Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിളിനു യൂറോപ്പിന്റെ പിഴ: 34500 കോടി രൂപ

BELGIUM-EU-ANTITRUST-GOOGLE-ANDROID ഗൂഗിളിനു പിഴ ചുമത്താനുള്ള തീരുമാനം യൂറോപ്യൻ യൂണിയൻ കോംപറ്റീഷൻ കമ്മിഷണർ മാർഗ്രത് വെസ്റ്റഗർ പ്രഖ്യാപിക്കുന്നു. ചിത്രം: എഎഫ്പി

ബ്രസൽസ് ∙ വിപണിമര്യാദകൾ ലംഘിച്ചതിനു ഗൂഗിൾ 500 കോടി ഡോളർ (ഏകദേശം 34,500 കോടി രൂപ) പിഴ നൽകണമെന്നു യൂറോപ്യൻ യൂണിയൻ. അമേരിക്ക യൂറോപ്യൻ കമ്പനികളുടെ ഉൽപന്നങ്ങൾക്കുമേൽ അധിക നികുതി ചുമത്താനൊരുങ്ങുന്നെന്ന വാർത്തകൾക്കിടയിലാണ് യൂറോപ്പിന്റെ തിരിച്ചടിപോലെ ഗൂഗിളിനെതിരായ നടപടി. യുഎസ് കമ്പനിയായ ഗൂഗിൾ അവരുടെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വൻ സ്വാധീനം ഉപയോഗിച്ച് മറ്റു കമ്പനികളുടെ സാധ്യതകൾ അടയ്ക്കുകയാണെന്നു യൂറോപ്യൻ കമ്മിഷൻ വിലയിരുത്തി.

മൊബൈൽ ഫോൺ നിർമാതാക്കളെ ഭീഷണിപ്പെടുത്തിയും ആനുകൂല്യങ്ങൾ നൽകി സ്വാധീനിച്ചും, സ്വന്തം സെർച്ച് എൻജിനും ബ്രൗസറും ‘പ്രീ ഇൻസ്റ്റോൾ’ ചെയ്യിക്കുക വഴി മറ്റു കമ്പനികൾക്ക് ഗൂഗിൾ അവസരം നിഷേധിച്ചെന്ന് യൂറോപ്യൻ കോംപറ്റീഷൻ കമ്മിഷണർ മാർഗ്രത് വെസ്റ്റഗർ പറഞ്ഞു. സെർച്ച് എൻജിനിലും ബ്രൗസറിലും പരസ്യങ്ങൾ പ്രദർശിപ്പിച്ചാണു ഗൂഗിൾ മുഖ്യമായും വരുമാനം നേടുന്നത്.

അതേസമയം, നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ഗൂഗിൾ വ്യക്തമാക്കി. പിഴശിക്ഷയെപ്പറ്റി ഗൂഗിൾ മേധാവി സുന്ദർ പിച്ചൈയോട് കോംപറ്റീഷൻ കമ്മിഷണർ ഫോണിൽ സംസാരിച്ചു.

ഒരു വർഷം മുൻപും യൂറോപ്യൻ യൂണിയൻ ഗൂഗിളിന് പിഴയിട്ടിരുന്നു. ഏകദേശം 300 കോടി ഡോളറായിരുന്നു പിഴ. ഗൂഗിളിന്റെ സ്വന്തം ഷോപ്പിങ് സർവീസുകൾക്കു മുൻഗണന നൽകി എന്നതായിരുന്നു കാരണം. യൂറോപ്പിലെ 90% ആൻഡ്രോയിഡ് ഉപയോക്താക്കളും ഗൂഗിളിന്റെ പ്ലേ സ്റ്റോറിലൂടെയാണു ടെലിവിഷൻ ഷോകൾ, സിനിമകൾ, ആപ്പുകൾ, ഇ – ബുക്കുകൾ തുടങ്ങിയവ ഡൗൺലോഡ് ചെയ്യുന്നത്.

ഫെയ്സ്ബുക്, ഇന്റൽ, മൈക്രോസോഫ്റ്റ് എന്നിവയ്ക്കെതിരെയും യൂറോപ്യൻ യൂണിയൻ നേരത്തേ പിഴ ചുമത്തിയിരുന്നു. വിൻഡോസ് 7ന് ഒപ്പം ‘ബ്രൗസർ ബാലറ്റ്’ ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെടുത്തുന്നതിനെ തുടർന്നായിരുന്നു മൈക്രോസോഫ്റ്റ് പിഴ ചുമത്തിയത്. നികുതിയിനത്തിൽ 15.4 ബില്യൻ ഡോളർ (ലക്ഷം കോടി രൂപ) ആപ്പിളിൽനിന്നു യൂറോപ്യൻ യൂണിയൻ ചുമത്തിയിരുന്നു. 

‘ചീളു കേസ്’, എങ്കിലും...

ഇത്രയും പിഴ നൽകേണ്ടിവന്നാലും ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിനെ തരിമ്പും ബാധിക്കില്ല. ഗൂഗിളിന്റെ രണ്ടാഴ്ചത്തെ വരുമാനം ഈ തുകയെക്കാൾ വരും. കമ്പനിയുടെ കൈവശമുള്ള പണം തന്നെ ഏതാണ്ട് 10290 കോടി ഡോളറാണ്.

അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധം കൂടുതൽ മൂർച്ഛിക്കാൻ യൂറോപ്പിന്റെ നടപടി കാരണമായേക്കും. കാറുകൾ അടക്കമുള്ള യൂറോപ്യൻ ഉൽപന്നങ്ങൾക്കുമേൽ അധിക നികുതി ചുമത്തരുതെന്ന ആവശ്യവുമായി യൂറോപ്യൻ യൂണിയൻ മേധാവി ഴാങ് ക്ലോഡ് ജങ്കർ യുഎസിൽപ്പോയി ട്രംപുമായി ചർച്ച നടത്താനിരിക്കെയാണു ഗൂഗിളിനെതിരായ ഉത്തരവ്.