശ പൈലറ്റുമാരെ നിയോഗിക്കുന്നതിന് രാജ്യത്ത് കർശന നിബന്ധനകളും പാലിക്കേണ്ടി വരുന്നു. 

പൈലറ്റുമാരെ നിയോഗിക്കുന്നതിന് ഡിജിസിഎയ്ക്കു വേണ്ടി ഇന്ത്യൻ എയർഫോഴ്സ് നിർദ്ദേശിച്ചിട്ടുള്ള ഒട്ടനവധി ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. അമേരിക്കയിൽനിന്നോ യൂറോപ്പിൽനിന്നോ ഉള്ള പൈലറ്റുമാരുടെ ചെലവ് ഇന്ത്യൻ കമ്പനികൾക്ക് താങ്ങാനാകില്ല. പ്രധാനമായും റഷ്യ, ഉക്രെയിൻ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇന്ത്യയിലെ വിദേശ പൈലറ്റുമാരിലേറെയും.

ഓരോ വ്യോമയാന മേഖലയിലും അടുത്ത 20 വർഷത്തേക്ക് ആവശ്യമായി വരുന്ന പൈലറ്റുമാരുടെ എണ്ണം:

ഏഷ്യ പസഫിക് മേഖല 253000

നോർത്ത് അമേരിക്ക 117000

യൂറോപ്പ് 106000

മിഡിൽ ഈസ്റ്റ് 63000

ലാറ്റിൻ അമേരിക്ക 52000

ആഫ്രിക്ക 24000

കോമൺവെൽത്ത് രാജ്യങ്ങൾ, റഷ്യ 2200