Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്സിലറോൺ: ഹാർഡ്‌വെയർ രംഗത്ത് മലയാളിയുടെ അഭിമാനം

lk-prasad എൽ.കെ.പ്രസാദ്

നാലു വർഷം മുൻപു ബെംഗളൂരുവിൽ ഒരു കൂട്ടം മലയാളികൾ ചേർന്നാരംഭിച്ച ആക്സിലറോൺ ലാബ്സ് എന്ന സ്റ്റാർട്ടപ് ഇന്നു മൽസരിക്കുന്നതു മറ്റു സ്റ്റാർട്ടപ്പുകളോടല്ല; ഡെൽ, എച്ച്പി തുടങ്ങിയ രാജ്യാന്തര കംപ്യൂട്ടർ ഹാർഡ്‌വെയർ അതികായൻമാരോടാണ്. ‘ഡേറ്റ സെന്റർ ഇൻ എ ബോക്സ്’ എന്ന ആശയം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ‘ആക്സിലറോൺ ലാബ്സ്’ എന്ന സ്റ്റാർട്ടപ് രാജ്യത്തിന്റെ ഭാവി തലമുറ കംപ്യൂട്ടിങ്ങിനു ചുക്കാൻ പിടിക്കുന്ന തലത്തിലേക്കു വളർന്നു കഴിഞ്ഞു.

സ്റ്റോറേജ്, സെർവർ രംഗത്തെ ‘ഒറിജിനൽ എക്വിപ്മെന്റ് മാനുഫാക്ചറർ’ (ഒഇഎം) എന്ന നിലയിൽ ആക്സിലറോൺ ലാബ്സിന് എതിരാളികളില്ലെന്നുപറയാം. ഇന്ത്യയിൽ തന്നെ സെർവറുകൾ ഡിസൈൻ ചെയ്തു നിർമിച്ചു തുടങ്ങിയ ആദ്യ കമ്പനിയും ആക്സിലറോൺ തന്നെ. ഇന്റലിന്റെ ടോപ് 10 മേക്കർ ലാബ് സ്റ്റാർട്ടപ്പുകളുടെ പട്ടികയിലും ഇടം കണ്ടെത്തി. കേരള സർക്കാരിന്റെ ലാപ്ടോപ് നിർമാണ പദ്ധതിയിൽ പാർട്നർ ആയതോടെയാണ് ആക്സിലറോൺ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. 

പെട്ടിക്കുള്ളിലെ ഡേറ്റ സെന്റർ

2014ലാണ് കോട്ടയം തിരുവഞ്ചൂർ സ്വദേശി എൽ.കെ.പ്രസാദും ആറു കൂട്ടുകാരും ചേർന്ന് ആക്സിലറോൺ ലാബ്സ് തുടങ്ങുന്നത്. ഹാർഡ്‌വെയർ രംഗത്തെ പുതിയൊരാശയമാണ് ആക്സിലറോൺ ലാബ്സ് നടപ്പാക്കിയത്. സെർവറും സ്റ്റോറേജും ഒരു പെട്ടിക്കുള്ളിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു അത്. അതിനൊരു പേരുമിട്ടു; ‘ഡേറ്റ സെന്റർ ഇൻ എ ബോക്സ്’.  വലിയ സെർവറുകൾ ഉപയോഗിക്കുന്നതിനു പകരം കമ്പനികൾക്കു ഈ ചെറിയ ബോക്സ് വാങ്ങാം. വലുപ്പം കുറയുന്നതോടൊപ്പം കംപ്യൂട്ടിങ് ശേഷി വർധിപ്പിച്ചു. ഒരു ഇടത്തരം കമ്പനിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ ബോക്സ് മതിയായിരുന്നു. സംഗതി ‘ഹിറ്റായതോടെ’ ബോക്സിൽതന്നെ പുതിയ സാങ്കേതികവിദ്യകൾ കൂട്ടിച്ചേർക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീടുനടന്നത്. സോഫ്റ്റ്‌വെയർ രംഗത്തേക്കും ചുവടു വച്ചു. 

