Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപ്പില്ലാതെ ഉണക്കാം മീൻ

fish-processing

ഡ്രൈഫ്രൂട്സ് പോലെ വിപണിയിലെ ഹോട് ഐറ്റമായി മാറുകയാണ് ഡ്രൈ ഫിഷ്. പച്ചക്കറികളിലും പഴവർഗങ്ങളിലുമുണ്ടായ ഓർഗാനിക് വിപ്ലവം മീനിലേക്കു മാറുമ്പോൾ, ഉപ്പു ചേർക്കാതെ, രാസപദാർഥങ്ങളൊന്നുമില്ലാതെ, വൃത്തിയായി ഉണക്കിയ മീനിന് ഡിമാൻഡ് ഉയരുകയാണ്. ആരോഗ്യ പ്രശ്നങ്ങളില്ലാതെ ഉണക്കമീൻ രുചി ആസ്വദിക്കാനുള്ള അവസരം നൽകാൻ മുൻകൈ എടുക്കുന്നത് കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഫിഷറീസ് ടെക്നോളജിയാണ്. സൗരോർജമുപയോഗിച്ചു പ്രവർത്തിക്കുന്ന പുതിയ  ഡ്രയർ വികസിപ്പിച്ചെടുക്കുക മാത്രമല്ല, കേരളത്തിന്റെ വർധിച്ചുവരുന്ന ഉണക്കമീൻ ഡിമാൻഡിനനുസരിച്ചു ലഭ്യമാക്കാൻ ഇപ്പോൾ ഡ്രൈഫിഷ് ഇൻക്യുബേഷൻ സെന്ററും സിഫ്റ്റിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള സംരംഭകർ ഇപ്പോൾ സിഫ്റ്റിലെ ഡ്രയറിൽ മീൻ ഉണക്കി, സ്വന്തം ബ്രാൻഡിൽ വിൽപനയ്ക്ക് എത്തിക്കുന്നു. ഡ്രൈയിങ് യൂണിറ്റ് മാത്രമല്ല, ഉണക്കമീൻ വ്യവസായം തുടങ്ങാനുള്ള ലൈസൻസും ലോണും ഭക്ഷ്യസുരക്ഷാ അതോറിട്ടിയുടെ ലൈസൻസ് ലഭിക്കുന്നതിനുമുള്ള സഹായവും സിഫ്റ്റ് നൽകും. 

ഉപ്പുമീനല്ല, ഉണക്കമീൻ

പ്രാദേശികമായുള്ള ഉണക്കമീൻ നിർമാണം കുറഞ്ഞതോടെ തൂത്തുക്കുടിയിലും മറ്റും ഉണക്കിയ മീനാണ് കേരളത്തിലേക്കു വരുന്നത്.  കേടാകാതിരിക്കാൻ ഉപ്പു മാത്രമല്ല, വൻ തോതിൽ രാസവസ്തുക്കളും ചേർത്താണു മീൻ ഉണക്കുന്നത്. മാത്രമല്ല, വൃത്തിരഹിതമായ ഇടങ്ങളിലിട്ട് ഉണക്കുന്നതിനാൽ മണ്ണും പൊടിയും മാലിന്യവുമെല്ലാം മീനിലുണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ ഉപ്പും മറ്റു രാവസ്തുക്കളുമില്ലാതെ, മീൻ കഴുകിവൃത്തിയാക്കി വേഗം ഉണക്കിയെടുക്കുന്ന സംവിധാനമാണ് സിഫ്റ്റിലുള്ളത്. സിഫ്റ്റിലെ ശാസ്ത്രജ്ഞനായ ഡോ. മനോജ് സാമുവലാണ് ഡ്രയർ വികസിപ്പിച്ചെടുത്തത്. സൗരോർജത്തിൽ പ്രവർത്തിക്കുന്നവയാണ് ഡ്രയറുകൾ. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ പാചകവാതകം ഉപയോഗിച്ചും പ്രവർത്തിപ്പിക്കാം.

