Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയെ മറികടന്ന വളർച്ചാനിരക്ക്

GDP Growth

ന്യൂഡൽഹി ∙സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ചൈനയെ മറികടന്നു. ഏപ്രിൽ– ജൂൺ ത്രൈമാസത്തിൽ ചൈന 6.7% വളർച്ച നേടിയപ്പോഴാണ് ഇന്ത്യ 8.2% വളർന്നത്.  അതേസമയം, കഴിഞ്ഞ വർഷം ഏപ്രിൽ –ജൂൺ കാലയളവിൽ സാമ്പത്തികവളർച്ച മന്ദഗതിയിലായിരുന്നതാണ് ഇപ്പോൾ അക്കാലവുമായി താരതമ്യപ്പെടുത്തുമ്പോൾ വൻ കുതിപ്പു രേഖപ്പെടുത്താൻ ഒരു കാരണമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. ജിഎസ്ടി നിലവിൽവരുന്നതിനു തൊട്ടുമുൻപുള്ള മാസങ്ങളായിരുന്നതിനാൽ 2017 ഏപ്രിൽ–ജൂൺ കാലയളവിൽ വ്യാവസായിക ഉൽപാദനവും വാണിജ്യ പ്രവർത്തനങ്ങളും താരതമ്യേന കുറവായിരുന്നു. അത്തവണ രേഖപ്പെടുത്തിയത് 5.6% വളർച്ച മാത്രം.

നോട്ട് നിരോധനത്തിന്റെയും ജിഎസ്ടി അവതരിപ്പിച്ചതിന്റെയും ഭാഗമായുണ്ടായ ക്ഷീണം മറികടക്കാൻ വിവിധ മേഖലകൾക്കു കഴിഞ്ഞതിന്റെയും തെളിവാണ് ഇപ്പോഴത്തെ വളർച്ച. വ്യവസായ –കാർഷികരംഗങ്ങളിൽ മികച്ച ഉണർവ് ദൃശ്യം.. 13.5% വളർച്ചയാണ് വ്യവസായരംഗത്ത് മുൻകൊല്ലം ഇതേകാലത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ. 2016 ഏപ്രിൽ–ജൂൺ ത്രൈമാസവുമായി താരതമ്യപ്പെടുത്തുമ്പോൾ 1.8% ഇടിവായിരുന്നു 2017ൽ. കാർഷിക രംഗത്തു വർച്ച ഇക്കുറി 5.3%ആയി. കഴിഞ്ഞ വർഷം ഇതേ സമയത്ത് 3% ആയിരുന്നു.

സാമ്പത്തിക വിദഗ്ദ്ധർ പ്രവചിച്ചിരുന്നത് 2018–19 ആദ്യ പാദത്തിൽ 7.5 മുതൽ 7.6 വരെ ശതമാനം വളർച്ച ലഭിക്കും എന്നായിരുന്നു. 2015–16 അവസാനപാദത്തിൽ 9.2% വളർച്ച രേഖപ്പെടുത്തിയതിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോഴത്തേത്. മൊത്തം ആഭ്യന്തര ഉൽപന്നം (ജിഡിപി) 8.2% വളർന്നപ്പോൾ നികുതി ഒഴിവാക്കിയുള്ള കണക്കായ ഗ്രോസ് വാല്യുആഡഡ് (ജിവിഎ) 8% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കൊല്ലം ജനുവരി–മാർച്ച് പാദത്തിലെ വളർച്ച 7.7% ആണ്.

ഇക്കുറി ഏഴു ശതമാനത്തിലേറെ വളർയഉൽപ്പാദനം, വൈദ്യുതി, വാതകം, ജലവിതരണവും ബന്ധപ്പെട്ട സേവനങ്ങളും, കെട്ടിട നിർമ്മാണം, പൊതുഭരണം, പ്രതിരോധം മറ്റു സേവനങ്ങൾ എന്നിവയാണ്. വ്യാപാരം, ഹോട്ടൽ, ഗതാഗതം, വാർത്താവിനിമയം തുടങ്ങിയ മേഖലകൾ 6.7 ശതമാനവും കൃഷി, വനവൽക്കരണം, മത്സ്യബന്ധനം എന്നിവ 5.3 ശതമാനവും ധനകാര്യം, റിയൽ എസ്റ്റേറ്റ്, പ്രഫഷണൽ സേവനങ്ങൾ എന്നിവ 6.5 ശതമാനം വളർച്ച നേടി. തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സർക്കാരിന് തികച്ചും ആത്മവിശ്വാസം പകരുന്ന വളർച്ചാ നിരക്കാണിത്.
അഞ്ചാം സ്ഥാനത്തേക്ക്

സമ്പദ്‌വ്യവസ്ഥയുടെ വലുപ്പത്തിൽ ഇന്ത്യ(ജിഡിപി 2.6 ലക്ഷം കോടി ഡോളർ= 178 ലക്ഷം കോടി രൂപ)കഴിഞ്ഞ വർഷം ഫ്രാൻ‌സിനെ (2.58 ലക്ഷം കോടി ഡോളർ) പിന്നിലാക്കി ലോകത്തെ ആറാമത്തെ വലിയ ശക്തിയായിരുന്നു. വൈകാതെ ബ്രിട്ടനെയും (2.62 ലക്ഷം കോടി ഡോളർ)പിന്തള്ളാൻ ഇന്ത്യയ്ക്കാകുമെന്നാണു വിലയിരുത്തൽ.