Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനത്തിനു ജിഎസ്ടി: എതിർപ്പ് നികുതി നഷ്ടപ്പെടുമെന്നു ഭയന്ന്

Goods and Services Tax - GST

തിരുവനന്തപുരം∙ ഇന്ധന നികുതിയെ ജിഎസ്ടിയിൽ‌ ഉൾപ്പെടുത്താൻ സംസ്ഥാനം വിസമ്മതിക്കുന്നതിനു കാരണം നികുതി വരുമാനം വൻതോതിൽ കുറയുമെന്ന ആശങ്ക. 

എന്നാൽ, പെട്രോളിനും ഡീസലിനും ജിഎസ്ടി ഏർപ്പെടുത്തുന്നതിനെ സംസ്ഥാനങ്ങൾ എതിർക്കുന്നുവെന്നു കുറ്റപ്പെടുത്തുന്ന കേന്ദ്ര സർക്കാരിനും ഇപ്പോഴുള്ള നികുതി സംവിധാനം പരിഷ്കരിക്കുന്നതിൽ വലിയ താൽപര്യമില്ല.

ഇന്ധനവില കുറയ്ക്കാൻ കേന്ദ്രം ആത്മാർഥമായി ആഗ്രഹിച്ചിരുന്നെങ്കിൽ ജിഎസ്ടി ഏർപ്പെടുത്തുന്ന കാര്യം ഒരിക്കലെങ്കിലും ജിഎസ്ടി കൗൺസിലിൽ അവതരിപ്പിക്കുമായിരുന്നെന്നു ധനവകുപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഫലത്തിൽ ഇപ്പോൾ നികുതി വരുമാനമായി ലഭിക്കുന്ന കോടികളിൽ കുറച്ചെങ്കിലും വേണ്ടെന്നുവയ്ക്കാനുള്ള കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും മടിയാണു ജനങ്ങൾക്ക് അടിയാകുന്നത്. സംസ്ഥാന സർക്കാരിന് ശരാശരി 250 കോടിയാണ് ഇന്ധന നികുതിയായി പ്രതിമാസം ലഭിക്കുന്നത്. ഡീസലിന് 22.76%, പെട്രോളിന് 30.08% വീതം നികുതി സംസ്ഥാനത്തിനു കിട്ടുന്നു.

ജിഎസ്ടി ഏർപ്പെടുത്തിയാൽ പരമാവധി നികുതി നിരക്കായ 28 ശതമാനമേ കേന്ദ്രത്തിനും സംസ്ഥാനത്തിനുമായി കിട്ടൂ. ഇതു തുല്യമായി വീതിക്കുന്നതോടെ 14% നികുതി കൊണ്ടു തൃപ്തിപ്പെടേണ്ടി വരും. ഒരു വർഷം 1000 കോടി രൂപയുടെയെങ്കിലും നികുതിനഷ്ടം ഇതുവഴി ഉണ്ടാകുമെന്നു സംസ്ഥാനം കണക്കുകൂട്ടുന്നു. ഇൗ തുക കേന്ദ്രം തരാമെന്നു സമ്മതിച്ചാൽ ഇന്ധനത്തിനു ജിഎസ്ടി ഏർപ്പെടുത്തുന്നതിനോടു സഹകരിക്കാമെന്നു മന്ത്രി തോമസ് ഐസക് തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ജിഎസ്ടി രാജ്യത്തു നടപ്പാക്കുമ്പോൾ 14% നികുതി വളർച്ച ഉണ്ടായില്ലെങ്കിൽ കുറവുള്ള തുക നഷ്ടപരിഹാരമായി കേന്ദ്രം നൽകുമെന്ന് അറിയിച്ചിരുന്നു. ഇത് ഉറപ്പാക്കാൻ നഷ്ടപരിഹാര നിയമവും പാസാക്കി. ഇന്ധനനികുതി ജിഎസ്ടിയുടെ ഭാഗമാക്കിയാൽ ഇൗ നഷ്ടപരിഹാര നിരക്കു വർധിപ്പിക്കണമെന്നും കേരളം ആവശ്യപ്പെടുന്നു. ഇതിനായി നിയമം ഭേദഗതി ചെയ്യേണ്ടിയും വരും.

ഇന്ധനത്തിനു ജിഎസ്ടി ഏർപ്പെടുത്തിയാൽ വില കുറയുമെന്നു പറയുന്നതല്ലാതെ അതിനുള്ള ഒരു നീക്കവും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ജിഎസ്ടി നടപ്പാക്കിയാൽ തന്നെ, സെസ് കൂടി ചുമത്തി വില ഉയർത്തിത്തന്നെ നിർത്താനുള്ള മാർഗങ്ങളും സർക്കാരുകൾ തേടും.