Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശീലങ്ങൾ മാറും കാലം

Author Details
x-default, Life x-default

കല്യാണം കഴിച്ചാലുടൻ വീടു വയ്ക്കാൻ നോക്കുന്ന തലമുറയുണ്ടായിരുന്നു നാട്ടിലാകെ. കിട്ടാവുന്നിടത്തുന്നെല്ലാം കടമെടുത്തും വീട്ടുകാരുടെ സഹായത്തോടെയും വീടു പണിതു തീർത്താലേ സമാധാനമാകൂ. പോസ്റ്റ് പ്രളയകാലത്ത് ആ ചിന്താഗതിയിൽ മാറ്റം വരുന്നു. ജനറേഷൻ വൈ അഥവാ മില്ലെനിയൽസ് എന്ന പുതിയ നൂറ്റാണ്ടിലെ പിള്ളാരുടെ മനോഭാവം തന്നെ വീടു വയ്പിനെതിരാണ്.

ആഴ്ചകളായി ദുരിതാശ്വാസ കലക്‌ഷൻ സെന്ററുകൾ ഈ പിള്ളാരുടെ വിഹാരകേന്ദ്രങ്ങളായിരുന്നു. ആൺ,പെൺ വ്യത്യാസമില്ലാതെ പാതിരാ കഴിഞ്ഞും പണിയെടുത്തു. ഇവരുടെ ശീലങ്ങൾ യുവതലമുറയെ നോട്ടമിടുന്ന ബിസിനസുകളെല്ലാം നോക്കി വയ്ക്കുന്നുണ്ട്. അവർക്കു കോളാണ് ഇവരുടെ ശീലങ്ങൾ.

ആരും സമ്പാദിക്കാൻ താൽപ്പര്യം കാണിക്കുന്നില്ല. ചെലവാക്കാനാണു നോട്ടം. കയ്യിലൊരു ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് മാത്രമേ കാണൂ. ശകലം പെട്രോൾ അടിച്ചാലും കാർഡ് കൊടുക്കും. അതിന്റെ കാലതാമസം കണ്ട് പിറകെ നിൽക്കുന്ന വയസൻ വണ്ടിക്കാർക്കു കലി വരും. സൂപ്പർമാർക്കറ്റിൽ ചെന്നു പച്ചക്കറി വാങ്ങിയാലും കാർഡ്. ഡിജിറ്റൽ തലമുറയല്ലേ! സകലതും ക്രെഡിറ്റിൽ വാങ്ങാൻ ശ്രമിക്കും. നാളെയെക്കുറിച്ചു ചിന്തയില്ല. കാശ് ഇന്നു  വരും നാളെ പോകും സ്നേഹമല്ലേ ചേട്ടാ വലുത് എന്നു ചോദിക്കില്ലെങ്കിലും ഏതാണ്ടങ്ങനെ തന്നെയാകുന്നു.

സദാസമയവും ട്രാവൽ ആകുന്നു പ്രധാന പരിപാടി. നിന്ന നിൽപ്പിൽ ബൈക്കോ കാറോ എടുത്ത് സ്ഥലം വിട്ടുകളയും. ചെറിയൊരു ഷോൾഡർ ബാഗ് മതി ലഡാക്ക് വരെ പോയി വരാൻ. ജീൻസ് കഴുകിയിട്ട് എത്രകാലമായിക്കാണുമെന്ന് മധ്യവയസ്ക്കർ മനസിൽ ആലോചിക്കും. ഈ സ്വഭാവം മുതലെടുക്കാൻ ട്രാവൽ ആപുകളും പ്രത്യേക പാക്കേജുകളൊരുക്കുന്ന ടൂർ ഓപ്പറേറ്റർമാരും എയർബിഎൻബിയും ഓയോ ഹോട്ടലുകാരുമെല്ലാം റെഡിയാണ്. പഴയ വ്യവസ്ഥാപിത ഹോട്ടലുകാരുടെ ഡിന്നറിൽ അവർ മണ്ണുവാരിയിടുന്നുമുണ്ട്. 

