Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: 1200 കോടിയുടെ ക്ലെയിമിന് ഇൻഷുറൻസ് അപേക്ഷകൾ

Insurance policy

തിരുവനന്തപുരം∙ പ്രളയബാധിത പ്രദേശത്തു നാശനഷ്ടങ്ങൾക്ക് 1200 കോടി രൂപയുടെ ക്ലെയിമിനായി 11,500 അപേക്ഷകൾ ലഭിച്ചെന്നു യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി മാനേജിങ് ഡയറക്ടർ വിജയ് ശ്രീനിവാസ്.  യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, നാഷനൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷ്വറൻസ്, ഓറിയന്റൽ ഇൻഷുറൻസ് എന്നീ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കാണ് ഇത്രയും അപേക്ഷകൾ ലഭിച്ചത്. സ്വകാര്യ കമ്പനികൾക്കു ലഭിച്ച ക്ലെയിം അപേക്ഷകളെക്കുറിച്ചു വിവരം ലഭ്യമല്ല.

വെള്ളപ്പൊക്കത്തെ തുടർന്നു ക്യാംപുകളിൽ കഴിയുന്നതിനാൽ ഒട്ടേറെപ്പേർക്ക് അപേക്ഷിക്കാനായില്ല. അപേക്ഷിക്കാനുള്ള സമയപരിധി വ്യക്തികൾക്കു സെപ്റ്റംബർ 30 വരെയും മറ്റുള്ളവയ്ക്കു 15 വരെയും ദീർഘിപ്പിച്ചിട്ടുണ്ട്. യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയും ജീവനക്കാരും ചേർന്നു രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തുവെന്നു ഡപ്യൂട്ടി ജനറൽ മാനേജർ ടി.കെ.ഹരിദാസൻ പറഞ്ഞു.

ഇളവുകൾ

∙ വളർത്തുമൃഗങ്ങളുടെ ഇൻഷുറൻസ് തുക ലഭിക്കാൻ ടാഗ് ഹാജരാക്കേണ്ടതില്ല. തദ്ദേശസ്ഥാപനങ്ങളിൽ നിന്നോ വില്ലേജ് ഓഫിസിൽനിന്നോ ലഭിക്കുന്ന സർട്ടിഫിക്കറ്റ് മതിയാകും.

∙ വ്യക്തിഗത ഇൻഷുറൻസ് ക്ലെയിമിനു പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യമില്ല. 

∙ഇരുചക്ര വാഹനങ്ങൾ വൃത്തിയാക്കുക, ബാറ്ററി മാറ്റുക, ഓയിൽ/സ്പാർക്ക് പ്ലഗ് മാറ്റുക, ബ്രേക്കും ക്ലച്ചും വൃത്തിയാക്കുക എന്നിവയ്ക്ക് 3500 രൂപ വരെ ഉടൻ നൽകും.

∙ വീടുകൾക്കും കടകൾക്കും ഉണ്ടായ നഷ്ടത്തെക്കുറിച്ചു വേഗത്തിൽ റിപ്പോർട്ട് നൽകാൻ സർവേയർമാർക്കു നിർദേശം. 

∙ വീടുകൾക്ക് ഒരു ലക്ഷം രൂപവരെയും കടകൾക്ക് അഞ്ചുലക്ഷം രൂപവരെയുമുള്ള ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കും.