Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളപ്പൊക്കത്തിൽ സ്ഥാപനം അടഞ്ഞുകിടന്നപ്പോൾ വേതനം നൽകേണ്ടതുണ്ടോ?

ഈയിടെ ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് എൺപതോളം തൊഴിലാളികളുള്ള ഞങ്ങളുടെ ഫാക്ടറി ഒരാഴ്ചയോളം പൂട്ടിക്കിടന്നു. യൂണിയൻ ആ ദിവസങ്ങളിലേക്കും മുഴുവൻ വേതനം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവശം അറിഞ്ഞാൽ കൊള്ളാം.

തൊഴിൽ തർക്കം നിയമത്തിലെ വകുപ്പ് 2 (കെകെകെ) പ്രകാരം കൽക്കരി, ഉൗർജം, അസം‌സ്കൃത സാധനങ്ങൾ എന്നിവയുടെ ദൗർലഭ്യം, ഉൽപന്നം കുമിഞ്ഞുകൂടുന്നത്, യന്ത്രത്തകരാർ, പ്രകൃതിക്ഷോഭം, എന്നിവ മൂലമോ അനുബന്ധ കാരണങ്ങൾ കൊണ്ടോ തന്റെ സ്ഥാപനത്തിലെ തൊഴിലാളികൾക്കു ജോലി നൽകാൻ തൊഴിലുടമയ്ക്കു കഴിയാതെ വന്നാൽ അവരെ ലേ ഓഫ് ചെയ്യാവുന്നതാണ്. ഫാക്ടറികൾ, ഖനികൾ, പ്ലാന്റേഷൻ എന്നീ സ്ഥാപനങ്ങൾക്കു മാത്രമേ ലേ ഓഫ് വ്യവസ്ഥകൾ ബാധകമാകുകയുള്ളൂ. അതും തൊട്ടുമുമ്പുള്ള മാസത്തിൽ ശരാശരി 50 തൊഴിലാളികളെങ്കിലും ജോലിക്കുണ്ടായാൽ മാത്രം. അത്തരം സ്ഥാപനങ്ങളിൽ ലേ ഓഫിന് തൊട്ടുമുമ്പുള്ള 12 മാസ കാലയളവിൽ 240 ദിവസം സേവനം ചെയ്തവർ മാത്രമേ ലേ ഓഫ് നിയമത്തിന്റെ പരിധിയിൽ വരികയുള്ളു. 240 ദിവസത്തെ സേവന കാലം കണക്കാക്കുമ്പോൾ നിയമാനുസൃതമായ അവധികൾ, പണിമുടക്കുകാലം, ലോക്കൗട്ട് കാലം, ലേ ഓഫ് കാലം, എന്നിവ സേവന കാലമായി കണക്കാക്കേണ്ടതാണ്.

ലേ ഓഫ് വേതനം എന്നു പറയുന്നത്, തൊഴിലാളിയുടെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 50% തുകയിൽ നിന്നും ലേ ഓഫ് കാലത്തിൽ ഉൾപ്പെട്ട വീക്‌ലി ഹോളിഡേയ്സിനുള്ള വേതനം കുറവു ചെയ്തതാണെന്ന് വകുപ്പ് 25 സി വ്യക്തമാക്കുന്നുണ്ട്. നിശ്ചിത സമയത്തു ജോലിക്കു ഹാജരായ ഒരു തൊഴിലാളിക്ക് രണ്ടു മണിക്കൂറിനുള്ളിൽ ജോലി നല്കിയില്ലെങ്കിൽ ആ തൊഴിലാളിയെ ഒരു ദിവസം ലേ ഓഫ് ചെയ്തതായി കണക്കാക്കേണ്ടതാണ്. എന്നാൽ ആ തൊഴിലാളിയോട് ഷിഫ്റ്റിന്റെ രണ്ടാം പകുതിയിൽ ജോലിക്ക് ഹാജരാകാൻ ആവശ്യപ്പെടുകയും അപ്രകാരം അയാൾ രണ്ടാം പകുതിയിൽ ജോലിക്ക് ഹാജരായെങ്കിലും ജോലി നൽകാതിരിക്കുകയുമാണെങ്കിൽ അയാൾക്ക് രണ്ടാം പകുതിയിലെ മുഴുവൻ വേതനത്തിനും അർഹതയുണ്ടാകും.  ശരാശരി നൂറോ അതിൽ കൂടുതലോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ലേ ഓഫ് പ്രഖ്യാപിക്കുന്നതിനു മുൻപു സർക്കാരിന്റെ മുൻകൂർ അനുവാദം വാങ്ങേണ്ടതാണ്. അനുവാദം തേടിയുള്ള അപേക്ഷ സർക്കാരിന് സമർപ്പിച്ച് 60 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട അധികാരിയിൽ നിന്നും ഉത്തരവുകളൊന്നും ലഭിക്കുന്നില്ലെങ്കിൽ ലേ ഓഫിനുള്ള അനുവാദം ലഭിച്ചതായി കണക്കാക്കാവുന്നതാണ്.

