Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിനു സ്വിസ് സഹകരണം ഉറപ്പാക്കാമെന്ന് ഇന്ത്യൻ അംബാസഡർ

swiss-ambassador-pinarayi സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്തു കൂടിക്കാഴ്ച നടത്തുന്നു

തിരുവനന്തപുരം ∙ വിനോദസഞ്ചാരം, മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള മേഖലകളിൽ സ്വിറ്റ്സർലൻഡുമായി സഹകരിക്കാൻ കേരളത്തെ സഹായിക്കാമെന്ന് സ്വിസ് ഇന്ത്യൻ അംബാസഡറും മലയാളിയുമായ സിബി ജോർജ്. ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, വിവിധ വകുപ്പു മേധാവികൾ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി. 

ഡിജിറ്റൽ സാങ്കേതികവിദ്യ ടൂറിസം പ്രചാരണത്തിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന രാജ്യമാണ് സ്വിറ്റ്സർലൻഡ്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപകമാക്കുന്നതിലൂടെ കേരളത്തിനു വിദേശ രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നും അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു. 

മാലിന്യ സംസ്കരണത്തിനു ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കാൻ കഴിയാത്തതു കേരളത്തിന്റെ പ്രധാന പ്രശ്നമായി തുടരുകയാണ്. നഗര കേന്ദ്രങ്ങളിൽപ്പോലും മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ പ്രവർത്തിക്കുന്ന രാജ്യമാണ് സ്വിറ്റ്സർലൻഡ്. സാങ്കേതികവിദ്യ പങ്കുവയ്ക്കാൻ അവർ തയാറാണ്. ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 

കേരളത്തിന്റെ ആയുർവേദ പാരമ്പര്യം സ്വിറ്റ്സർലൻഡിലും പ്രശസ്തമാണ്. സ്വിസ് വിദേശകാര്യമന്ത്രി വരെ കേരളത്തിലെത്തി ആയുർവേദ ചികിൽസ നടത്തിയയാളാണ്. സ്വിറ്റ്സർലൻഡിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളിൽ കേരള ടൂറിസത്തെ സഹായിക്കാൻ ഇന്ത്യൻ എംബസി തയാറാണ്. സ്വിറ്റ്സർലൻഡിലെത്തുന്ന വിദേശ സഞ്ചാരികളോട് നിങ്ങളുടെ അടുത്ത സഞ്ചാരലക്ഷ്യം ഇന്ത്യയാകട്ടെ എന്ന പ്രചാരണമാണ് എംബസി നടത്തുന്നത്. കേരളത്തെയും ഈ പ്രചാരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷം നാലു ലക്ഷം ഇന്ത്യക്കാരാണു സ്വിറ്റ്സർലൻഡിലെത്തുന്നത്. ഇതിൽ വലിയൊരു പങ്ക് മലയാളികളുമുണ്ട്. 

ഇന്ത്യയിലെ സംസ്ഥാനങ്ങളുടേതിനു തുല്യമായ അധികാരമാണ് സ്വിറ്റ്സർലൻഡിലെ കന്റോണുകൾക്കുള്ളത്. കേരളത്തിന് ഇത്തരം കന്റോണുകളുമായി നേരിട്ടു സഹകരണം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

കോട്ടയം പാലാ സ്വദേശിയായ സിബി ജോർജ് 1993 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. സ്വിറ്റ്സർലൻഡിനു പുറമെ വത്തിക്കാൻ, ലീച്ചെൻസ്റ്റീൻ (Liechtenstein) എന്നിവിടങ്ങളിലെയും ഇന്ത്യൻ നയതന്ത്ര പ്രതിനിധിയാണിപ്പോൾ. 

related stories