Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹർത്താൽ: ഒറ്റ ദിവസത്തെ നഷ്ടം 2000 കോടി രൂപ

harthal-sketch

കൊച്ചി ∙ ഹർത്താൽ കേരളത്തിലെ വ്യാപാര, വ്യവസായ, സേവന മേഖലകളെ പൂർണമായും തളർത്തിയപ്പോൾ ഉൽപാദന നഷ്ടം 2000 കോടി രൂപ. ഐടി, ധനകാര്യ സ്ഥാപനം പോലുള്ള ചുരുക്കം മേഖലകൾ മാത്രമാണ് പരിമിതമായെങ്കിലും പ്രവർത്തിച്ചത്. 

നഷ്ടക്കണക്കിങ്ങനെ

സർക്കാരിന്റെ  പ്രതിമാസ ശമ്പളച്ചെലവ് 2520 കോടിയാണ്. എന്നാൽ സർക്കാർ  ഓഫിസുകൾ പ്രവർത്തിക്കാതെ ജീവനക്കാർക്കു ശമ്പളം നൽകേണ്ട സ്ഥിതിയിൽ ഒരു ദിവസത്തെ വേതന നഷ്ടം 84 കോടി രൂപ. 

∙ ഈ വർഷം നികുതി വരുമാനം 46795 കോടിയാണു ലക്ഷ്യമെങ്കിലും  നികുതി നഷ്ടം ഒരു ദിവസത്തേക്ക് 128 കോടി.

∙ കൊച്ചിയിലെ കയറ്റുമതി പ്രത്യേക സാമ്പത്തിക മേഖലയിൽ ഇന്നലെ ഭൂരിപക്ഷം കമ്പനികളും പ്രവർത്തിച്ചില്ല. വർഷം 40000 കോടിയുടെ കയറ്റുമതിയാണ്  നടക്കുന്നത്. ഒരു ദിവസം ഉൽപാദനം  മുടങ്ങുമ്പോൾ നഷ്ടം 110 കോടിയിലേറെ. പ്രളയത്തിൽപ്പെട്ട് ദിവസങ്ങളോളം ഇവിടെ ഉൽപാദനം മുടങ്ങിയിരുന്നു.  

∙ ഏലൂർ വ്യവസായ മേഖലയിലെ നൂറു കണക്കിനു ചെറുകിട വ്യവസായങ്ങളും പ്രളയത്തിൽപ്പെട്ട് വൻ നഷ്ടം നേരിട്ടിരുന്നു.

∙ ലുലുമാൾ ഒരു ദിവസം അടഞ്ഞു കിടക്കുമ്പോൾ സ്ഥാപനങ്ങൾക്ക് 10 കോടിയുടെ  വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്.  

∙ സ്വർണക്കടകളിൽ ഒരു ദിവസം സംസ്ഥാനത്ത്  250 കിലോഗ്രാമിന്റെ  വിൽപനയാണു നടക്കുന്നത്. എല്ലാ കടകളും അടഞ്ഞു കിടന്നു. കിലോഗ്രാമിന് 30 ലക്ഷം രൂപ വച്ച് 75 കോടിയുടെ വരുമാന നഷ്ടം.. 

∙ ഒരു ദിവസം രണ്ടായിരത്തോളം കണ്ടെയ്നർ ലോറികളാണു വാളയാർ ചുരം കടന്നു കേരളത്തിലെത്തുന്നത്.  ഇന്നലെ പകൽ ലോറികളൊന്നും കടന്നുവന്നില്ല.

∙ വിനോദ സഞ്ചാരികൾ കുറവായതിനാൽ ഹർത്താൽ ടൂറിസത്തെ കാര്യമായി ബാധിച്ചില്ല.

∙ ഒരു ദിവസം മദ്യവിൽപന നടന്നില്ലെങ്കിൽ ബവ്കോയ്ക്ക് വരുമാന നഷ്ടം 15 കോടിയിലേറെ. അതിൽ ഭൂരിപക്ഷവും ഖജനാവിലേക്കു ലഭിക്കേണ്ട വിവിധ നികുതികളും. കെഎസ്ആർടിസിക്ക് വരുമാന നഷ്ടം ഏഴു കോടി. 

∙ കോൾഡ് സ്റ്റോറേജുകളിലും ഇറച്ചിക്കടകളിലും 30% മുതൽ 40% വരെ വിൽപന കൂടുതൽ. 

കേരളത്തിലെ ഒരു മാസത്തെ ജിഎസ്ടി വരുമാനം 2500 കോടിയാണ്. അതിനർഥം ആകെ വിൽപന മാസം 25000 കോടിയെങ്കിലും. ഒരു ദിവസം മുടങ്ങുമ്പോൾ നഷ്ടം 1100 കോടിയായി കണക്കാക്കുന്നു. സ്വകാര്യ–പൊതുമേഖലയുടെ മറ്റെല്ലാ നഷ്ടങ്ങളും ചേരുമ്പോൾ ആകെ 2000 കോടിയുടെ ഉൽപാദന, നികുതി വരുമാന, വേതന നഷ്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.