‘ഹെട്രോജീനിയസ് കംപ്യൂട്ടിങ്’

നിർമിതബുദ്ധിയും ബ്ലോക്ചെയിനും പോലുള്ള സാങ്കേതികവിദ്യകൾക്കു പിന്തുണ നൽകാൻ കഴിയാത്ത ഹാർഡ്‌വെയറുകൾ പിന്തള്ളപ്പെടുമെന്നു ആക്സിലറോൺ ലാബ്സ് മനസ്സിലാക്കി. അതിനായി ക്ലൗഡിന്റെ ഉപയോഗം കുറച്ചുകൊണ്ട് എഡ്ജ് കംപ്യൂട്ടിങ് സാങ്കേതികവിദ്യ ബോക്സിനുള്ളിൽ ഉൾപ്പെടുത്തി. ഡേറ്റ സെന്റർ ബോക്സിനെ അടുത്ത തലമുറ കംപ്യൂട്ടിങ്ങിന് ആവശ്യമായ രീതിയിൽ മാറ്റിയെടുത്തു. ഗ്രാഫിക് പ്രോസസിങ് യൂണിറ്റ് (ജിപിയു), ഷീൽഡ് പ്രോഗ്രാമബിൾ ഗേറ്റ് അറെ (എസ്പിജി) തുടങ്ങിയ അതിനൂതന കംപ്യൂട്ടിങ് എലമെന്റുകൾ ഇതിലുൾപ്പെടുത്തി. ഇത്തരത്തിൽ ഭീമൻ കംപ്യൂട്ടിങ് ശേഷിയുള്ള സാങ്കേതികവിദ്യയെ ഹെട്രോജീനിയസ്‍ കംപ്യൂട്ടിങ് എന്നാണു വിളിക്കുന്നത്. ലോകത്തെ ആദ്യ ഹെട്രോജീനിയസ് കംപ്യൂട്ടിങ് ആണ് ആക്സിലറോൺ ലാബ്സിന്റേതെന്നു എൽ.കെ. പ്രസാദ് പറയുന്നു. 

കംപ്യൂട്ടിങ് ഭാവി

സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെ ലാപ്ടോപുകൾ നിർമിക്കുന്ന കമ്പനിയിൽ ആക്സിലറോൺ ലാബ്സും പങ്കാളിയാണ്. കെൽട്രോൺ, ഇന്റൽ, കെഎസ്ഐഡിസി, യുഎസ്ടി ഗ്ലോബൽ എന്നിവയാണു മറ്റുള്ള കമ്പനികൾ. സെർവറുകളുടെ നിർമാണത്തിലും ആക്സിലറോൺ പങ്കാളിയാകും. രാജ്യത്തിന്റെ ഭാവി കംപ്യൂട്ടിങ്ങിനു മുതൽക്കൂട്ടാകുന്നതോടൊപ്പം ഗ്രീൻ കംപ്യൂട്ടിങ് എന്ന ആശയവും കമ്പനി മുന്നോട്ടു വയ്ക്കുന്നു.  കംപ്യൂട്ടിങ് ശേഷി ഉയർത്തുമ്പോൾ തന്നെ ഊർജസംരക്ഷണവും നടപ്പാക്കുക എന്നതാണു ലക്ഷ്യം.

എൽ.കെ. പ്രസാദാണ് കമ്പനിയുടെ സിഇഒ. കോഴിക്കോട് എൻഐടിയിൽ നിന്നു ബി.ടെക് പൂർത്തിയാക്കിയ പ്രസാദ് രാജ്യാന്തര ഐടി കമ്പനിയിൽ 20 വർഷം ജോലി ചെയ്ത ശേഷമാണ് സ്റ്റാർട്ടപ്പിലേക്ക് തിരിഞ്ഞത്. പി.സി. മനോജ് കുമാറായിരുന്നു നിക്ഷേപകൻ. പ്രസാദിനും മനോജിനുമൊപ്പം വി.എസ്. പ്രിൻസ്, എം.എസ്. നാരായണൻ. വി. നൗജാസ്, വി. അഖിൽ, ജെറിൻ ജോർജ് എന്നിവരും ചേർന്നു. പ്രധാനമന്ത്രിയുടെ ചാംപ്യൻ ഓഫ് ചെയ്ഞ്ച് പ്രോഗ്രാമിൽ ആക്സിലറോൺ ലാബ്സ് പങ്കെടുത്തിരുന്നു.