അവസാനത്തെ 12 മാസ കാലയളവിൽ ശരാശരി 100ൽ കുറവ് തൊഴിലാളികൾ ജോലി ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്ക് താഴെപ്പറയുന്ന വ്യവസ്ഥകൾ ബാധകമാണ്. ലേ ഓഫ് ചെയ്യപ്പെട്ട തൊഴിലാളിക്ക് തൊഴിലുടമ തന്റെ തന്നെ നിയന്ത്രണത്തിലുള്ളതും 5 കി.മീ. ചുറ്റളവിനുള്ളിൽ സ്ഥിതി ചെയ്യുന്നതുമായ മറ്റ് ഏതെങ്കിലും സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്യുക, ലേ ഓഫ് ചെയ്യപ്പെട്ട തൊഴിലാളി നിശ്ചിത സമയത്ത് ഹാജർ രേഖപ്പെടുത്തുവാൻ വരാതിരിക്കുക, സ്ഥാപനത്തിലെ തന്നെ ഏതെങ്കിലും വിഭാഗം തൊഴിലാളികളുടെ പണിമുടക്ക് മൂലമോ മെല്ലെപ്പോക്ക് സമരം മൂലമോ സ്ഥാപനത്തിൽ ലേ ഓഫ് പ്രഖ്യാപിക്കേണ്ടി വരിക എന്നീ സാഹചര്യങ്ങളിൽ ലേ ഓഫ് വേതനം നിരസിക്കാം.

നിയമന കരാറിലോ മറ്റോ വ്യവസ്ഥയുണ്ടെങ്കിൽ ലേ ഓഫ് കാലയളവ് 45 ദിവസം പിന്നിടുന്ന പക്ഷം ലേ ഓഫ് വേതനം തുടർന്ന് നൽകുന്നത് നിർത്തലാക്കാവുന്നതാണ് എന്ന് മാത്രമല്ല ലേ ഓഫ് ചെയ്യപ്പെട്ട തൊഴിലാളികളെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് പിരിച്ചുവിടാവുന്നതുമാണ്. അപ്രകാരം പിരിച്ചുവിടുമ്പോൾ അവസാന 12 മാസ കാലയളവിൽ ലേ ഓഫ് വേതനമായി നൽകിയ തുക മുഴുവൻ തൊഴിലാളികൾക്ക് നൽകേണ്ടതായ റിട്രഞ്ച്മെന്റ് കോംപൻസേഷൻ തുകയിൽനിന്നു കുറവ് ചെയ്യാവുന്നതും ആണ്. മുകളിൽ കൊടുത്ത വിശദീകരണത്തിൽ നിന്നും പ്രകൃതിദുരന്തം മൂലം പ്രവർത്തന രഹിതമായ നിങ്ങളുടെ ഫാക്ടറിയിലെ തൊഴിലാളികൾക്ക് ലേ ഓഫ് വേതനം മാത്രം നൽകിയാൽ മതി എന്നു കാണാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.