Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപമില്ലാതെ... രൂപയുടെ വിനിമയമൂല്യത്തിൽ വീഴ്ച തുടരുന്നു

rupee-dollar-rate

കൊച്ചി ∙ യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ നിരക്ക് 70.09 വരെ താഴ്ന്ന് പുതിയ റെക്കോർഡിട്ട ശേഷം 69.89 നിലവാരത്തിലേക്കു നില മെച്ചപ്പെടുത്തിയെങ്കിലും വീഴ്ചയ്ക്കു വിരാമമായിട്ടില്ലെന്നാണു വിപണിയുമായി ബന്ധപ്പെട്ടവരുടെ വിലയിരുത്തൽ. 71.00 നിലവാരം പോലും വിദൂരമല്ലെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകുമ്പോൾ ആശങ്കയ്ക്കു വകയില്ലെന്നു സാമ്പത്തികകാര്യ വകുപ്പ് ഉറപ്പുപറയുന്നു. 

രൂപയുടെ വിലയിടിവു പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കാര്യമായ ശ്രമം നടത്തിയതായി റിപ്പോർട്ടില്ല. പരിമിതമായ തോതിൽ മാത്രമായിരുന്നു വിപണിയിലെ ഇടപെടൽ. വികസ്വര രാജ്യങ്ങളിലെയെല്ലാം കറൻസികൾ ദുർബലമാകുന്ന സാഹചര്യത്തിൽ രൂപയ്ക്കു സ്ഥൈര്യം പകരാൻ ആർബിഐ വിചാരിച്ചാലും സാധ്യമല്ലെന്നു സർക്കാരിന്റെ ഭാഗത്തുനിന്നു വിശദീകരണം പോലുമുണ്ടായി. മറ്റു കറൻസികൾക്കൊപ്പമാണു വീഴ്ചയെന്നതിനാൽ രൂപയുടെ നിരക്ക് 80.00 നിലവാരത്തിലേക്കു താഴ്ന്നാൽ പോലും ഉത്കണ്ഠ വേണ്ടെന്നാണു സാമ്പത്തികകാര്യ വകുപ്പിന്റെ വക്താവു വ്യക്തമാക്കിയത്.

അതിനിടെ, കറൻസികൾക്കു വ്യാപകമായി മൂല്യത്തകർച്ച വരുത്തിവച്ച തുർക്കിയിലെ ലീറ നില മെച്ചപ്പെടുത്തി. ഡോളറുമായുള്ള വിനിമയത്തിൽ ഈ വർഷം 45% വിലത്തകർച്ചയുണ്ടായ ലീറ ഇന്നലെ നാലു ശതമാനം നേട്ടമുണ്ടാക്കി. പണലഭ്യത ഉറപ്പാക്കുമെന്നും ബാങ്കുകളുടെ കരുതൽ ശേഖര പര്യാപ്തതയിൽ ഇളവ് അനുവദിക്കുമെന്നും തുർക്കിയിലെ കേന്ദ്രബാങ്ക് അറിയിച്ചതാണു ലീറയ്ക്കു കുറച്ചെങ്കിലും തുണയായത്. ലീറയുടെ നില മെച്ചപ്പെട്ടതിനെ തുടർന്നു മറ്റു രാജ്യങ്ങളിലെ കറൻസികളുടെ നിലയും അൽപം മെച്ചപ്പെടുകയായിരുന്നു.

തുർക്കിയിലെ സാമ്പത്തിക പ്രതിസന്ധി അവസാനിക്കുകയോ അതിനെ ഒറ്റപ്പെട്ട സംഭവമായി മറ്റു വിപണികൾ പരിഗണിക്കുയോ ചെയ്യുന്നതുവരെ നിക്ഷേപകർ യുഎസ് ഡോളറിന്റെയും ജാപ്പനീസ് യെന്നിന്റെയും പിന്നാലെ പോകുമെന്നാണു കറൻസി അനലിസ്റ്റുകളിൽ ചിലരുടെ അഭിപ്രായം.

രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വർധിച്ചേക്കുമെന്ന ആശങ്കയുടെ നിഴലിലാണു രൂപ. സൗദി അറേബ്യ എണ്ണ ഉൽപാദനത്തിൽ ദിവസം 2,00,000 ബാരലിന്റെ കുറവു വരുത്തിയതായുള്ള റിപ്പോർട്ട് എണ്ണ ഉൽപാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിരീകരണം വന്നതിനു തൊട്ടുപിന്നാലെ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ അവധി വില 0.3% ഉയർന്ന് 72.81 ഡോളറിലെത്തി. എണ്ണവിലയിലെ ഉയർച്ച ഇന്ത്യയുടെ ഇറക്കുമതിച്ചെലവു വർധിപ്പിക്കും. അതു കറന്റ് അക്കൗണ്ട് കമ്മി കൂടാനും ഇടയാക്കും. 

രൂപയുടെ വൻ തകർച്ച കഴിഞ്ഞ ദിവസം ഓഹരിവിലകളിലും പ്രതിഫലിച്ചെങ്കിലും ഇന്നലെ വിപണി ഉയർച്ചയുടെ പാതയിലായിരുന്നു. നാണ്യപ്പെരുപ്പ നിരക്കിന്റെ നില മെച്ചപ്പെട്ടതാണു വിപണിക്ക് ആശ്വാസമായത്. 

ഗൾഫിന് നേട്ടം

രൂപയുടെ ഇടിവു തുടരുന്നതിനിടെ വിനിമയനിരക്കിൽ കുതിച്ചുകയറി ഗൾഫ് കറൻസി. കുവൈത്ത് ദിനാർ – 230.70 രൂപ, ഖത്തർ റിയാൽ – 19.02 രൂപ, യുഎഇ ദിർഹം – 19.06രൂപ, ബഹ്റൈൻ ദിനാർ – 186.18 രൂപ, ഒമാൻ റിയാൽ – 182.06 രൂപ, സൗദി റിയാൽ – 18.67 എന്നിങ്ങനെയായിരുന്നു ഇന്നലത്തെ പരമാവധി നിരക്ക്. തുടർച്ചയായ രണ്ടാംദിവസവും ഇന്ത്യയിലേക്കുള്ള പണമിടപാടു തോത് വർധിപ്പിച്ചതായി കുവൈത്തിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അറിയിച്ചു. അവധിക്കാലം ആയതിനാൽ പ്രവാസികൾ ഏറെയും സ്വദേശത്താണ്. ശമ്പളസമയവും അല്ല. എന്നിട്ടും കഴിഞ്ഞ ദിവസങ്ങളിൽ സാധാരണയിലേതിനെക്കാൾ ഇരട്ടിത്തുകയാണ് ഇന്ത്യയിലേക്കു കുവൈത്തിലെ മണി എക്സ്ചേഞ്ചുകൾ വഴി പോയത്. വൻ‌തുക അയയ്ക്കുന്നവരുടെ എണ്ണത്തിലായിരുന്നു വർധന. 

മൂല്യത്തകർച്ച: ആശങ്കപ്പെടേണ്ടെന്ന് സർക്കാർ 

ന്യൂഡൽഹി ∙ രൂപയുടെ മൂല്യത്തകർച്ചയ്ക്കു പിന്നിൽ ബാഹ്യ ഘടകങ്ങളാണെന്നും ഇക്കാര്യത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സർക്കാർ. കയറ്റുമതിയെക്കാൾ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമെന്ന നിലയിൽ രൂപയുടെ മൂല്യമിടിയുന്നത് ഇന്ത്യയെ സാരമായി ബാധിക്കുമെന്ന ആശങ്കകൾക്കിടയിലാണ് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് വിശദീകരണവുമായി രംഗത്തെത്തിയത്. 

ഇറക്കുമതിച്ചെലവു കൂടുന്നത് രാജ്യത്തിന്റെ വ്യാപാരക്കമ്മി കൂടാൻ ഇടയാക്കുമെന്നതാണ് പൊതുവിലുയർന്ന ആശങ്ക. എന്നാൽ, തുർക്കിയിലെ സാമ്പത്തിക മാന്ദ്യം ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുമോയെന്ന ആശങ്കയാണ് വികസ്വര രാജ്യങ്ങളിൽ കറൻസികളുടെ മൂല്യത്തകർച്ചയ്ക്ക് ഇടയാക്കിയത്. ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നു സർക്കാർ വിശദീകരിച്ചു.