സ്വന്തമായി വാഹനം വാങ്ങാതെ ഓൺലൈൻ ടാക്സികളെ ആശ്രയിക്കുന്നവരുമുണ്ട്. അവർക്ക് തീറ്റയെന്നാൽ ഓൺലൈൻ ഓർഡറുകളാണ്. ചക്കയരക്ക് പീറ്റ്സയോ ചൈനീസോ വാങ്ങിക്കഴിച്ച് ചുരുണ്ടുകൂടും.

 പക്ഷേ അവർക്കു ജോലിയും വരുമാനവുമുണ്ട്. അതിനാൽ നിക്ഷേപം നടത്തുന്നു. മ്യൂച്വൽ ഫണ്ടിലോ ഓഹരിയിലോ നിക്ഷേപിക്കും. പഴയ തലമുറക്കാരെപ്പോലെ വീടു വച്ച കടം തീർക്കാൻ മാസാമാസം പണം അടച്ച് ബാക്കി വല്ലതുമുണ്ടെങ്കിൽ പിഎഫിലും ബാങ്കിൽ എഫ്ഡിയിലും ഇട്ട് അതിന്റെ മൂന്നിലൊന്ന് ടാക്സും കൊടുത്ത് അനങ്ങാതിരിക്കുന്ന സ്വഭാവമല്ല. മ്യൂച്വൽ ഫണ്ടുകൾ ഇങ്ങനെ വളർന്നു കേറിയതിനു പിന്നിൽ ഇതേ തലമുറയാണ്.

കാശ് തുണിത്തരങ്ങളിലും ഇലക്ട്രോണിക് സാധനങ്ങളിലും മറ്റും ചെലവാക്കുന്നുമുണ്ട്. മൊബൈൽ ഫോണുകളുടെ ചൂടപ്പം പോലുള്ള കച്ചവടം പിന്നെങ്ങനെയാണെന്നാ? ഓൺലൈൻ ഷോപ്പിങ്ങിന്റെ ഉസ്താദുമാരാണ്.

ഒരു ജോലിയിലും ഉറച്ചു നിൽക്കില്ല.  ചാടിച്ചാടി പോകും. ഒരു സ്ഥലത്ത് പരമാവധി അഞ്ചു വർഷത്തിൽ കൂടുതൽ നിൽക്കുന്നത് അവർക്കു നാണക്കേടാണത്രെ. പക്ഷേ സ്വന്തം ആശയങ്ങളും ആദർശങ്ങളുമുണ്ട്. ജനറേഷൻ വൈയുടെ പെർഫോമൻസ് കൊള്ളാമെന്ന് കമ്പനികളിലെ എച്ച്ആറുകാർ പറയുന്നു.

ഏതെങ്കിലും ബാങ്ക് ബ്രാഞ്ചിൽ പോയി നോക്കൂ. കാശെടുക്കാനോ ഇടാനോ വരുന്നവർ ഭൂരിപക്ഷവും മധ്യവയസ് കഴിഞ്ഞവരാണ്. ജനറേഷൻ വൈ മൊബൈലിൽ കുത്തി കാര്യം സാധിക്കുന്നു.

ഒടുവിലാൻ∙ തുണിക്കടയിൽ പോയി ടീ ഷർട്ട് ഇട്ടു നോക്കിയും ചെരിപ്പ് കടയിൽ പോയി ഷൂസ് ഇട്ടു നോക്കിയും ചേരുന്ന സൈസ് കണ്ടുപിടിച്ചിട്ട് സ്ഥലംവിടും. വീട്ടിലെത്തിയിട്ട് അതേ സൈസ് ഓൺലൈനിൽ ഓർഡർ ചെയ്യും. പാതിരായ്ക്കായാലും ഓൺലൈനിൽ വില കുറഞ്ഞു വരുന്ന സമയത്ത് ചാടിപ്പിടിക്കും.