സോളർ പാനലുകൾക്കിടയിലെ കുഴലുകളിലൂടെ ഒഴുകുന്ന ജലത്തിന്റെ ഊഷ്മാവു വെയിലേറ്റ് ഉയരുകയും ചൂടായ ജലം താപവിതരണ ക്രമീകരണത്തിലൂടെ ഒഴുകി മീൻ ഉണങ്ങാനാവശ്യമായ താപനില ഉണ്ടാക്കുകയുമാണു ചെയ്യുന്നത്. പാചകവാതകത്തിൽ ഡ്രയർ ഓട്ടമാറ്റിക്കായി പ്രവർത്തിക്കും. എൽപിജി ബാക്ക് അപ് സിസ്റ്റമായാണു പ്രവർത്തിക്കുന്നത്. ഇലക്ട്രിക് ഡ്രയറും ലഭ്യമാണ്. വിവിധ ഏജൻസികൾ മുഖേനയാണ് സിഫ്റ്റ് ആവശ്യക്കാർക്ക്  ഡ്രയർ എത്തിച്ചുകൊടുക്കുന്നത്. കപ്പാസിറ്റി അനുസരിച്ചാണു വില. ഏറ്റവും വലിയ ഡ്രയറിനു (60 കിലോ  മീൻ ഒരേ സമയം ഉണങ്ങാൻ കഴിയുന്നത്) മൂന്നു ലക്ഷം രൂപയും ജിഎസ്ടിയും (18 ശതമാനം) അടങ്ങുന്നതാണു വില. വിവിധ ജില്ലകളിൽ യൂണിറ്റുകൾ ഇപ്പോൾ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ട്.  10 കിലോയുടെ ഇലക്ട്രിക്കൽ ഡ്രയറിന് 50,000 രൂപയാണു വില. 

ശാസ്ത്രീയമായി ഉണക്കൽ

ശാസ്ത്രീയമായാണു മീൻ ഉണക്കലിന്റെ ഓരോ ഘട്ടവും. കഴുകി വൃത്തിയാക്കുന്നതു മുതൽ പാക്കേജിങ് വരെ യന്ത്രം ചെയ്യും. പ്രീപ്രോസസിങ് എന്ന വലിയ ഘട്ടം കഴിഞ്ഞതിനു ശേഷമാണ് ഉണക്കലിലേക്കു കടക്കുന്നത്. എഫ്എസ്എസ്എഐ നിർദേശിക്കുന്ന ഗുണനിലവാരത്തിലാണു മീൻ പായ്ക്കറ്റിലെത്തുന്നത്. 

ഇൻക്യുബേഷൻ സെന്റർ

വ്യവസായം തുടങ്ങാൻ താൽപ്യമുള്ളവർക്കായി സിഫ്റ്റ്, ഇൻക്യുബേഷൻ സെന്ററും ആരംഭിച്ചു കഴിഞ്ഞു. ഇപ്പോൾ വിവിധ ജില്ലകളിൽ നിന്നായി വനിതകളുൾപ്പടെ ഒട്ടേറെ സംരംഭകരുണ്ട്. മൂന്നു ലക്ഷം രൂപ വരെ പെട്ടന്നു നിക്ഷേപിക്കാനില്ലാത്തവർക്ക് ഡ്രയർ ഉപയോഗപ്പെടുത്തി ഉണക്കമീൻ നിർമാണം ആരംഭിക്കാൻ അവസരം നൽകുകയാണു ചെയ്യുന്നത്. ക്യാംപസിനകത്തുതന്നെ ഡ്രയറുകളുണ്ട്. സംരംഭകർക്കു  സ്വന്തം ബ്രാൻഡ് പേരിൽ ഉൽപന്നം വിൽക്കാം. ആറു മാസം മുൽ ഒരു വർഷം വരെയാണ് ഇൻക്യുബേഷൻ പിരീഡ്. എല്ലാ ഘട്ടത്തിലും പ്രത്യേക പരിശീലനവും സാങ്കേതിക സഹായവും സൗജന്യമായി നൽകും. ഓപ്പറേറ്റിങ് ചെലവു മാത്രമാണു സംരംഭകർ നൽകേണ്ടത്. ആദ്യം 2,000 രൂപ അടച്ച് റജിസ്റ്റർ ചെയ്യണം. രണ്ടു തരത്തിലുള്ള ഇൻക്യുബേഷനാണു നൽകുന്നത്. മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണവും ഇവിടെയുണ്ട്.

ഫിസിക്കൻ ഇൻക്യുബേഷൻ സെന്ററിൽ ഓഫിസ് റൂം സംരംഭകനു ലഭിക്കും.  സ്വന്തമായി സംരംഭം തുടങ്ങാനാവശ്യമായ ലോണും ലൈസൻസും എഫ്എസ്എസ്എഐ നമ്പറും ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും സിഫ്ട് ചെയ്തുകടുക്കും. മാർക്കറ്റിങ് പരിശീലനവും ലഭിക്കും. രാവിലെ മീൻ കൊണ്ടുവന്നു, വൈകിട്ട് ഉണക്കമീനുമായി തിരിച്ചുപോകുന്ന ഇൻക്യുബേറ്റികളുമുണ്ട്. ക്ലീനിങ് മുതൽ പായ്ക്കിങ് വരെയുള്ള സാങ്കേതികവിദ്യയും ഉപകരണങ്ങളും ഇവിടെ ലഭിക്കും. ലേബലിങ്ങും പായ്ക്കിങ്ങും മാത്രമല്ല, ആദ്യകാലങ്ങളിൽ ഇവിടുത്തെ എഫ്എസ്എസ്എഐ നമ്പറും സംരംഭകർക്ക് ഉപയോഗിക്കാം. സിഫ്റ്റ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഉണക്കമീൻ നിർമാണം. 

