Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷിനഷ്ടം 1000 കോടി കവിഞ്ഞ​ു

Flood-at-Nalumanikkattu

കൊച്ചി ∙ മഴയുടെ അളവിലുണ്ടായ 15% വർധന മൂലം സംസ്‌ഥാനത്തെ കൃഷി മേഖലയിൽ മാത്രം 1000 കോടിയിലേറെ രൂപയുടെ നഷ്‌ടമുണ്ടായതായി അനുമാനിക്കുന്നു. രണ്ടര മാസത്തിലേറെയായി നീളുന്ന മഴയിൽ നഷ്‌ടം നേരിടാത്ത വിളകളില്ലെന്നതാണു പ്രത്യേകത.

ഏറ്റവും കനത്ത നഷ്‌ടം നേരിട്ടിരിക്കുന്നവയിലൊന്നു നെൽ കൃഷിയാണ്.  100 – 150 കോടിയോളം രൂപയുടെ ഉൽപാദന നഷ്‌ടമാണു കണക്കാക്കുന്നത്. കുട്ടനാട്ടിൽ 90 ശതമാനത്തിലേറെ പാടശേഖരങ്ങളിലെയും രണ്ടാം കൃഷി പൂർണമായും നശിച്ചു. എണ്ണായിരത്തോളം ഹെക്‌ടറിലെ രണ്ടാം കൃഷിയിൽനിന്നു നഷ്‌ടം മാത്രം കൊയ്യേണ്ടിവന്ന കർഷകർക്കു പുഞ്ച കൃഷിക്കു പണം കണ്ടെത്തുക വലിയ വെല്ലുവിളിയാകും.

റബർ കർഷകർക്കു നേരിടേണ്ടിവന്നിട്ടുള്ള നഷ്‌ടം 500 കോടി രൂപയ്‌ക്കു മുകളിലായിരിക്കുമെന്നാണ് ഉൽപാദന, വിപണന രംഗങ്ങളുമായി ബന്ധപ്പെട്ടവരുടെ അനുമാനം. പകുതിയോളം തോട്ടങ്ങളിൽ ടാപ്പിങ് ഏറെക്കുറെ പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. തുടർച്ചയായി പെയ്യുന്ന മഴ മൂലം റബർ മരങ്ങളെ ഇല കൊഴിയൽ രോഗം ബാധിക്കുന്നതായും റിപ്പോർട്ടുണ്ട്. വരും മാസങ്ങളിലും ഉൽപാദന നഷ്‌ടം തുടരാൻ ഇതു കാരണമായേക്കാം.

ഏലം കൃഷി നേരിട്ടിരിക്കുന്നത് അതിഭീമമായ നഷ്‌ടമാണ്. ഇടുക്കിയിൽ മാത്രം രണ്ടായിരത്തിലേറെ ഹെക്‌ടറിലെ കൃഷി നശിച്ചതായി കണക്കാക്കുന്നു. വിളവെടുപ്പിനു പാകമായ സമയത്താണു കാലവർഷം ശക്‌തമായത്. അതോടെ വൻതോതിലാണു കായ അഴുകി നശിച്ചിട്ടുള്ളത്. ചെടികളും  നശിച്ചതിനാൽ പല സ്‌ഥലങ്ങളിലും വീണ്ടും കൃഷിയിറക്കേണ്ട സ്‌ഥിതിയാണ്. ഏലയ്‌ക്ക ഉൽപാദനത്തിൽ ഗണ്യമായ കുറവാണു കർഷകർ കണക്കാക്കുന്നത്.

കുരുമുളക് ഉൽപാദനത്തിൽ കനത്ത നഷ്‌ടമുണ്ടായേക്കുമെന്നാണ് ആശങ്ക. കുരുമുളകു ചെടികളിൽ തിരിയിടുന്ന അവസരത്തിലുള്ള തോരാമഴയാണു പ്രശ്‌നം.  രാജ്യത്തെ വിവിധ വിപണികളിൽ കേരളത്തിൽനിന്നുള്ള ഉൽപന്നത്തെ പിൻതള്ളി കള്ളക്കടത്തായെത്തുന്ന കുരുമുളകു സുലഭമായിരിക്കുമ്പോഴാണ് ഉൽപാദന നഷ്‌ടം കൂടി കർഷകർക്കു നേരിടേണ്ടിവന്നിരിക്കുന്നത്. വിയറ്റ്‌നാമിൽനിന്നു നേപ്പാൾ വഴി എത്തുന്ന കുരുമുളകിനു ഗുണമേന്മയില്ലെങ്കിലും വിലക്കുറവാണു മുഖ്യ ആകർഷണം. വിയറ്റ്‌നാം കുരുമുളകു വില കുറച്ചും വേണ്ടത്ര അളവിലും ലഭിക്കുമെന്നുവന്നതോടെ കൊച്ചി വിപണിയിൽ ഉൽപന്നത്തിന്റെ വരവു ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.

തേയിലത്തോട്ടങ്ങളെയും മഴ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഉൽപാദനത്തിലുണ്ടായേക്കാവുന്ന നഷ്‌ടം 50 ശതമാനത്തോളമായിരിക്കുമെന്നു തോട്ടം ഉടമകൾ പറയുന്നു. പ്രതികൂല കാലാവസ്‌ഥ മൂലം ജാതിമരങ്ങളിൽ ഇലയുടെയും പൂവിന്റെയും കൊഴിച്ചിൽ വ്യാപകമാണ്. തന്മൂലം ഉൽപാദന നഷ്‌ടം ഗണ്യമായിരിക്കുമെന്നാണു കണക്കാക്കുന്നത്. ഒരു കോടിയോളം ജാതിമരങ്ങൾക്കു നാശം സംഭവിച്ചു. വാഴത്തോപ്പുകളിൽ വെള്ളം കയറിയതിനാൽ കൃഷിനാശം വ്യാപകമാണ്. രണ്ടര ലക്ഷത്തോളം ഏത്തവാഴ നശിച്ചതിൽ രണ്ടു ലക്ഷത്തോളവും കുലച്ചുകഴിഞ്ഞവ. ഓണക്കാലത്തെ മികച്ച വിളവെടുപ്പു സ്വപ്‌നം കണ്ട കർഷകർക്കാണു തിരിച്ചടിയുണ്ടായിരിക്കുന്നത്.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കുറഞ്ഞത് 1000 ഹെക്‌ടറിലെ പച്ചക്കറി കൃഷി നശിച്ചിട്ടുണ്ട്. അഞ്ചു കോടിയിലേറെ രൂപയുടേതാണ് ഉൽപാദന നഷ്‌ടം. കരഭൂമിയിലും പാടത്തുമൊക്കെയായി ആയിരക്കണക്കിനു ഹെക്‌ടറിലെ കപ്പക്കൃഷിയാണു നശിച്ചിരിക്കുന്നത്. ചീഞ്ഞു നശിച്ച കപ്പയുടെ അളവ് അനേകം ടൺ വരും.