Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോളർ വാഴുമ്പോൾ രൂപ വീഴുന്നു

dollar-rupee

കൊച്ചി ∙ പെട്രോളിയം വില ഉയരുകയും ഡോളർ ശക്തമാവുകയും രൂപ വീഴുകയും ചെയ്യുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കാകെ അശുഭ സൂചന. പക്ഷേ ഐടി, ഫാർമ, ടെക്സ്റ്റൈൽ തുടങ്ങിയ പ്രധാന കയറ്റുമതി മേഖലകൾക്കു ഡോളർ ശക്തി ഗുണകരവുമാണ്. വിദേശികൾക്ക് ഇന്ത്യയിലേക്കു വരാനുള്ള ചെലവു കുറയുമെന്നതിനാൽ ടൂറിസത്തിനും നേട്ടം. വിദേശ ഇന്ത്യക്കാരുടെ വരുമാനവും സമ്പാദ്യവും വർധിക്കും.

അമേരിക്കൻ സമ്പദ് വ്യവസ്ഥ കഴിഞ്ഞ രണ്ടു പാദങ്ങളിലായി 4.2% വളർച്ചാ നിരക്കു നേടിയിരിക്കുകയാണ്. 19 ലക്ഷം കോടി ഡോളർ വലുപ്പമുള്ള സമ്പദ് വ്യവസ്ഥ ഇത്ര വേഗം വളരുന്നതുകണ്ട് ലോകമാകെനിന്ന് ഡോളർ മൂലധനം അമേരിക്കയിലേക്കു തിരിച്ചുപോകുന്നതാണു ഡോളറിനെ ശക്തമാക്കുന്നത്. അമേരിക്കയിൽ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ വർധിപ്പിച്ചതും ഇനിയും വർധിപ്പിക്കുമെന്ന പ്രതീക്ഷയും ഡോളർ തിരിച്ചുപോക്കിനു കാരണമാണ്.

rupee-dollar-impact

പെട്രോളിയം വില കൂടുന്നതാണു രൂപ ദുർബലമാവാനുള്ള പ്രധാന കാരണം. എണ്ണവില 77 ഡോളർ കവിഞ്ഞതിനാൽ പെട്രോളിയം വാങ്ങാൻ ഇന്ത്യയ്ക്ക് കൂടുതൽ ഡോളർ ചെലവഴിക്കേണ്ടി വരുന്നതും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ദൗർബല്യം മുന്നിൽ കണ്ട് ഓഹരി വിപണിയിലെ വിദേശ നിക്ഷേപകർ അവരുടെ നിക്ഷേപം പിൻവലിക്കുന്നതും രൂപ ദുർബലമാക്കാൻ ഇടയാക്കുന്നു.

ആഭ്യന്തര വിപണിയിലും പെട്രോൾ, ഡീസൽ വില ഉയരുകയാണ്. അതനുസരിച്ച് ഗതാഗതച്ചെലവു കൂടുന്നു. അരിയും പച്ചക്കറിയും ഉൾപ്പെടെ സർവ സാധനങ്ങൾക്കും വില കയറും. വിലക്കയറ്റം വരുന്നതോടെ റിസർവ് ബാങ്ക് പലിശ നിരക്ക് വർധിപ്പിക്കും. വായ്പാ ചെലവു കൂടുന്നത് രാജ്യത്തെ വ്യാവസായികോൽപാദനത്തെ പിറകോട്ടടിക്കും. ഒന്ന് മറ്റൊന്നിന്റെ തളർച്ചയ്ക്കു കാരണമാവുന്ന സാഹചര്യം. ചുരുക്കത്തിൽ സാമ്പത്തിക വളർച്ചയെത്തന്നെ സാരമായി ബാധിക്കുന്നതാണ് പെട്രോളിയം വില വർധനയും രൂപയുടെ വിലയിടിവും.

ഇന്ത്യയ്ക്ക് ഇറക്കുമതിച്ചെലവു കൂടുതലും കയറ്റുമതിയിൽ നിന്നുള്ള വരുമാനം കുറവുമാണ്. ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള വിടവ് വർധിക്കുന്നു. നിലവിൽ ആഭ്യന്തര ഉൽപാദനത്തിന്റെ 2% വരെയാണ് കറന്റ് അക്കൗണ്ടിലെ കമ്മി. (സിഎഡി). എണ്ണവില വർധിക്കുമ്പോൾ ഈ കമ്മിയും വർധിക്കുന്നു. നിലവിൽ 1700 കോടി ഡോളറാണ് മാസം വാണിജ്യ കമ്മി. വർഷം 20000 കോടി ഡോളറിലേറെ. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങളുടെ ഇറക്കുമതിച്ചെലവ് വർഷംതോറും 25% കണ്ട് വർധിക്കുകയുമാണ്. സ്വർണ ഇറക്കുമതിയുടെ ചെലവും കൂടുന്നു.

എന്നാൽ ഐടി, ഫാർമ, ടെക്സ്റ്റൈൽ കയറ്റുമതി മേഖലകളിൽ ഇന്ത്യ ശക്തമാണ്. ഇന്ത്യൻ തുണിത്തരങ്ങൾ‍ക്ക് വിദേശത്തു വില കുറയുമെന്നതിനാൽ കയറ്റുമതി കൂടും. ഇന്ത്യൻ മരുന്നുകൾക്കും വിദേശത്തു വില കുറയും. ഫാർമയിൽ നിന്ന് 2000 കോടി ഡോളറും ഐടി കയറ്റുമതിയിൽ നിന്നു 16000 കോടി ഡോളറും വരുമാനമായി  ലഭിക്കുന്നത് ഡോളർ മൂല്യം കൂടിയ പശ്ചാത്തലത്തിൽ ഇനിയും വർധിക്കും. 

ഇന്ത്യയിൽ വിനോദ സഞ്ചാരത്തിനു വിദേശികൾക്കു ചെലവു കുറയും. അതിലേറെ വിദേശ മലയാളികളുടെ വരുമാനത്തിലെ  വർധന കേരളത്തിനു നേട്ടമാണ്. ഒമാനിൽ 2013ൽ റിയാലിന് 142 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 189 രൂപയാണ്. ആയിരം ഓമാനി റിയാൽ ശമ്പളം കിട്ടുന്നയാൾക്കു ശമ്പളം വർധിക്കാതെ തന്നെ വരുമാനത്തിൽ 47000 രൂപ വർധനയുണ്ടായി. അതനുസരിച്ച് ബാങ്കുകളിലെ വിദേശ പണം വരവിലും വൻ വർധനയുണ്ടാവും.