ലാഭംകൊണ്ടു വാങ്ങാം, ഡ്രയർ

ടെസ്റ്റ് മാർക്കറ്റിങ്ങിനുള്ള അവസരമാണ് സിഫ്റ്റ് നൽകുന്നത്. ഒരു വർഷത്തിൽ സ്വന്തമായി ഡ്രയർ വാങ്ങി യൂണിറ്റ് സ്വന്തമാക്കാൻ പ്രാപ്തരാക്കും. അത്തരത്തിൽ യൂണിറ്റു തുടങ്ങിയവരുമുണ്ട്. ചമ്പക്കര മാർക്കറ്റിൽ പ്രവർത്തിക്കുന്ന അബ്ബാ ഡ്രൈഫിഷ് സ്റ്റോൾ ഇതിനുദ്ദാഹരണമാണ്. ഡിമാൻഡ് കൂടിയതോടെയാണ് യൂണിറ്റ് സ്വന്തമാക്കി ഉൽപാദനം കൂട്ടിയതെന്ന് സംരംഭകർ പറയുന്നു. മണമില്ലാത്ത, വിഷമില്ലാത്ത ഉണക്കമീനിന് ആവശ്യക്കാരേറെയാണ്. സിഫ്റ്റിൽ ഓപ്പറേഷനൽ ചെലവു മാത്രം നൽകിയാൽ മതി. വാടകയില്ല. ഇക്കാരണത്താൽതന്നെ ഇൻക്യുബേഷൻ സമയത്തിനുള്ളിൽ സംരംഭകർ യൂണിറ്റ് സ്വന്തമാക്കാൻ പ്രാപ്തരാകും. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് ഒട്ടേറെ സംരംഭകർ എത്തുന്നുണ്ട്. 20 കിലോ മീൻ ഉണങ്ങാൻ 64 രൂപയാണു ചെലവ്. മഴക്കാലത്ത് ചെലവ് അൽപം കൂടും, വേനൽക്കാലത്ത് ചെലവു വീണ്ടും കുറയും. ഓർഗാനിക് ആയതിനാൽ പ്രീമിയം വിലയിൽ ഉൽപന്നങ്ങൾ വിൽക്കാനാകുമെന്ന് സംരംഭകർ പറയുന്നു. ഡയറക്ടർ ഡോ. സി.എൻ. രവിശങ്കറും ഉദ്യോഗസ്ഥനായ ജോർജ് നൈനാനുമാണു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. 

വൃത്തി ഏറെ പ്രധാനം: ഡോ. മനോജ് മാനുവൽ

വൃത്തിക്കാണ് ഇവിടെ കൂടുതൽ പ്രാധാന്യം. വൃത്തിയില്ലാത്ത സാഹചര്യത്തിൽ കടപ്പുറത്ത്, വെയിലത്തിട്ട് ഉണക്കിയെടുക്കുന്നു എന്ന കാരണത്താലാണ് ആളുകൾ ഉണക്കമീനിനെ അകറ്റി നിർത്തിയിരുന്നത്. മാരകമായ വിഷപദാർഥങ്ങളും ചേർക്കാറുണ്ട്. എന്നാൽ ഇവിടെ ഒരു ഘട്ടത്തിലും രാസവസ്തുക്കൾ ചേർക്കുന്നില്ല.  ഉണക്കുന്നതിനു മുൻപ് മീൻ ശാസ്ത്രീയമായി വൃത്തിയാക്കും. കൃത്യമായ താപനിലയിൽ മണിക്കൂറുകൾക്കൊണ്ട് ഉണക്കിയെടുക്കും. എൽപിജി ബാക്അപ് സംവിധാനമുള്ളതുകൊണ്ട് മഴക്കാലത്തുപോലും മീൻ ചീഞ്ഞുപോകില്ല. ഒട്ടേറെ സംരംഭകർ വരുന്നുണ്ട്. ഉണക്കമീനിനു വിപണിയിൽ ആവശ്യക്കാർ കൂടുന്നെന്നു  സംരംഭകർ പറയുന്നു.