കൊച്ചി ∙ യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു കനത്ത തകർച്ച. ഒറ്റ ദിവസംകൊണ്ടു വിനിമയ നിരക്ക് 68.83 ൽനിന്ന് 69.93 ൽ എത്തിയപ്പോൾ രൂപയ്ക്കു നേരിട്ട നഷ്ടം രണ്ടു ശതമാനത്തോളം. വിനിമയ നിരക്കിൽ ഒരു ദിവസംതന്നെ 1.10 രൂപയുടെ ഇടിവു റെക്കോർഡാണ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിലനിലവാരത്തിലാണ് ഇപ്പോൾ രൂപ. ഇന്നത്തെ വ്യാപാരത്തിൽ നിരക്ക് 70.00 നിലവാരം ഭേദിച്ചേക്കുമെന്നാണു വിദേശനാണ്യ വിപണിയുമായി ബന്ധപ്പെട്ടവർ നൽകുന്ന മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ജൂലൈ 20നു രൂപയുടെ മൂല്യം 69.13 വരെ താഴുകയുണ്ടായെങ്കിലും പിന്നീടു ക്രമേണ മെച്ചപ്പെടുകയുണ്ടായി. വെള്ളിയാഴ്ച വിപണിയിൽ ഇടപാടുകൾ അവസാനിക്കുമ്പോൾ നിരക്ക് 68.83 നിലവാരത്തിലാണ് അവസാനിച്ചത്. ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾ മൂല്യത്തിൽ 41 പൈസയുടെ നേട്ടം രേഖപ്പെടുത്തുകപോലും ചെയ്തു. പക്ഷേ, പെട്ടെന്നായിരുന്നു വിപണിയുടെ തകിടംമറിച്ചിൽ.
തുർക്കിയുടെ നാണയമായ ലീറ നേരിടുന്ന പ്രതിസന്ധി മൂർച്ഛിച്ചതാണു പകർച്ചവ്യാധി പോലെ വികസ്വര വിപണികളിലെ നാണയങ്ങളെ ബാധിച്ചത്. രൂപയുടെ വിലയിടിവു പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ശ്രമം നടത്തുകയുണ്ടായെന്നാണു ചില ബാങ്കുകളിലെ ഫോറെക്സ് ഡീലർമാരിൽനിന്നു ലഭിക്കുന്ന വിവരം. എന്നാൽ, വീഴ്ചയുടെ ആക്കം കൂടിയപ്പോൾ ആർബിഐയുടെ ശ്രമം നിഷ്ഫലമാകുകയായിരുന്നുവത്രേ. അതേസമയം, ആർബിഐക്കു സ്ഥിതിഗതികളിൽ കാര്യമായ ആശങ്കയില്ലെന്നാണു സൂചന. രൂപയുടെ മാത്രം തകർച്ചയല്ലാത്തതാണു കാരണമെന്നു നിരീക്ഷകർ പറയുന്നു. ഇന്തൊനീഷ്യൻ റുപ്പയയ്ക്ക് ഒരു ശതമാനം മൂല്യത്തകർച്ചയാണു സംഭവിച്ചത്. ചൈനീസ് യുവാൻ 0.5% ഇടിഞ്ഞു. മറ്റു കറൻസികളും കൂടുതൽ ദുർബലമായി. എണ്ണവില കൂടിയാല്‍ രൂപ കൂടുതല്‍ തളരും രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കൂടിയാൽ രൂപയുടെ വിലയിൽ ഇനിയും തകർച്ചയുണ്ടാകുമെന്നാണു രാജ്യാന്തര ധനസേവന രംഗത്തു പ്രവർത്തിക്കുന്ന ക്രെഡിറ്റ് സ്യൂസ് പോലുള്ള സ്ഥാപനങ്ങളുടെ വിലയിരുത്തൽ.
ബാരലിനുണ്ടാകുന്ന ഒരു ഡോളറിന്റെ വർധന ഇന്ത്യയുടെ ഇറക്കുമതിച്ചെലവിൽ 5360 കോടി രൂപയുടെ വർധനയാണു വരുത്തുക. ഇറക്കുമതിക്കായി കൂടുതൽ ഡോളർ ചെലവിടേണ്ടി വരുന്തോറും രൂപ കൂടുതൽ ദുർബലമാകുക സ്വാഭാവികം. വിദേശ ധന സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യൻ വിപണിയിൽനിന്നു തുക പിൻവലിക്കുന്നതും രൂപയ്ക്കു ക്ഷീണമാണ്. ഇന്നലെ മാത്രം എഫ്ഐഐകൾ ഇന്ത്യയിലെ ഓഹരി വിപണിയിൽനിന്ന് 1000 കോടിയോളം രൂപ പിൻവലിച്ചതായാണു കണക്ക്. രൂപയുടെ വൻ തകർച്ച ഓഹരി വിപണിയെയും പിടിച്ചുകുലുക്കി. സെൻസെക്സിൽ 224.33 പോയിന്റിന്റെയും നിഫ്റ്റിയിൽ 73.75 പോയിന്റിന്റെയും നഷ്ടമാണു രേഖപ്പെടുത്തിയത്.